Sub Lead

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; ഒരു ശിവസേന മന്ത്രി കൂടി വിമത ക്യാംപില്‍

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; ഒരു ശിവസേന മന്ത്രി കൂടി വിമത ക്യാംപില്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ശിവസേന വിമതന്‍ ഏക്‌നാഥ് ഷിന്‍ഡെയും തമ്മിലുള്ള അധികാരത്തര്‍ക്കം സങ്കീര്‍ണമാവുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വലിയ രാഷ്ട്രീയ നാടകങ്ങള്‍ക്കാണ് മഹാരാഷ്ട്ര സാക്ഷ്യംവഹിക്കുന്നത്. സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ഒരു ശിവസേന മന്ത്രി കൂടി കൂറുമാറി വിമത പക്ഷത്തെത്തി. മന്ത്രിയായ ഉദയ് സാമന്ത് ആണ് ഔദ്യോഗിക പക്ഷം വിട്ടത്. അസമിലെ ഗുവാഹത്തിയിലെത്തി വിമത എംഎല്‍എമാര്‍ക്കൊപ്പം അദ്ദേഹം ചേര്‍ന്നു. ഏകനാഥ് ഷിന്‍ഡെ ക്യാംപില്‍ ചേരുന്ന ഒമ്പതാമത്തെ മന്ത്രിയാണ് അദ്ദേഹം.

അതേസമയം, രാജിവയ്ക്കാതെ വിശ്വാസ വോട്ടെടുപ്പുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് ഉദ്ധവ് താക്കറെ പക്ഷത്തിന്റെ ഉള്‍പ്പെടെയുള്ളവരുടെ തീരുമാനം. ഷിന്‍ഡെ ഉള്‍പ്പെടെ 16 വിമതരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് ഡെപ്യൂട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. 16 പേരെ അയോഗ്യരാക്കിയാല്‍ കേവല ഭൂരിപക്ഷം 145 ല്‍ നിന്ന് 136 ആവും. സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയും, വിമതരില്‍ ചിലരുടെ പിന്തുണയും കൂടി ലഭിച്ചാല്‍ കേവലഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താക്കറെ പക്ഷം.

ഏകനാഥ് ഷിന്‍ഡെയ്‌ക്കൊപ്പം ക്യാംപ് ചെയ്യുന്ന 20 എംഎല്‍എമാരെങ്കിലും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതായി ചില വൃത്തങ്ങള്‍ അറിയിച്ചു. വിമത മന്ത്രിമാരായ ഏക്‌നാഥ് ഷിന്‍ഡെ, ഗുലാബ് റാവു പാട്ടീല്‍, ദാദാ ഭൂസെ, അബ്ദുല്‍ സത്താര്‍, ശ്യാംബുരാജേ ദേശായി എന്നിവര്‍ക്കെതിരേ നടപടിയെടുക്കാനാണ് നീക്കം. ന്യൂനപക്ഷമായി ചുരുങ്ങിയെങ്കിലും പാര്‍ട്ടി ചിഹ്‌നത്തിനായി താന്‍ അവകാശവാദം ഉന്നയിക്കുമെന്ന ഷിന്‍ഡെയുടെ വാദം താക്കറെ പക്ഷം തള്ളിക്കളഞ്ഞു. 'കുറച്ച് തിരഞ്ഞെടുപ്പില്‍ പോരാടാന്‍' ആദിത്യ താക്കറെ വിമതര്‍ക്ക് മറുപടി നല്‍കി.

വിമതപക്ഷത്തെ ബിജെപിയില്‍ ലയിപ്പിക്കാനുള്ള പദ്ധതിയെച്ചൊല്ലി ഏകനാഥ് ഷിന്‍ഡെ ക്യാംപിലും ഭിന്നതകള്‍ ഉടലെടുത്തിട്ടുണ്ട്. പ്രഹര്‍ ജനശക്തി പാര്‍ട്ടിയില്‍ ലയിക്കുന്നതിനുള്ള ആലോചനയും ഷിന്‍ഡെയ്ക്കുണ്ട്. പാര്‍ട്ടിയുടെ തലവനായ മഹാരാഷ്ട്ര മന്ത്രി ബച്ചു കടു ഇതിനകം ഗുവാഹത്തിയില്‍ വിമതര്‍ക്കൊപ്പം ക്യാംപ് ചെയ്യുന്നുണ്ട്. താക്കറെയുടെ വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചില വിമത എംഎല്‍എമാരുടെ ഓഫിസുകള്‍ ആക്രമിച്ചു. ഇതെത്തുടര്‍ന്ന് 15 വിമത ശിവസേനാ എംഎല്‍എമാര്‍ക്ക് കേന്ദ്രം സുരക്ഷ വര്‍ധിപ്പിച്ചു.

അസമില്‍ ക്യാംപ് ചെയ്യുന്ന വിമതര്‍ക്കെതിരേ സേനയുടെ വക്താവ് സഞ്ജയ് റാവത്ത് ആഞ്ഞടിച്ചു. സേനയുടെ അയോഗ്യത ഹരജിയില്‍ 16 വിമത എംഎല്‍എമാര്‍ക്ക് നോട്ടീസ് നല്‍കിയ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളിന്റെ ചിത്രം ഉള്‍പ്പെടുത്തിയ ട്വീറ്റില്‍ 'നിങ്ങള്‍ എത്രനാള്‍ ഗുവാഹത്തിയില്‍ ഒളിക്കും'- അദ്ദേഹം ചോദിച്ചു. 40 ഓളം വിമത എംഎല്‍എമാര്‍ക്കൊപ്പം ക്യാംപ് ചെയ്യുന്ന അസമിലെ ഗുവാഹത്തിയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഏകനാഥ് ഷിന്‍ഡെ പ്രത്യേക വിമാനത്തില്‍ വഡോദരയിലേക്ക് പറന്നത്. ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്നലെ രാത്രി വഡോദരയിലുണ്ടായിരുന്നു.

Next Story

RELATED STORIES

Share it