Sub Lead

പീഡനപരാതി ഒത്തുതീർക്കാൻ ശ്രമം: ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം

വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് പുറത്ത് വന്നതിന് പിന്നാലെയാണ് പി സി ചാക്കോ ശരദ് പവാറുമായി ചര്‍ച്ച നടത്തിയത്.

പീഡനപരാതി ഒത്തുതീർക്കാൻ ശ്രമം: ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം
X

ന്യൂഡല്‍ഹി: കുണ്ടറിയിലെ പീഡനപരാതിയുമായി ബന്ധപ്പെട്ട ഫോണ്‍വിളി വിവാദത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് എന്‍സിപി കേന്ദ്ര നേതൃത്വം. വിവാദങ്ങള്‍ ഗൗരവമായി എടുക്കേണ്ടതില്ല എന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

വിഷയത്തില്‍ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് പുറത്ത് വന്നതിന് പിന്നാലെയാണ് പി സി ചാക്കോ ശരദ് പവാറുമായി ചര്‍ച്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിയിലാണ് ശശീന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വം നിലപാട് എടുത്തത്. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. വിവാദം ഗൗരവമായി എടുക്കേണ്ടതില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.

നേരത്തെ ഫോണ്‍വിളി വിവാദത്തില്‍ ശശീന്ദ്രനെ ന്യായീകരിച്ച് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ രംഗത്തെത്തിയിരുന്നു. കുണ്ടറയില്‍ ഒരു ബ്ലോക്ക് പ്രസിഡന്റിനെ വെക്കുന്നത് സംബന്ധിച്ചാണ് പ്രശ്നങ്ങളെല്ലാം ഉടലെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കണമെന്നുള്ള സംസാരം ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കേസ് എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. അത് ശശീന്ദ്രന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇതൊരു വലിയ പ്രശ്നമാക്കി മാറ്റിയാല്‍ നന്നായിരിക്കും എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. അവര്‍ ഒരുപക്ഷേ നിയമസഭയിലും ഇത് ഉന്നയിച്ചേക്കാമെന്നും പി സി ചാക്കോ പറഞ്ഞു.

കേരളത്തിലെ മുന്‍ മുഖ്യമന്ത്രിക്കെതിരേ ഒന്നിലേറെ സ്ത്രീകളാണ് പരസ്യമായ നിലപാടുകളെടുത്ത് മുന്നോട്ട് വന്നതെന്നും അന്നിവിടെയാരും രാജിവച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവടക്കം രാജിക്കായി മുറവിളി കൂട്ടുന്ന ആളുകള്‍ വസ്തുതകള്‍ മനസ്സിലാക്കുന്നില്ല. യഥാര്‍ഥത്തില്‍ അവിടെയെന്താണ് സംഭവിച്ചത്, അവിടുത്തെ പ്രശ്നമെന്താണ്, ശശീന്ദ്രന്‍ എന്താണ് പറഞ്ഞത്, എന്‍സിപിയിലെ തര്‍ക്കമെന്താണ് ഇതൊന്നും അറിയാതെയാണ് അദ്ദേഹം ഒരു ബലാൽസംഗക്കേസില്‍ ഇടപെട്ടു എന്ന് പറയുന്നതെന്നും പി സി ചാക്കോ പറഞ്ഞു.

എന്‍സിപി നേതാവ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോപണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാതെ പ്രതികരിക്കാനോ നിലപാട് വ്യക്തമാക്കാനോ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ മാത്രമാണ് തങ്ങളുടെ മുന്നിലുള്ളതെന്നും അതിനെ മാത്രം ആശ്രയിച്ച് നിലപാട് വ്യക്തമാക്കാന്‍ കഴിയില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it