Sub Lead

20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ്: വന്‍ തുകകളുടെ അര്‍ത്ഥശൂന്യ പ്രഖ്യാപനം-എസ് ഡിപിഐ

20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ്: വന്‍ തുകകളുടെ അര്‍ത്ഥശൂന്യ പ്രഖ്യാപനം-എസ് ഡിപിഐ
X

ന്യൂഡല്‍ഹി: 20 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് വന്‍ തുകകള്‍ ഉള്‍ക്കൊള്ളുന്ന അര്‍ത്ഥശൂന്യമായ വെറും പ്രഖ്യാപനം മാത്രമാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ് ഡിപിഐ) ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രസ്താവിച്ചു. ജിഡിപിയുടെ 10 ശതമാനത്തിന് തത്തുല്യമാണ് ഈ തുകയെന്ന സര്‍ക്കാര്‍ വാദം സംഖ്യകള്‍ കൊണ്ടുള്ള സമര്‍ത്ഥമായ അമ്മാനമാട്ടം മാത്രമാണ്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ പേരില്‍ മുമ്പ് പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയും, പണലഭ്യത സുഗമമാക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച 6.5 ലക്ഷം കോടിയും ഇപ്പോഴത്തെ 20 ലക്ഷം കോടിയുടെ ഭാഗമാക്കിയിട്ടുണ്ട്.

ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സന്നദ്ധതയെ ആശ്രയിച്ചിരിക്കും പ്രഖ്യാപനത്തിലെ മുഖ്യ ഇനങ്ങളിലൊന്നായ ചെറുകിട-ഇടത്തര സംരംഭങ്ങള്‍ക്കായി നീക്കിവച്ച 3 ലക്ഷം കോടിയുടെ കാര്യം. കെണിയിലകപ്പെട്ട ഈ സംരംഭങ്ങളുടെ മുന്‍കാല വായ്പകള്‍ എഴുതിത്തള്ളുകയോ, അവയുടെ തിരിച്ചടവിനുളള കാലാവധി നീട്ടി നല്‍കുകയോ ചെയ്യാതെ, സാങ്കല്‍പ്പിക ആശ്വാസങ്ങളാണ് സര്‍ക്കാര്‍ ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ പേരില്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടി ഇതുവരെ വേണ്ടവിധം വിതരണം ചെയ്തിട്ടില്ലെന്നതും കാണേണ്ടതുണ്ട്. ഇപ്പോഴും തങ്ങളുടെ സ്വഗേഹങ്ങളിലേക്ക് കാല്‍നടയായി യാത്ര ചെയ്തുകൊണ്ടിരിക്കുന്ന ദരിദ്രരും അശരണരുമായ പതിനായിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്കായി യാതൊരാശ്വാസ പ്രഖ്യാപനവും ഇതിലില്ലെന്നത് ദു:ഖകരമാണ്. രാജ്യത്ത് പടര്‍ന്നുപിടിക്കുന്ന സാമ്പത്തിക ദുരിതങ്ങളെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത പിടിപ്പുകെട്ട ഒരു ഭരണകൂടത്തിന്റെ നിര്‍വികാരതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ എത്തിക്കുമെന്ന മോദിയുടെ തിരഞ്ഞെടുപ്പുകാല വാഗ്ദാനത്തിന്റെ നവീകൃത ഭാഷ്യമാണ് ഈ ഉത്തേജന പാക്കേജെന്നും ഫൈസി പറഞ്ഞു.


Next Story

RELATED STORIES

Share it