Sub Lead

നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 76 മരണം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു

നൈജീരിയയില്‍ ബോട്ട് മറിഞ്ഞ് 76 മരണം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
X

ലാഗോസ്: നൈജീരിയയില്‍ വെള്ളപ്പൊക്കത്തിനിടെ ബോട്ട് മറിഞ്ഞ് 76 പേര്‍ മരിച്ചു. അനമ്പ്ര സംസ്ഥാനത്തെ നൈഗര്‍ നദിയിലാണ് അപകടമുണ്ടായത്. സംസ്ഥാനത്തെ ഒഗ്ബറു പ്രദേശത്ത് തുടര്‍ച്ചയായുണ്ടാവുന്ന വെള്ളപ്പൊക്കത്തെത്തുടര്‍ന്നാണ് അപകടം. ബോട്ടില്‍ കൂടുതല്‍ ആള്‍ക്കാരെ കുത്തിനിറച്ചതും ദുരന്തത്തിനു കാരണമായി. 85 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രസിഡന്റ് മുഹമ്മദ് ബുഹാരി നിര്‍ദേശം നല്‍കി.

മരിച്ചവരുടെ ആത്മാവിനും ഈ ദാരുണമായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിക്കുന്നുണ്ടെന്ന് നാഷനല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സിയുടെ തെക്കുകിഴക്കന്‍ കോ-ഓഡിനേറ്റര്‍ തിക്ക്മാന്‍ തനിമു എഎഫ്പിയോട് പറഞ്ഞു. ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാള്‍ പത്തിലൊന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ, വര്‍ഷങ്ങളായി രാജ്യം കണ്ട ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകള്‍ നല്‍കണമെന്ന് നൈജീരിയന്‍ വ്യോമസേനയോട് നേമ അഭ്യര്‍ഥിച്ചു. പ്രളയത്തില്‍ തകര്‍ന്ന പ്രദേശങ്ങളിലെ താമസക്കാരോട് മാറിത്താമസിക്കാന്‍ അനമ്പ്ര സംസ്ഥാന ഗവര്‍ണര്‍ ചാള്‍സ് സോലൂഡോ ആവശ്യപ്പെട്ടു. അമിതഭാരം, അമിതവേഗത, മോശം അറ്റകുറ്റപ്പണികള്‍, നാവിഗേഷന്‍ നിയമങ്ങള്‍ അവഗണിക്കല്‍ എന്നിവ മൂലം നൈജീരിയയില്‍ ബോട്ടപകടങ്ങള്‍ പതിവാവുകയാണ്.

ഈ വര്‍ഷത്തെ മഴക്കാലത്തിന്റെ തുടക്കം മുതല്‍, 200 ദശലക്ഷത്തിലധികം ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. മൂന്നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടു. 100,000 പേര്‍ ഭവനരഹിതരായതായാണ് കണക്ക്. തുടര്‍ച്ചയായ മഴയില്‍ കൃഷിയിടങ്ങളും വിളകളും ഒലിച്ചുപോയി.

Next Story

RELATED STORIES

Share it