Sub Lead

36,000 അപേക്ഷ; കൊവിഡ് നഷ്ടപരിഹാരം രണ്ടുദിവസത്തിനകം നല്‍കാന്‍ നിര്‍ദ്ദേശം

ക്യാംപുകളും ഭവനസന്ദര്‍ശനങ്ങളും നടത്തി തുക കൈമാറാനാണ് ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

36,000 അപേക്ഷ; കൊവിഡ് നഷ്ടപരിഹാരം രണ്ടുദിവസത്തിനകം നല്‍കാന്‍ നിര്‍ദ്ദേശം
X

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുദിവസത്തിനകം നഷ്ടപരിഹാരം നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശം. ക്യാംപുകളും ഭവനസന്ദര്‍ശനങ്ങളും നടത്തി തുക കൈമാറാനാണ് ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 36,000 പേരാണ് 50000 രൂപയുടെ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. എളുപ്പത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് സഹായകരമായ വിധത്തില്‍ സോഫ്റ്റ്‌വെയറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും ആവശ്യപ്പെട്ടു.

കഴിഞ്ഞാഴ്ച കൊവിഡ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണം കേരളത്തില്‍ എന്തുകൊണ്ടാണ് കുറവെന്ന് സുപ്രിംകോടതി ചോദിച്ചിരുന്നു. അപേക്ഷ നല്‍കാത്തവരുടെ വീടുകളില്‍ എത്തി നഷ്ടപരിഹാരത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ വിശദീകരിക്കണം. ഇതുവരെ അപേക്ഷ നല്‍കിയവര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം കൈമാറണമെന്നും കേരളത്തോട് സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

പല സംസ്ഥാനങ്ങളിലും കൊവിഡ് മൂലം മരിച്ചവരെക്കാള്‍ കൂടുതല്‍ പേര്‍ അപേക്ഷ നല്‍കിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ ചോദ്യം. കേരളത്തില്‍ മരിച്ചവരുടെ കുടുംബങ്ങളില്‍ 60% മാത്രമാണ് സഹായത്തിനായി അപേക്ഷിച്ചിട്ടുള്ളതെന്നും കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യമുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും കോടതി ആവര്‍ത്തിച്ചു. കോവിഡ് നഷ്ടപരിഹാരം സംബന്ധിച്ച ഹര്‍ജി ഫെബ്രുവരി നാലിന് പരിഗണിക്കാനിരിക്കേയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തിയത്.

കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സഹായധന വിതരണവും പുരോഗമിക്കുകയാണ്. ഇതുവരെ 3794 കുട്ടികളെയാണ് അര്‍ഹരായി കണ്ടെത്തിയത്. കുട്ടികളുടെ വിവരം ജില്ലകളില്‍ ശേഖരിക്കുകയും കേന്ദ്ര ബാലാവകാശ സംരക്ഷണ കമ്മീഷന്‍ തയ്യാറാക്കിയ ബാല്‍സ്വരാജ് പോര്‍ട്ടലില്‍ രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഒറ്റത്തവണ ധനസഹായമായ മൂന്നു ലക്ഷം രൂപയും പ്രതിമാസ സ്‌പോണ്‍സര്‍ഷിപ്പായ 2000 രൂപയും ചേര്‍ത്താണ് ധനസഹായം നല്‍കുന്നത്. ജില്ലാ കളക്ടര്‍ മുഖേന കുട്ടികളുടെ വെരിഫിക്കേഷന്‍ നടത്തി പി.എം.കെയര്‍ പോര്‍ട്ടലില്‍ അപ്രൂവല്‍ രേഖപ്പെടുത്തിയവര്‍ക്കാണ് ധനസഹായം നല്‍കുക. ജില്ലാ കളക്ടര്‍മാര്‍ 101 കുട്ടികളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it