Big stories

ധക്ക സ്‌ഫോടനം: മരണസംഖ്യ 16 ആയി; 120 പേര്‍ക്ക് പരിക്ക്

ധക്ക സ്‌ഫോടനം: മരണസംഖ്യ 16 ആയി; 120 പേര്‍ക്ക് പരിക്ക്
X

ധക്ക: ബംഗ്ലാദേശ് ധക്കയിലെ ഗുലിസ്ഥാന്‍ മേഖലയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയി. 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഞ്ച് നില കെട്ടിടത്തിന്റെ നാലും അഞ്ചും നിലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. 11 അഗ്‌നിശമന സേനാ അത്യാഹിത വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ധക്ക മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ 120 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഡിഎംസിഎച്ച് ഡയറക്ടര്‍ ബ്രിഗ് ജനറല്‍ എംഡി നസ്മുല്‍ ഹഖ് പറഞ്ഞു.

കോണ്‍ക്രീറ്റ് മുറിച്ചുമാറ്റി വേണം രക്ഷാപ്രവര്‍ത്തനം നടത്താനെന്നും അഗ്‌നിശമന സേന അതിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ധാക്ക മെട്രോപൊളിറ്റന്‍ പോലിസ് അഡീഷനല്‍ കമ്മീഷണര്‍ ഹാഫിസ് അക്തര്‍ പറഞ്ഞു. തിരക്കേറിയ സിദ്ദിഖ് ബസാറില്‍ സ്ഥിതിചെയ്യുന്ന കെട്ടിടം നിരവധി ഓഫീസുകളും സ്‌റ്റോറുകളും ഉള്ള ഒരു വാണിജ്യ കെട്ടിടമായിരുന്നു.അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ശുചീകരണ സാമഗ്രികള്‍ വില്‍ക്കുന്ന കടയിലാണ് സ്‌ഫോടനമുണ്ടായത്. സിതകുണ്ഡയിലെ ഓക്‌സിജന്‍ പ്ലാന്റിലും ധാക്കയിലെ മിര്‍പൂര്‍ റോഡിലെ മറ്റൊരു കെട്ടിടത്തിലുമുണ്ടായ സ്‌ഫോടനത്തിന് ശേഷം ഒരാഴ്ചയ്ക്കിടെയുണ്ടാവുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്.

സ്‌ഫോടനത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ വിള്ളലുകള്‍ കണ്ടിരുന്നു. ഇതോടെ അഗ്‌നിശമനസേന രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. എന്‍ജിനീയര്‍മാര്‍ സ്ഥലത്തെത്തിയ ശേഷം അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിക്കും. ബംഗ്ലാദേശ് സൈന്യത്തിന്റെ ബോംബ് നിര്‍വീര്യമാക്കല്‍ യൂനിറ്റ് ഗുലിസ്ഥാനിലെ കെട്ടിട സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടെന്ന് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ സ്‌ഫോടനം നടന്ന സ്ഥലത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it