Sub Lead

മലേഗാവ് സ്‌ഫോടനക്കേസ്: ഇളവ് വേണമെന്ന് പ്രജ്ഞാ സിങ്; ആവശ്യം തള്ളി എന്‍ഐഎ കോടതി

അനാരോഗ്യം, ദൂരം, സുരക്ഷാപ്രശ്‌നങ്ങള്‍, എല്ലാ ദിവസവും പാര്‍ലമെന്റില്‍ പങ്കെടുക്കേണ്ടതിനാല്‍ കോടതിയില്‍ എത്താനുള്ള ബുദ്ധിമുട്ട്, 'സാധ്വി' എന്ന നിലയിലുള്ള സ്വന്തം ജീവിതം എന്നിവ ചൂണ്ടിക്കാട്ടിയാണ് ആഴ്ചതോറും ഹാജരാവുന്നതില്‍നിന്ന് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രജ്ഞാ സിങ് എന്‍ഐഎ കോടതിയെ സമീപിച്ചത്.

മലേഗാവ് സ്‌ഫോടനക്കേസ്: ഇളവ് വേണമെന്ന് പ്രജ്ഞാ സിങ്; ആവശ്യം തള്ളി എന്‍ഐഎ കോടതി
X

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ ആഴ്ചയിലൊരിക്കല്‍ ഹാജരാവണമെന്ന വ്യവസ്ഥയില്‍നിന്ന് ഇളവ് തേടി മുഖ്യപ്രതികളിലൊരാളായ ഭോപ്പാല്‍ എംപി പ്രജ്ഞാ സിങ് താക്കൂര്‍ നല്‍കിയ ഹരജി പ്രത്യേക എന്‍ഐഎ കോടതി തള്ളി. അനാരോഗ്യം, ദൂരം, സുരക്ഷാപ്രശ്‌നങ്ങള്‍, എല്ലാ ദിവസവും പാര്‍ലമെന്റില്‍ പങ്കെടുക്കേണ്ടതിനാല്‍ കോടതിയില്‍ എത്താനുള്ള ബുദ്ധിമുട്ട്, 'സാധ്വി' എന്ന നിലയിലുള്ള സ്വന്തം ജീവിതം എന്നിവ ചൂണ്ടിക്കാട്ടിയാണ് ആഴ്ചതോറും ഹാജരാവുന്നതില്‍നിന്ന് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രജ്ഞാ സിങ് എന്‍ഐഎ കോടതിയെ സമീപിച്ചത്.

എല്ലാ ദിവസവും ലോക്‌സഭയില്‍ ഹാജരാവണമെന്ന വിപ്പ് ബിജെപി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പ്രജ്ഞയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും കോടതിയില്‍ ഹാജരാക്കാന്‍ അഭിഭാഷകനായില്ല. ഇന്നും പ്രജ്ഞാ സിങ് കോടതിയില്‍ ഹാജരായിരുന്നില്ല. ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളതിനാല്‍ ഭോപാലില്‍നിന്ന് മുംബൈയിലേക്ക് യാത്രചെയ്യാനുള്ള അവസ്ഥയിലല്ലാത്തതിനാല്‍ ഇന്ന് ഹാജരാവുന്നതില്‍ തല്‍ക്കാലം ഇളവുനല്‍കണമെന്ന പ്രജ്ഞയുടെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാല്‍, അടുത്ത ദിവസംതന്നെ താക്കൂര്‍ കോടതിയില്‍ ഹാജരാവണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും എന്‍ഐഎ കോടതി മുന്നറിയിപ്പ് നല്‍കി.

ആരോഗ്യാവസ്ഥ മോശമാണെന്ന് അഭിഭാഷകന്‍ പറഞ്ഞെങ്കിലും ഇത് തെളിയിക്കുന്ന യാതൊരു മെഡിക്കല്‍ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടാംതവണയാണ് പ്രജ്ഞാ സിങ് കോടതിയില്‍ ഹാജരാവുന്നതില്‍നിന്ന് വിട്ടുനില്‍ക്കുന്നത്. ജൂണ്‍ ആറിന് ആരോഗ്യനില മോശമാണെന്ന് ചൂണ്ടിക്കാട്ടി പ്രജ്ഞാ സിങ് കോടതിയില്‍ ഹാജരായിരുന്നില്ല. എന്നാല്‍, അന്നേദിവസം ഭോ പാലില്‍ നടന്ന ഒരു പൊതുചടങ്ങില്‍ പ്രജ്ഞാ സിങ് പങ്കെടുത്തത് വിവാദമായിരുന്നു. കഴിഞ്ഞ മാസം 17നാണ് മലേഗാവ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളും ആഴ്ചയിലൊരിക്കല്‍ ഹാജരാവണമെന്ന് നിര്‍ദേശിച്ച് പ്രത്യേക എന്‍ഐഎ കോടതി ഉത്തരവിട്ടത്.

കേസിന്റെ വിചാരണ അന്തിമഘട്ടത്തിലായതിനാല്‍ പ്രതികളുടെ സാന്നിധ്യം കോടതിയില്‍ നിര്‍ബന്ധമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഡിസംബറില്‍ കേസിന്റെ വിചാരണ തുടങ്ങിയ ശേഷം ഈ മാസം ആദ്യം മാത്രമാണ് പ്രജ്ഞാ സിങ് കോടതിയില്‍ ഹാജരായത്. 2008 സപ്തംബര്‍ 29ന് ആറുപേര്‍ കൊല്ലപ്പെട്ട മലേഗാവ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളാണ് പ്രജ്ഞാ സിങ് താക്കൂര്‍.

Next Story

RELATED STORIES

Share it