Sub Lead

അറസ്റ്റിലായ ഡോ. കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; മഥുര ജയിലിലേക്ക് മാറ്റി

വെള്ളിയാഴ്ച വൈകീട്ടാണ് ഡോ. കഫീല്‍ ഖാനെ ഇവിടെ എത്തിച്ചതെന്നും അദ്ദേഹത്തെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും സിവില്‍ ലൈന്‍സ് സര്‍ക്കിള്‍ ഓഫീസര്‍ അനില്‍ സമാനിയ പറഞ്ഞു.

അറസ്റ്റിലായ ഡോ. കഫീല്‍ ഖാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു; മഥുര ജയിലിലേക്ക് മാറ്റി
X

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധസമരത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പിന്നീട് മഥുര ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ടാണ് ഡോ. കഫീല്‍ ഖാനെ ഇവിടെ എത്തിച്ചതെന്നും അദ്ദേഹത്തെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും സിവില്‍ ലൈന്‍സ് സര്‍ക്കിള്‍ ഓഫീസര്‍ അനില്‍ സമാനിയ പറഞ്ഞു. ആദ്യം അലിഗഡ് ജയിലിലേക്ക് അയച്ച കഫീല്‍ ഖാനെ മണിക്കൂറുകള്‍ക്കകം മധുര ജയിലിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കഴിഞ്ഞ മാസം അലിഗഡില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ ഖാനെ വ്യാഴാഴ്ച ട്രാന്‍സിറ്റ് റിമാന്‍ഡ് നേടി ഉത്തര്‍പ്രദേശ് പോലിസ് അങ്ങോട്ട് എത്തിക്കുകയായിരുന്നു.

ഡിസംബര്‍ 12ന് അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധസമരത്തില്‍ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കഫീല്‍ ഖാനെ പോലിസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മുംബൈ വിമാനത്താവളത്തില്‍വച്ചായിരുന്നു കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പോലിസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ ബിഹാറില്‍ നടന്ന പ്രതിഷേധസമരത്തെ അഭിസംബോധന ചെയ്തതിനു ശേഷം മുംബൈയില്‍ നടക്കാനിരുന്ന പ്രതിഷേധസമരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കഫീല്‍ ഖാന്‍. ഇതിനിടെ വിമാനത്താവളത്തില്‍ എത്തിയ കഫീലിനെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അലിഗഡിലെ സിവില്‍ ലൈന്‍ പോലിസ് സ്‌റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കഫീലിനെ അറസ്റ്റ് ചെയ്തത്. പ്രസംഗത്തില്‍ വര്‍ഗീയത പരത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കഫീല്‍ ഖാന്‍ നടത്തിയതായാണ് പോലിസ് എഫ്‌ഐആറില്‍ പറയുന്നത്. കൂടാതെ ആര്‍എസ്എസിനെതിരേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേയും വിവാദപരമായ പരാമര്‍ശങ്ങള്‍ കഫീല്‍ ഖാന്‍ നടത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം നിലച്ച്് 60 ഓളം കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തെതുടര്‍ന്നാണ് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളില്‍ ആദ്യമയായി ഇടംപിടിച്ചത്. അന്ന് സ്വന്തം നിലയ്ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ ഇദ്ദേഹത്തെ, യോഗി സര്‍ക്കാര്‍ കള്ളക്കേസ് ചുമത്തി ജയിലില്‍ അടച്ചത് വലിയ വിവാദമായിരുന്നു. ഒമ്പതുമാസത്തെ ജയില്‍ വാസവും രണ്ടുവര്‍ഷത്തെ സസ്‌പെന്‍ഷനും അനുഭവിച്ചശേഷമാണ് കഫീല്‍ ഖാന് ക്ലീന്‍ചിറ്റ് ലഭിച്ചത്.

Next Story

RELATED STORIES

Share it