Sub Lead

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്

ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്
X

തിരുവനന്തപുരം: ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ സി ഡാനിയേല്‍ അവാര്‍ഡ്. പുരസ്‌കാരം ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.

2017ലെ ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് ശ്രീകുമാരന്‍ തമ്പി ചെയര്‍പേഴ്‌സണും നടി ഉര്‍വശി, സംവിധായകന്‍ ബാലു കിരിയത്ത് എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് മെമ്പര്‍ സെക്രട്ടറിയുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതി ലഭിക്കുന്ന 32ാമത്തെയാളാണ് 80-കാരിയായ ശാരദ.

അഭിനേത്രിയെന്ന നിലയില്‍ അസാധാരണ പ്രതിഭ തെളിയിച്ച ശാരദ രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മലയാള സിനിമയ്ക്ക് നേടിത്തന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു. അറുപതുകള്‍ മുതലുള്ള രണ്ടു പതിറ്റാണ്ടുകളിലെ മലയാളി സ്ത്രീയെ തിരശ്ശീലയില്‍ അനശ്വരയാക്കാന്‍ ശാരദയ്ക്ക് കഴിഞ്ഞു. 1945 ജൂണ്‍ 25ന് ആന്ധ്രപ്രദേശിലെ തെനാലി ഗ്രാമത്തില്‍ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി 'ഇരുമിത്രലു' എന്ന ആദ്യ തെലുങ്കു ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ശാരദ എന്ന പേര് സ്വീകരിച്ചത്. മുട്ടത്തു വര്‍ക്കി രചിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഇണപ്രാവുകള്‍' എന്ന ചിത്രത്തിലൂടെ 1965ല്‍ മലയാള സിനിമയില്‍ അരങ്ങേറി. തുടര്‍ന്ന്, എംടിയുടെ തിരക്കഥയില്‍ വിന്‍സെന്റ് സംവിധാനം ചെയ്ത 'മുറപ്പെണ്ണ്', എം.ടിയുടെ തന്നെ തിരക്കഥയില്‍ പി. ഭാസ്‌കരന്‍ സംവിധാനം ചെയ്ത 'ഇരുട്ടിന്റെ ആത്മാവ്'എന്നീ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി. ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍, എലിപ്പത്തായം, രാപ്പകല്‍ തുടങ്ങി 125 ഓളം മലയാള സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it