Sub Lead

കൊവിഡ് രോഗി മരിച്ചതിന് ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം; 24 പേര്‍ അറസ്റ്റില്‍(വീഡിയോ)

അറസ്റ്റിലായ 24 പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്

കൊവിഡ് രോഗി മരിച്ചതിന് ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം;   24 പേര്‍ അറസ്റ്റില്‍(വീഡിയോ)
X

ഗുവാഹത്തി: കൊവിഡ് രോഗി മരണപ്പെട്ടതിനു ഡോക്ടറെ ആള്‍ക്കൂട്ടം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ 24 പേര്‍ അറസ്റ്റില്‍. അസമിലെ ഹൊജായ് ജില്ലയിലെ ഉദാലിയില്‍ ചൊവ്വാഴ്ചയാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉദാലി കൊവിഡ് കെയര്‍ സെന്ററിലെ(സിസിസി) ഡോക്ടര്‍ സ്യൂജ് കുമാര്‍ സേനാപതിയെയും മറ്റു ജീവനക്കാരെയുമാണ് മരണപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും ക്രൂരമായി ആക്രമിച്ചത്. മെഡിക്കല്‍ ഉപകരണങ്ങള്‍ കൊണ്ടും മറ്റും തലയിലും ദേഹമാസകലം ആക്രമിക്കുന്നവരില്‍ ഒരു സ്ത്രീ ഉള്‍പ്പെടെയുണ്ടെന്ന് വീഡിയോയില്‍ കാണുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെയാണ് സെന്‍ട്രല്‍ അസമിലെ ഹൊജായ് ജില്ലയിലെ പോലിസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

കൊവിഡ് സ്ഥിരീകരിച്ച ശേഷം സിസിസിയില്‍ പ്രവേശിപ്പിച്ച ജിയാസുദ്ദീന്‍ എന്നയാള്‍ മരണപ്പെടാന്‍ കാരണം ഡോക്ടറുടെയും ജീവനക്കാരുടെയും അശ്രദ്ധയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. 'രോഗി ഗുരുതരാവസ്ഥയിലാണെന്ന് ബന്ധുക്കള്‍ എന്നോട് പറഞ്ഞു, എന്നാല്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹം ഇതിനകം മരണപ്പെട്ടതായി കണ്ടെത്തി. അല്‍പ്പസമയത്തിനകം അവര്‍ ആശുപത്രി ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും എന്നെ ആക്രമിക്കാനും തുടങ്ങിയെന്ന് ഡോ. സ്യൂജ് കുമാര്‍ സേനാപതി പറഞ്ഞു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും കൊവിഡ് മുന്നണിപ്പോരാളിയായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിനെതിരായ ആക്രമണം പകര്‍ച്ചവ്യാധിയോട് പോരാടുന്ന എല്ലാവരോടുമുള്ള ആക്രമണത്തിനു തുല്യമാണെന്നും സംസ്ഥാന പോലിസ് മേധാവി ഭാസ്‌കര്‍ ജ്യോതി മഹന്ത പറഞ്ഞു. അറസ്റ്റിലായ 24 പേരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്.

'ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണം ഞാന്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും നീതി ലഭിക്കുമെന്ന് ഉറപ്പു നല്‍കുന്നതായും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ഉദാലി സംഭവത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപി വിഭാഗവും മറ്റ് സര്‍ക്കാര്‍ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും അടച്ചിട്ടു. ആക്രമണത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അപലപിച്ചു.

24 arrested for assaulting doctor at COVID-19 Care Centre in Assam


Next Story

RELATED STORIES

Share it