Sub Lead

ആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി; പോലിസുകാരെ കുറ്റവിമുക്തരാക്കി കോടതി

പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളും വസ്ത്രത്തില്‍ നിന്ന് ബീജവും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി നിരവധി തവണ ബലാൽസംഗത്തിന് ഇരയായിട്ടുണ്ടാകാം എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.

ആദിവാസി പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്ത് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി; പോലിസുകാരെ കുറ്റവിമുക്തരാക്കി കോടതി
X

റായ്പൂര്‍: പതിനാറുകാരിയെ കൂട്ട ബലാൽസംഗം ചെയ്ത് മാവോവാദിയാണെന്ന പേരില്‍ വെടിവെച്ചു കൊന്ന കേസില്‍ പ്രതികളായ പോലിസുകാരെ ഛത്തീസ്ഗഡ് കോടതി കുറ്റ വിമുക്തരാക്കി. പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്. 2011ല്‍ ആദിവാസി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

പോലിസുകാരായ ധരംദത് ധാനിയ, ജീവന്‍ ലാല്‍ രത്‌നാകര്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. പ്രതികള്‍ കുറ്റം ചെയ്തുവെന്ന് സംശയിക്കാവുന്നതാണ്. എന്നാല്‍ സത്യസന്ധമായ അന്വേഷണമോ ശക്തമായ തെളിവുകളോ ഇല്ലാതെ പ്രതികള്‍ പറയപ്പെടുന്ന കുറ്റം ചെയ്തുവെന്ന് കോടതിക്ക് തീരുമാനിക്കാനാകില്ല. ശിക്ഷിക്കപ്പെടണമെങ്കില്‍ ശക്തമായ തെളിവുകള്‍ ആവശ്യമാണെന്നും റായ്പൂര്‍ സെഷന്‍ ജഡ്ജ് ശോഭന ഖോഷ്ത പറഞ്ഞു.

രംദത് ധാനിയ നിലവില്‍ ദേശീയ സുരക്ഷാ സേനയിലും ജീവന്‍ ലാല്‍ രത്‌നാകര്‍ ഛത്തീസ്ഗഡ് സായുധ സേനയിലെ കോണ്‍സ്റ്റബിളുമായാണ് ജോലി ചെയ്യുന്നത്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടുംബം കേസുമായി മുന്നോട്ടുപോകില്ലെന്നും പറഞ്ഞു.

ബല്‍റാംപുര്‍ ജില്ലാ പോലിസും ഛത്തീസ്ഗഡ് സായുധ സേനയും ചേര്‍ന്ന് 2011 ജൂലൈ അഞ്ചിന് ബല്‍റാംപുര്‍ ജില്ലയിലെ ചാണ്ടോ ഗ്രാമത്തിനടുത്ത് വെച്ചാണ് 16 കാരിയായ മീന ഖാല്‍ഖൊയെ വെടിവെച്ചു കൊന്നത്. പെണ്‍കുട്ടി മാവോവാദിയാണെന്നായിരുന്നു പോലിസ് വാദം. അതേസമയം, പെണ്‍കുട്ടിയെ പോലിസ് കൂട്ടബലാൽസംഗം ചെയ്ത് കൊന്നതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളും വസ്ത്രത്തില്‍ നിന്ന് ബീജവും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി നിരവധി തവണ ബലാൽസംഗത്തിന് ഇരയായിട്ടുണ്ടാകാം എന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്.

പ്രതിഷേധത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കാനായി 2015ല്‍ ജില്ലാ ജഡ്ജി അനിത ഝായുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പെണ്‍കുട്ടി മാവോവാദി ആണെന്ന പോലിസ് അവകാശവാദത്തെ ജൂഡീഷ്യല്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ ചോദ്യം ചെയ്തിരുന്നു. പതിനാറുകാരി എങ്ങനെ മാവോവാദിയാകും എന്നായിരുന്നു റിപോര്‍ട്ടിലെ പരാമര്‍ശം. പോലിസിന്റെ വെടിയേറ്റാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടതെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

കമ്മീഷന്റെ നിര്‍ദേശപ്രകാരം, ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്നു പോലിസുകാര്‍ക്ക് എതിരെയായിയിരുന്നു അന്വേഷണം. കേസില്‍ പ്രതിയായ ചാണ്ടോ സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് നികോദിന്‍ ഖെയ്‌സ് എന്നിവർ വിചാരണക്കിടെ മരിച്ചു.

Next Story

RELATED STORIES

Share it