Sub Lead

അഫ്‌റാസുലിന്റെ മകള്‍ പറയുന്നു; പിതാവിനെ കൊന്നവരെ ശിക്ഷിക്കുന്ന സര്‍ക്കാര്‍ വരണം

ഭര്‍ത്താവിന്റെ കൊലയാളിയെ ജയിലില്‍ മരുമകനെപ്പോലെ വിരുന്നൂട്ടുന്നത് കണ്ട അവര്‍ ഈ തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും തനിക്ക് നീതി ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ്.

അഫ്‌റാസുലിന്റെ മകള്‍ പറയുന്നു; പിതാവിനെ കൊന്നവരെ ശിക്ഷിക്കുന്ന സര്‍ക്കാര്‍ വരണം
X

മാള്‍ഡ: ഗുല്‍ ബാഹര്‍ ബീവി കാത്തിരിക്കുകയാണ്; 2017ല്‍ രാജസ്ഥാനില്‍ ഹിന്ദുത്വര്‍ വെട്ടിനുറുക്കി ചുട്ടുകൊന്ന തന്റെ ഭര്‍ത്താവിന് നീതി ലഭിക്കുന്ന നാളുകള്‍ക്കായി. ഭര്‍ത്താവിന്റെ കൊലയാളിയെ ജയിലില്‍ മരുമകനെപ്പോലെ വിരുന്നൂട്ടുന്നത് കണ്ട അവര്‍ ഈ തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും തനിക്ക് നീതി ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ്.

ഒരു വര്‍ഷത്തിലേറെ കഴിഞ്ഞു. എന്റെ ഭര്‍ത്താവിനെ അവന്‍ എങ്ങിനെയാണ് കൊന്നതെന്ന് ലോകം കണ്ടതാണ്. എന്നാല്‍, അയാളെ നീതിക്ക് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല-പശ്ചിമബംഗാളിലെ മാള്‍ഡയിലുള്ള സായിദ്പൂര്‍ ഗ്രാമത്തിലുള്ള കുടുംബ വീട്ടില്‍ വച്ച് ഗുല്‍ബാഹര്‍ പറഞ്ഞു. ഇനിയും നീതി കിട്ടാത്ത സംഭവം ഗ്രാമത്തെ ഒന്നാകെ ഭയത്തില്‍ ആഴത്തിയിരിക്കുകയാണ്. ഭൂരിഭാഗവും അന്നത്തിനായി മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറിയിരുന്ന ഗ്രാമവാസികള്‍ ഇപ്പോള്‍ പുറത്തേക്കൊന്നും പോവാറില്ല.

രാഷ്ട്രീയക്കാര്‍ ഇവിടെ തിരഞ്ഞെടുപ്പ് കാലത്ത് മാത്രമേ വരാറുള്ളു എന്ന് അഫ്‌റാസുലിന്റെ മൂന്നു പെണ്‍മക്കളില്‍ ഒരാളായ റസീന ഖാത്തൂന്‍ പറഞ്ഞു. കാലിയാച്ചാക്ക് ബിഡിഒ ഓഫിസില്‍ തനിക്ക് തൂപ്പുകാരിയുടെ ജോലി ലഭിച്ചു. മാസം 6000 രൂപയാണ് ശമ്പളം. സംഭവം നടന്നതിന് ശേഷം രാഷ്ട്രീയക്കാര്‍ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. എന്റെ പിതാവിനെ കൊന്നവരെ ശിക്ഷിക്കുന്ന, ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങള്‍ തടയുന്ന ഒരു സര്‍ക്കാര്‍ ഇത്തവണ വരണം-അവര്‍ പറഞ്ഞു.

2017 ഡിസംബറിലാണ് ശംഭുലാല്‍ റെഗര്‍ എന്ന സംഘപരിവാര പ്രവര്‍ത്തകന്‍ അഫ്‌റാസുലിനെ വെട്ടിനുറുക്കി ചുട്ടുകൊന്നത്. ഇല്ലാത്ത പ്രണയം ആരോപിച്ചായിരുന്നു ഈ ക്രൂരകൃത്യം. നടക്കുന്ന കൊലപാതകത്തിന്റെ വീഡിയോ ദൃശ്യം വ്യാപകമായി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തു. റെഗര്‍ ഇപ്പോള്‍ ജോധ്പൂര്‍ ജയിലിലാണ്. റെഗറിനെ യുപിയില്‍ തങ്ങളുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച നവനിര്‍മാണ്‍ സേനയുടെ നടപടിക്കെതിരേ അഫ്‌റാസുലിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

മാള്‍ഡ ദക്ഷിണ്‍ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് അഫ്‌റാസുലിന്റെ കുടുംബം താമസിക്കുന്ന പ്രദേശം. മാള്‍ഡയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന എ ബി എ ഖനി ഖാന്‍ ചൗധരിയുടെ സഹോദരന്‍ അബൂ ഹാസിം ഖാന്‍ ചൗധരിയാണ് ഇവിടെ സിറ്റിങ് എംപി. അദ്ദേഹം ഇത്തവണ വീണ്ടും മല്‍സരിക്കുന്നുണ്ട്. ടിഎംസിയുടെ മുഅസ്സം ഹുസയ്‌നാണ് പ്രധാന എതിരാളി. 2014ല്‍ നാലാം സ്ഥാനത്തായിരുന്നെങ്കിലും കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കുമെന്ന വാഗ്ദാനവുമായി ഇക്കുറി അദ്ദേഹം ശക്തമായി രംഗത്തുണ്ട്.

തങ്ങളുടെ സര്‍ക്കാരാണ് കുടുംബത്തിന് ആദ്യമായി നഷ്ടപരിഹാരം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടക്കുന്ന ഇത്തരം വിദ്വേഷ ആക്രമണങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിക്കുന്നയാളാണ് മമത ബാനര്‍ജിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it