Sub Lead

രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് തുടക്കം

രാജ്യത്ത് 5 ജി സേവനങ്ങള്‍ക്ക് തുടക്കം
X

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ചാംതലമുറ ടെലികോം സ്‌പെക്ട്രം സേവനമായ 5 ജിക്ക് തുടക്കമായി. ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്- 2022 ന്റെ ആറാമത് പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ 13 നഗരങ്ങളില്‍ മാത്രമാണ് സേവനം ലഭ്യമാവുക. അടുത്ത രണ്ടുവര്‍ഷം കൊണ്ട് രാജ്യം മുഴുവന്‍ 5 ജി സേവനം ലഭ്യമാക്കുമെന്നാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. അഹമ്മദാബാദ്, ബംഗളൂരു, ഛണ്ഡീഗഢ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്‌നോ, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് ആദ്യം 5 ജി സേവനം ലഭ്യമാക്കുക.

കഴിഞ്ഞ മാസമായിരുന്നു ഇന്ത്യ ചരിത്രത്തിലെ വലിയ സ്‌പെക്ട്രം ലേലം നടന്നത്. ഒരാഴ്ച നീണ്ടുനിന്ന ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ ലേലം വന്നു. മൊത്തം 51.2 ജിഗാഹെര്‍ട്‌സ് സ്‌പെക്ട്രം വിറ്റഴിച്ചു. വിറ്റഴിച്ച മൊത്തം സ്‌പെക്ട്രം രാജ്യത്തെ എല്ലാ സര്‍ക്കിളുകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. രാജ്യത്ത് അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ 5 ജി സേവനങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

2024 മാര്‍ച്ചോടെ പ്രധാന ഗ്രാമീണ മേഖലകളും 5 ജി സേവനം ലഭ്യമാവും. ദീപാവലിയോടെ മെട്രോകളില്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കും. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരു പോലെ 5 ജി എത്തിക്കാന്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാഗ്ദാനം. 2035 ഓടെ ഇന്ത്യയില്‍ 5 ജിയുടെ സാമ്പത്തിക സ്വാധീനം 450 ബില്യന്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4 ജിയേക്കാള്‍ 100 മടങ്ങ് വേഗത നല്‍കാന്‍ 5 ജിക്ക് കഴിയും. അതിനാല്‍, ബഫറിങ് ഇല്ലാതെ വീഡിയോകള്‍ കാണാനും വേഗത്തില്‍ ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്യാനും ഹൈസ്പീഡ് ഇന്റര്‍നെറ്റ് ആളുകളെ സഹായിക്കും.

Next Story

RELATED STORIES

Share it