Sub Lead

ബദല്‍ സ്‌കൂള്‍ അടച്ചു; പ്രവേശനോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ ആദിവാസി വിദ്യാര്‍ഥികള്‍ മടങ്ങി

ബദല്‍ സ്‌കൂള്‍ അടച്ചു; പ്രവേശനോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ ആദിവാസി വിദ്യാര്‍ഥികള്‍ മടങ്ങി
X

മലപ്പുറം: സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ ആദിവാസി വിദ്യാര്‍ഥികള്‍ മടങ്ങി. എടവണ്ണ ചാത്തല്ലൂരിലെ ചോലാറ ബദല്‍ സ്‌കൂളിലെ ആദിവാസി വിദ്യാര്‍ഥികള്‍ പ്രവേശനോല്‍സവ ദിനത്തില്‍ സ്‌കൂളിലെത്തിയെങ്കിലും സ്‌കൂള്‍ അടച്ചതിനെ തുടര്‍ന്ന് മടങ്ങുകയായിരു. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം ട്രൈബല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ബദല്‍ സ്‌കൂളുകളും അടച്ചുപൂട്ടാന്‍ ഉത്തരവ് വന്നതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അടച്ചതെന്ന് കിഴക്കെ ചാത്തല്ലൂര്‍ വാര്‍ഡ് മെമ്പര്‍ ഹന്ന അക്ബര്‍ പറഞ്ഞു. രക്ഷിതാക്കളെ ഇന്നലെ വിവരമറിയിച്ചിരുന്നെങ്കിലും സ്‌കൂള്‍ അടച്ചു പൂട്ടില്ല എന്ന വിശ്വാസത്തില്‍ രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളിലേക്ക്പറഞ്ഞു വിടുകയായിരുന്നു.

ചോലാറയിലെ ബദല്‍ സ്‌കൂളില്‍ ഒന്ന് മുതല്‍ നാലാം ക്ലാസുവരെയുള്ള പതിനഞ്ച് വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഏകാധ്യാപക വിദ്യാലയമായ ചോലാറ ബദല്‍ സ്‌കൂള്‍ പൂട്ടിയതോടെ ആദിവാസി വിദ്യാര്‍ഥികളുടെ പഠനം ആശങ്കയിലാണെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഗതാഗത സൗകര്യമില്ലാത്തതിനാല്‍ മൂന്നര കിലോമീറ്റര്‍ ദൂരമുള്ള ചാത്തല്ലൂര്‍ ജി എം എല്‍ പി സ്‌കൂളിലേക്ക് വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പെടാന്‍ പ്രയാസമാണെന്ന് വാര്‍ഡ് മെമ്പര്‍ അറിയിച്ചു. ഗോത്ര സാരഥി പദ്ധതി പ്രകാരം ആദിവാസി വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കാന്‍ പഞ്ചായത്തിന് കീഴില്‍ വാഹനസൗകര്യമുണ്ടെങ്കിലും റോഡ്ഗതാഗതയോഗ്യമല്ലാത്തതിനാല്‍ ഏറെ ബുദ്ധിമുട്ടിലാണ്. സംസ്ഥാനത്തിലെ മുഴുവന്‍ ബദല്‍ സ്‌കൂളിനെയും ആശ്രയിച്ചു പഠിക്കുന്ന ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠനം ആശങ്കയിലാണെന്നും ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അടിയന്തിരമായി ഇടപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പഠനത്തിനുള്ള സൗകര്യമേര്‍പ്പെടുത്തണമെന്ന് ആദിവാസി സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it