Sub Lead

ഫലസ്തീന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു; ഇസ്രായേലിനെ കുറ്റപ്പെടുത്തി മെഹ്മൂദ് അബ്ബാസ്

. ഇസ്രായേല്‍ അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ വോട്ടുചെയ്യല്‍ സംബന്ധിച്ച തര്‍ക്കത്തിനും ഫത്ഹ് പാര്‍ട്ടിയിലെ പിളര്‍പ്പിനുമിടയിലാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ച് കൊണ്ടുള്ള അബ്ബാസിന്റെ പ്രഖ്യാപനം.

ഫലസ്തീന്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചു; ഇസ്രായേലിനെ കുറ്റപ്പെടുത്തി മെഹ്മൂദ് അബ്ബാസ്
X

ജറുസലം: അടുത്ത മാസം നിശ്ചയിക്കപ്പെട്ടിരുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഇസ്രായേല്‍ അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലെ വോട്ടുചെയ്യല്‍ സംബന്ധിച്ച തര്‍ക്കത്തിനും ഫത്ഹ് പാര്‍ട്ടിയിലെ പിളര്‍പ്പിനുമിടയിലാണ് തിരഞ്ഞെടുപ്പ് മാറ്റിവച്ച് കൊണ്ടുള്ള അബ്ബാസിന്റെ പ്രഖ്യാപനം.

ജറുസലേമിലും ഗസ്സയിലും അധിനിവിഷ്ട വെസ്റ്റ് ബാങ്ക് മേഖലകളിലും തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ തുടരുന്ന അനിശ്ചിതത്വത്തില്‍ 85കാരനായ ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഇസ്രായേലിനെ കുറ്റപ്പെടുത്തി. 15 വര്‍ഷത്തിന് ശേഷം ആദ്യത്തെ ദേശീയ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഹ്മൂദ് അബ്ബാസിന്റെ പ്രസിഡന്റ് പദവി ഉള്‍പ്പെടെ ഫലസ്തീന്‍ സ്ഥാപനങ്ങളുടെ ജനാധിപത്യ നിയമസാധുതക്കെതിരേ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങള്‍ക്കുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ഈ നീക്കം.

ഒരു തിരഞ്ഞെടുപ്പില്‍ ഗസയെ നിയന്ത്രിക്കുന്ന ഹമാസ് മികച്ച നേട്ടം കൈവരിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. അബ്ബാസിന്റെ മുഖ്യ ആഭ്യന്തര എതിരാളിയായ ഹമാസ് 2006ല്‍ സമാന തരത്തില്‍ ഭിന്നിച്ച ഫതഹിനെ സംഘടിത പ്രചരണത്തിലൂടെ പരാജയപ്പെടുത്തിയിരുന്നു.

ജറുസലേമില്‍ ആഴ്ചകളായി തുടരുന്ന ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷമാണ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ പ്രധാന കാരണമായി അബ്ബാസ് ചൂണ്ടിക്കാട്ടിയത്. ഫലസ്തീനിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അബ്ബാസ് തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്നതായി പ്രഖ്യാപിച്ചത്.

ഈ വിഷമകരമായ സാഹചര്യത്തില്‍, ജറുസലേമിന്റെയും അവിടുത്തെ ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതുവരെ തിരഞ്ഞെടുപ്പ് തീയതി മാറ്റിവയ്ക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായി അബ്ബാസ് ഫലസ്തീന്‍ ടിവിയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

മുന്‍ തിരഞ്ഞെടുപ്പുകളില്‍, കിഴക്കന്‍ ജറുസലേമിലെ ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള പോസ്‌റ്റോഫീസുകളില്‍ ആയിരക്കണക്കിന് ഫലസ്തീനികളെ വോട്ടുചെയ്യാന്‍ ഇസ്രായേല്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഇത്തവണ തങ്ങള്‍ക്ക് നിലവില്‍ സര്‍ക്കാരില്ലെന്ന് ചൂണ്ടിക്കാട്ടി ഫലസ്തീന്‍ അഭ്യര്‍ത്ഥന അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഇസ്രായേല്‍ വാദം.

Next Story

RELATED STORIES

Share it