Sub Lead

യുപിയില്‍ ദുര്‍ഗാപൂജ പന്തലില്‍ തീപ്പിടിത്തം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം; 60 ലധികം പേര്‍ക്ക് പരിക്ക്

യുപിയില്‍ ദുര്‍ഗാപൂജ പന്തലില്‍ തീപ്പിടിത്തം; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം; 60 ലധികം പേര്‍ക്ക് പരിക്ക്
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ദുര്‍ഗാപൂജ പന്തലില്‍ വന്‍ തീപ്പിടിത്തം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം. 60 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 45 വയസ്സുള്ള ഒരു സ്ത്രീയും 10 ഉം 12 വയസ്സും പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. ഭദോഹി ജില്ലയില്‍ ഔറായി പോലിസ് സ്‌റ്റേഷന് സമീപമുള്ള ഏക്താ ക്ലബ് പൂജ പന്തലില്‍ ഞായറാഴ്ച രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. അന്‍കുശ് സോണി എന്ന 12 വയസ്സുകാരന് സംഭവസ്ഥലത്തുവച്ചും മറ്റു രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഗൗരംഗ് രതി പറഞ്ഞു.


60 പേരില്‍ സാരമായി പൊള്ളലേറ്റ 22 പേരെ വാരണാസിയിലെ ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റി ട്രോമ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് കരുതുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പന്തലില്‍ പ്രധാന ചടങ്ങായ ആരതി നടത്തുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഭദോഹി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കി. 150 ഓളം പേരാണ് സംഭവസമയത്ത് പന്തലിനകത്തുണ്ടായിരുന്നത്.

പൊള്ളലേറ്റ ബാക്കി 30 പേരെ സൂര്യ ട്രോമ സെന്റര്‍, ഗോപിഗഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രം, ആനന്ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണോ കാരണം എന്നതിന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ഇപ്പോള്‍ പരിക്കേറ്റവരെ ചികില്‍സിക്കുക എന്നതിനാണ് മുന്‍ഗണന. താന്‍ വാരാണസിയിലെ ഡോക്ടര്‍മാരുമായി ബന്ധപ്പെടുന്നുണ്ട്- ജില്ലാ മജിസ്‌ട്രേറ്റ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it