Sub Lead

പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികള്‍; രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് അമിത് ഷാ

പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് 19 പ്രതിപക്ഷ പാര്‍ട്ടികള്‍; രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് അമിത് ഷാ
X

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതി പ്രകാരം നിര്‍മിച്ച പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള 19 പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയത് ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നും പ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അതേസമയം, പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അപമാനമാണെന്നും മന്ദിരം നിര്‍മിച്ചത് കൂടിയാലോചനയുമില്ലാതെയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു.

സര്‍ക്കാര്‍ ജനാധിപത്യത്തിന് ഭീഷണിയാണ്. രാഷ്ട്രപതിയെ മാറ്റിനിര്‍ത്തുന്നത് അവരെ അപമാനിക്കുന്നതും ജനാധിപത്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ നടപടിയാണ്. രാഷ്ട്രപതികൂടി ഉള്‍പ്പെടുന്നതാണ് പാര്‍ലമെന്റ് എന്ന് ഭരണഘടനയുടെ 79ാം ആര്‍ട്ടിക്കിള്‍ പറയുന്നുണ്ട്. രാഷ്ട്രപതി രാഷ്ട്രത്തിന്റെയും പാര്‍ലമെന്റിന്റെയും തലവനാണ്. രാഷ്ട്രപതിയില്ലാതെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കില്ല. പാര്‍ലമെന്റില്‍ നിന്നു ജനാധിപത്യം പുറന്തള്ളപ്പെടുമ്പോള്‍ പുതിയ കെട്ടിടത്തിന് യാതൊരു മൂല്യവുമില്ല. അതിനാലാണ് പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍, വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ പാടില്ലെന്നും ആളുകള്‍ എങ്ങനെ വേണമെങ്കിലും ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യട്ടെ എന്നുമായിരുന്നു അമിത്ഷായുടെ പ്രതികരണം.

പാര്‍ലമെന്റ് കെട്ടിടം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിപ്പ് ഉണ്ടായതു മുതല്‍ രാഷ്ട്രീയ വിവാദത്തിന് കാരണമായിട്ടുണ്ട്. രാഷ്ട്രപതിക്കു പകരം ഉദ്ഘാടന ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കക്ഷികള്‍ പരിപാടി ബഹിഷ്‌കരിക്കുന്നത്. കോണ്‍ഗ്രസ്, ഡിഎംകെ, എഎപി, ശിവസേന ഉദ്ദവ് താക്കറെ വിഭാഗം, എസ്പി, സിപിഐ, ജെഎംഎം, കേരള കോണ്‍ഗ്രസ് മാണി, വിസികെ, ആര്‍എല്‍ഡി, തൃണമൂല്‍ കോണ്‍ഗ്രസ്, ജനതാദള്‍ യു, എന്‍സിപി, ആര്‍ജെഡി, മുസ് ലിം ലീഗ്, നാഷനല്‍ കോണ്‍ഫറന്‍സ്, ആര്‍എസ്പി, എംഡിഎംകെ എന്നീ പാര്‍ട്ടികളാണ് സംയുക്ത പ്രസ്താവനയിലൂടെ ബഹിഷ്‌കരണം പ്രഖ്യാപിച്ചത്. 19 പാര്‍ട്ടികളെ കൂടാതെ സിപിഎമ്മും ഉദ്ഘാടനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ബിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി എന്നിവ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. സംഘപരിവാര ആചാര്യന്‍ വി ഡി സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനമായ മെയ് 28 ആണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനായ തിരഞ്ഞെടുത്തത് എന്നതും വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

Next Story

RELATED STORIES

Share it