Sub Lead

അയോധ്യയില്‍ മസ്ജിദിനായി ഭൂമി ഏറ്റെടുത്ത വഖഫ് ബോര്‍ഡിനെതിരേ വിമര്‍ശനവുമായി മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്

തീരുമാനം മുസ്‌ലിം സമുദായത്തിന്റെ താല്‍പര്യത്തിന് എതിരാണെന്ന് ബോര്‍ഡ് കുറ്റപ്പെടുത്തി. യുപി സര്‍ക്കാരിന്റെ സമ്മര്‍ദത്തെതുടര്‍ന്നായിരിക്കാം യുപി വഖഫ് ബോര്‍ഡ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്നും മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് വ്യക്തമാക്കി.

അയോധ്യയില്‍ മസ്ജിദിനായി ഭൂമി ഏറ്റെടുത്ത വഖഫ് ബോര്‍ഡിനെതിരേ വിമര്‍ശനവുമായി മുസ്‌ലിം വ്യക്തി നിയമബോര്‍ഡ്
X

ന്യൂഡല്‍ഹി: അയോധ്യയില്‍ പള്ളി പണിയാനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അഞ്ചേക്കര്‍ ഭൂമി ഏറ്റെടുത്ത സുന്നി വഖഫ് ബോര്‍ഡിനെതിരേ വിമര്‍ശനവുമായി മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്.തീരുമാനം മുസ്‌ലിം സമുദായത്തിന്റെ താല്‍പര്യത്തിന് എതിരാണെന്ന് ബോര്‍ഡ് കുറ്റപ്പെടുത്തി. യുപി സര്‍ക്കാരിന്റെ സമ്മര്‍ദത്തെതുടര്‍ന്നായിരിക്കാം യുപി വഖഫ് ബോര്‍ഡ് ഇത്തരമൊരു തീരുമാനം കൈകൊണ്ടതെന്നും മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം യുപി സെന്‍ട്രല്‍ സുന്നി വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സുഫര്‍ ഫാറൂഖിയാണ് സുപ്രിംകോടതി വിധിപ്രകാരം പള്ളിക്കായി യുപി സര്‍ക്കാര്‍ കണ്ടെത്തിയ അഞ്ചേക്കര്‍ ഭൂമി ഏറ്റെടുക്കുന്നതായി അറിയിച്ചത്. ഈ തീരുമാനം നിരസിക്കാനുള്ള സ്വാതന്ത്ര്യം ബോര്‍ഡിനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂമി സ്വീകരിക്കാന്‍ തീരുമാനിച്ചതെന്നും ഫറൂഖി വ്യക്തമാക്കുന്നു.ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന വിവാദം തുടങ്ങിവച്ചത് തങ്ങളല്ലെന്നും ഭൂമി കിട്ടാത്തവരാണ് വിവാദത്തിനു പിറകിലെന്നും തങ്ങള്‍ സുപ്രീംകോടതി വിധി അനുസരിക്കുകയാണെന്നും ഫറൂഖിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

അയോധ്യ ജില്ലയിലെ റൗനാഹി പോലിസ് സ്‌റ്റേഷന് സമീപത്തെ സോഹാവലിലാണ് ഈ ഭൂമി.''ഈ ഭൂമിയില്‍ എന്ത് ചെയ്യണമെന്നും, അതെങ്ങനെ വേണമെന്നും ഫെബ്രുവരി 24ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും ഫറൂഖി പറഞ്ഞു.

എന്നാല്‍ ഭൂമി അനുവദിച്ചുകൊണ്ട് സര്‍ക്കാരിന്റെ കത്ത് കിട്ടിയെങ്കിലും സുന്നി വഖഫ് ബോര്‍ഡ് ഇതുവരെ ഒരു മറുപടി നല്‍കിയിട്ടില്ല. ഭൂമി വഖഫ് ബോര്‍ഡിന്റെ പേരിലാക്കുന്ന നിയമപരമായ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ഫറൂഖിയെക്കൂടാതെ യുപി സുന്നി വഖഫ് ബോര്‍ഡില്‍ ഏഴ് അംഗങ്ങളാണുള്ളത്. ഇവിടെ എന്ത് നിര്‍മിക്കണമെന്ന് സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്‌കൂളുകളോ, ആശുപത്രിയോ പണിയണമെന്നതിന് പുറമേ, ഇപ്പോള്‍ ഒരു ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററും പള്ളിയും പണിയുന്നതിനെക്കുറിച്ചും ആലോചനയുണ്ടെന്ന് ഫറൂഖി പറഞ്ഞു.

Next Story

RELATED STORIES

Share it