Sub Lead

പീഡനപരാതിയെ തുടര്‍ന്ന് വീട് പൊളിച്ചുമാറ്റി നാല് വര്‍ഷത്തിന് പ്രതിയെ കുറ്റവിമുക്തനാക്കി; വ്യാജ പീഡനപരാതിയെന്ന് കോടതി

പീഡനപരാതിയെ തുടര്‍ന്ന് വീട് പൊളിച്ചുമാറ്റി നാല് വര്‍ഷത്തിന് പ്രതിയെ കുറ്റവിമുക്തനാക്കി; വ്യാജ പീഡനപരാതിയെന്ന് കോടതി
X

ഭോപ്പാല്‍: ബലാല്‍സംഗക്കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ വീട് പൊളിച്ചുമാറ്റിയ വാര്‍ഡ് കൗണ്‍സിലറെ കോടതി കുറ്റവിമുക്തനാക്കി. വാര്‍ഡ് കൗണ്‍സിലറായ ഷഫീഖ് അന്‍സാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്റെ വീട് പൊളിച്ചുമാറ്റിയതിനാലാണ് യുവതി വ്യാജ പീഡന ആരോപണം ഉന്നയിച്ചതെന്ന് കോടതി കണ്ടെത്തി. പരാതിക്കാരിയുടെ മൊഴിയില്‍ നിരവധി അവ്യക്തതകള്‍ ഉണ്ടെന്ന് രാജ്ഗഡ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ചിത്രേന്ദ്ര സിങ് സോളങ്കിയുടെ വിധി പറയുന്നു.

മകന്റെ വിവാഹ ചടങ്ങുകളില്‍ സഹായിക്കാന്‍ എത്തണമെന്ന് ഷഫീഖ് അന്‍സാരി ആവശ്യപ്പെട്ടെന്നും അതിനെ തുടര്‍ന്ന് അവിടെ എത്തിയപ്പോള്‍ 2021 ഫെബ്രുവരി നാലിന് ബലാല്‍സംഗം ചെയ്‌തെന്നുമാണ് പരാതിയിലുണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് അന്‍സാരിയെ ഒളിവില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് മക്കളെയും പോലിസ് അറസ്റ്റ് ചെയ്തു. അന്‍സാരി നിരന്തരമായി ഭീഷണിപ്പെടുത്തിയതിനാല്‍ പരാതി നല്‍കാന്‍ വൈകിയെന്നും യുവതി പോലിസിന് മൊഴി നല്‍കി. എന്നാല്‍, ഇതെല്ലാം തെറ്റാണെന്നാണ് വിചാരണക്കോടതി കണ്ടെത്തിയിരിക്കുന്നത്.

''പീഡനം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത് പരാതിക്കാരി അന്‍സാരിയുടെ വീട്ടിലുണ്ടായിരുന്നുവെന്നതിന് തെളിവില്ല. പീഡനം നടന്നുവെന്നതിന് ശാസ്ത്രീയവും മെഡിക്കലുമായ തെളിവുകളില്ല. സംഭവത്തെ കുറിച്ച് ഭര്‍ത്താവിനെ യുവതി അറിയിച്ചില്ല. പരാതിക്കാരിക്ക് ലഹരി കച്ചവടമുണ്ടെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ടായിരുന്നു. അതിനാലാണ് പൊതുറോഡ് കൈയ്യേറി നിര്‍മിച്ച അവരുടെ വീട് പൊളിച്ച് നീക്കാന്‍ കൗണ്‍സിലറായ അന്‍സാരി നടപടിയെടുത്തത്. അതിന്റെ പ്രതികാരമായാണ് വ്യാജപീഡനപരാതി നല്‍കിയിരിക്കുന്നത്.''-ജഡ്ജി ചിത്രേന്ദ്ര സിങ് സോളങ്കി പറഞ്ഞു. ഷഫീഖ് അന്‍സാരി യുവതിയെ തടഞ്ഞുവച്ചതായോ ബലാത്സംഗം ചെയ്തതായോ ഭീകരത സൃഷ്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായോ തെളിയിക്കപ്പെട്ടിട്ടില്ലെന്നും കോടതി പറഞ്ഞു.

Next Story

RELATED STORIES

Share it