Top

അമിത്ഷായും നരേന്ദ്രമോദിയും ഇന്ത്യയെ യുദ്ധക്കളമാക്കി മാറ്റി: രമേശ് ചെന്നിത്തല

അമിത്ഷായും നരേന്ദ്രമോദിയും ഇന്ത്യയെ യുദ്ധക്കളമാക്കി മാറ്റി: രമേശ് ചെന്നിത്തല
X

കണ്ണൂര്‍: അമിത്ഷായും നരേന്ദ്രമോദിയും ഇന്ത്യയെ യുദ്ധക്കളമാക്കി മാറ്റിയെന്നും കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വനിയമ ഭേദഗതി ബില്ലിനെതിരായ ഹരജി പരിഗണിക്കുമ്പോള്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 5 മുതല്‍ 11 വരെയുള്ള നിയമം പരിശോധിച്ചാല്‍ സുപ്രിംകോടതി പൗരത്വ നിയമം ചവറ്റുകൊട്ടയിലെറിയുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ഭരണഘടനയും മതേതരത്വവും തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ എംപി നയിച്ച രാഷ്ട്രരക്ഷാ മാര്‍ച്ചിന് സമാപനം കുറിച്ച് സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ രണ്ട് തവണയായി അധികാരത്തില്‍ വന്നപ്പോള്‍ മുസ് ലിംകള്‍ക്കെതിരേ മൂന്ന് നിയമങ്ങള്‍ കൊണ്ടുവന്നു. ആദ്യം കൊണ്ടുവന്ന മുത്ത്വലാഖ് ബില്ലും രണ്ടാമത് ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന 370ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കുകയും കാശ്മീരിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെ വീട്ട് തടങ്കലിലാക്കുകയും ഇന്റര്‍നെറ്റ് പോലും ലഭ്യമാക്കാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ പൗരത്വബില്ല് നടപ്പാക്കുക വഴി രാജ്യത്തെ മതേതരത്വം തകര്‍ക്കുകയും രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കാനുമാണ് ശ്രമിച്ചത്. പൗരത്വബില്ല് പാസാക്കുകവഴി രാജ്യത്തുണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. രാജ്യത്തെ ജനങ്ങള്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ നിയമത്തിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തിക്കൊണ്ടുവന്നത്.

രാജ്യത്തെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റാനുള്ള ബിജെപിയും ആര്‍എസ്എസും ഒന്നല്ല ആയിരം ഭേദഗതി കൊണ്ടുവന്നാലും അത് നടപ്പാക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും കോണ്‍ഗ്രസാണ് രാജ്യം ഭരിച്ചിരിന്നതെങ്കില്‍ ഈയൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. കണ്ണള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ല. ആ ഒരു അവസ്ഥയാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നത്. കേരളത്തിലെ നിയമസഭാംഗങ്ങള്‍ ഓട് പൊളിച്ചല്ല നിയമസഭയിലെത്തിയത്. ജനങ്ങള്‍ തിരഞ്ഞെടുത്താണ് അംഗമായത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി നിയമ നിര്‍മാണം നടത്താനും പ്രമേയം പാസാക്കാനും നിയമസഭക്ക് അധികാരമുണ്ട്. ബിജെപിയുടെ സംസ്ഥാന നേതാവിനെപ്പോലെ സംസാരിക്കുന്ന ഗവര്‍ണര്‍ അപമാനമാണ്. ഗവര്‍ണര്‍ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരേ സംസാരിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരക്ഷരം എതിര്‍ത്ത് പറഞ്ഞിട്ടില്ല. എല്ലാം എതിര്‍ത്തത് ഞാന്‍ മാത്രമാണ്. ബിജെപിയുടെയും ആര്‍എസ് എസിന്റെയും താല്‍പ്പര്യം സംരക്ഷിക്കുന്ന ഗവര്‍ണര്‍ക്കെതിരേ ഒന്ന് പ്രതികരിക്കാന്‍ തയ്യാറാവാത്ത പിണറായി വിജയന്‍ ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. പൗരത്വ ഭേദഗതിക്ക് എതിരായി പറയുകയും സെന്‍സസിനൊപ്പം എന്‍പിആര്‍ രജിസ്റ്റര്‍ തയ്യാറാക്കണമെന്ന് ഡിസംബര്‍ മാസം ഇറക്കിയ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പൗരത്വബില്ലിനെതിരേ സര്‍ക്കാര്‍ തയ്യാറാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വികെ അബ്ദുല്‍ ഖാദര്‍മൗലവി അധ്യക്ഷത വഹിച്ചു. കെ സുധാകരന്‍ എംപി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, എം എല്‍എമാരായ കെ സി ജോസഫ് , സണ്ണിജോസഫ്, കെ എം ഷാജി, പി കുഞ്ഞിമുഹമ്മദ്, അബ്ദുര്‍റഹ്മാന്‍ കല്ലായി, അബ്ദുല്‍ കരീം ചേലേരി, മേയര്‍ സുമാബാലകൃഷ്ണന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ വി എ നാരായണന്‍, അഡ്വ, സജീവ് ജോസഫ്, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍, എസ് എം സി ജില്ലാ പ്രസിഡന്റ് എ കെ അബ്ദുല്‍ ബാഖഫി, തലശ്ശേരി അതിരൂപത ചാന്‍സിലര്‍ ഡോ. തോമസ് തെങ്ങുംപള്ളി, പി ടി ജോസ്, സി എ അജീര്‍, ഇല്ലിക്കല്‍ ആഗസ്തി, ജോസഫ് മുള്ളന്‍മട, അഷ്‌റഫ് പുറവൂര്‍, കെഎന്‍എം മര്‍ക്കസുല്‍ ദഅ്‌വ നേതാവ് ഇസ്മായില്‍ കരിയാട്, വിസ്ഡം സംസ്ഥാന പ്രസിഡന്റ് സി പി സലീം, കേരള മുസ് ലിം ജമാഅത്ത് നേതാവ് എന്‍ അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് സൈനുദ്ദീന്‍ കരിവെള്ളൂര്‍, ജമാഅത്തെ ഇസ് ലാമി നേതാവ് മുഹമ്മദ് സാജിദ് നദ്‌വി, സോളിഡാരിറ്റി നേതാവ് പി ബി എം ഫാര്‍മീസ്, കെഎന്‍എം നേതാവ് അബ്ദുല്‍ ബാരിഫ് ബുസ്താനി, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് അഡ്വ. മനോജ് സംസാരിച്ചു.Next Story

RELATED STORIES

Share it