Sub Lead

അമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

അമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
X

തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അമ്പൂരി തട്ടാംമുക്ക് സ്വദേശി അഖില്‍, ജ്യേഷ്ഠ സഹോദരന്‍ രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് തിരുവനന്തപുരം ആറാം സെഷന്‍സ് കോടതി ജീവപര്യന്തം തടവിനും നാലര ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി.

2019 ജൂണ്‍ 21ന് ഒന്നാം പ്രതി അമ്പൂരി തട്ടാംമുക്ക് അശ്വതി ഭവനില്‍ സൈനികനായ അഖിലിന്റെ നിര്‍മാണത്തിലിരുന്ന വീടിന് മുന്നില്‍വച്ച് രാഖിയെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. തുടര്‍ന്ന് വീടിന്റെ പിറകില്‍ കുഴിയെടുത്ത് മൃതദേഹം മറവുചെയ്തു. രാഖിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രാജന്‍ പൂവാര്‍ പോലിസിന് നല്‍കിയ പരാതിയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കൊല്ലപ്പെട്ട രാഖിയും ഒന്നാം പ്രതി അഖിലും പ്രണയത്തിലായിരുന്നു. ഇതിനിടെ അഖിലിന് വേറെ കല്യാണം ഉറപ്പിച്ചു. ഇതോടെ രാഖി, അഖിലുമായി കല്യാണനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടില്‍പോയി തങ്ങള്‍ തമ്മിലുള്ള ബന്ധം അറിയിച്ചു. ഇതില്‍ പ്രകോപിതനായാണ് അഖിലും സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും ചേര്‍ന്ന് ഗൂഢാലോചന നടത്തി രാഖിയെ കൊലപ്പെടുത്തിയതെന്നാണ് പോലിസിന്റെ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്.

രാഖിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്താനായത്. കൊലപാതകം നടന്ന് ഒരു മാസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. 2019 ജൂലൈ 24ന് മൂന്നാം പ്രതി ആദര്‍ശിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 25ന് രാഹുലിനെയും 29ന് അഖിലിനെയും പിടികൂടി. ദിവസങ്ങള്‍നീണ്ട തെളിവെടുപ്പിന് ശേഷമാണ് നിര്‍ണായക തെളിവുകളായ രാഖിയുടെ വസ്ത്രം, ബാഗ്, മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ളവ കണ്ടെത്തിയത്. കേസില്‍ 1500ഓളം പേജുള്ള കുറ്റപത്രമാണ് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ആകെ 115 സാക്ഷികളണ് ഉണ്ടായിരുന്നത്.




Next Story

RELATED STORIES

Share it