Sub Lead

സിഖ് വംശഹത്യ: വെറുതെവിട്ടവര്‍ക്കെതിരായ കേസുകളില്‍ ഒന്നരമാസത്തിനുള്ളില്‍ പോലിസ് അപ്പീല്‍ നല്‍കണം: സുപ്രിംകോടതി

സിഖ് വംശഹത്യ: വെറുതെവിട്ടവര്‍ക്കെതിരായ കേസുകളില്‍ ഒന്നരമാസത്തിനുള്ളില്‍ പോലിസ് അപ്പീല്‍ നല്‍കണം: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: 1984ലെ സിഖ് വംശഹത്യാക്കേസുകളില്‍ വെറുതെവിട്ടവര്‍ക്കെതിരായ അപ്പീലുകള്‍ ഒന്നരമാസത്തിനുള്ളില്‍ ഫയല്‍ ചെയ്യാന്‍ ഡല്‍ഹി പോലിസിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. ആറ് കേസുകളിലെ അപ്പീലുകളാണ് ഫയല്‍ ചെയ്യേണ്ടത്. സിഖ് വംശഹത്യയില്‍ ഉന്നതരെ രക്ഷിക്കാന്‍ ശ്രമം നടന്നതായി ഡല്‍ഹി ഹൈക്കോടതി മുമ്പ് ഒരു വിധിയില്‍ കണ്ടെത്തിയതായി മുതിര്‍ന്ന അഭിഭാഷകനായ എച്ച് എസ് ഫൂല്‍ഖ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് സുപ്രിംകോടതി നിര്‍ദേശം.

കേസുകളിലെ പ്രതികളായ ഉന്നതരെ രക്ഷിക്കാന്‍ ഭരണകൂടം കേസുകള്‍ ശരിയായ രീതിയില്‍ നടത്തുന്നില്ലെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ കണ്ടെത്തലെന്ന് എച്ച് എസ് ഫൂല്‍ഖ വാദിച്ചു. സിഖ് വംശഹത്യയിലെ ഒരു കേസില്‍ 56 പ്രതികളുണ്ടെങ്കിലും അഞ്ചു പേര്‍ക്കെതിരെ മാത്രമേ കുറ്റം ചുമത്തിയിരുന്നുള്ളൂ. കൂട്ടക്കൊലകളിലും കൂട്ടബലാല്‍സംഗങ്ങളിലും പോലിസ് വിചാരണ നടത്തിയില്ല. തെളിവില്ലെന്ന് പറഞ്ഞ് കേസുകളിലെ നടപടികള്‍ അവസാനിപ്പിക്കുകയാണ് ചെയ്തത്. വിചാരണ നടന്ന പല കേസുകളിലും പ്രോസിക്യൂട്ടര്‍മാര്‍ പ്രതികളുടെ ഭാഗത്തുനില്‍ക്കുകയാണ് ചെയ്തതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.

സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണമെന്ന് ആവശ്യപ്പെടുന്ന അനന്ത്പൂര്‍ സാഹിബ് പ്രമേയം 1973ല്‍ പഞ്ചാബിലെ അകാലി ദള്‍ പാര്‍ട്ടി കൊണ്ടുവന്നിരുന്നു. ഇതിനെ വിഘടനവാദമായാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കണ്ടത്. പഞ്ചാബിലെ ശക്തമായ ദംദമി തക്‌സല്‍ എന്ന സിഖ് വിഭാഗത്തിന്റെ നേതാവായ് ജര്‍ണൈല്‍ സിംഗ് ഭിന്ദ്രന്‍വാലെയും അനന്ത്പൂര്‍ സാഹിബ് പ്രമേയത്തിന് അനുകൂലമായി നിലകൊണ്ടു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് സിഖുകാരുടെ പരിശുദ്ധ കേന്ദ്രമായ അമൃത്‌സറിലെ ഹര്‍മന്ദിര്‍ സാഹിബ് (സുവര്‍ണക്ഷേത്രം) 1984ല്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ചു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ എന്നാണ് ഈ സൈനിക നടപടി അറിയപ്പെടുന്നത്.

ഇതേതുടര്‍ന്ന് 1984 ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സിഖ് മതസ്ഥരായ സുരക്ഷാസൈനികര്‍ വെടിവെച്ചു കൊന്നു. ഇതിന് ശേഷം കോണ്‍ഗ്രസുകാരും ഹിന്ദുവലതുപക്ഷവും ഡല്‍ഹിയില്‍ മാത്രം 2800ഓളം സിഖുകാരെ വെട്ടിയും കുത്തിയും കത്തിച്ചും കൊന്നു. രാജ്യത്താകെ 3350ഓളം സിഖുകാര്‍ കൊല്ലപ്പെട്ടു. ചില കണക്കുകള്‍ പ്രകാരം 8000-17,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1984 നവംബര്‍ ഒന്നിന് സിഖുകാരനായ യുവാവിനെയും മകനെയും കൊന്ന കേസില്‍ കോണ്‍ഗ്രസ് എംപിയായിരുന്ന സജ്ജന്‍കുമാര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി കോടതി കണ്ടെത്തിയിരുന്നു. സജ്ജന്‍കുമാറിനുള്ള ശിക്ഷ അടുത്ത ദിവസം വിധിക്കും.

Next Story

RELATED STORIES

Share it