Big stories

11ാം ശമ്പളപരിഷ്‌കരണ കമ്മിഷന്‍ ജൂണിനുള്ളില്‍ നിലവില്‍വരും

10ാം കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കിയ 2016-17ല്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ 43650 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടതെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണക്കുകള്‍ പുറത്തുവിട്ടിരുന്നു

11ാം ശമ്പളപരിഷ്‌കരണ കമ്മിഷന്‍ ജൂണിനുള്ളില്‍ നിലവില്‍വരും
X

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും പരിഷ്‌കരിക്കാനുള്ള 11ാം ശമ്പള കമ്മിഷന്‍ ജൂണ്‍ മാസത്തിനുള്ളില്‍ നിലവില്‍ വരും. പത്താം കമ്മിഷന്റെ ശുപാര്‍ശ അംഗീകരിച്ച് 2014 ജൂലൈ മുതലാണ് വര്‍ധിച്ച ശമ്പളം നല്‍കിയത്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത്. ഇതനുസരിച്ച് ഈ വര്‍ഷം ജൂലൈ മുതല്‍ ശമ്പളവര്‍ധനവ് നടപ്പാക്കണം. സാധാരണ ഗതിയില്‍ കമ്മിഷനെ നിയമിച്ചാല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുവര്‍ഷം അനുവദിക്കാറുണ്ട്. മുന്‍കാലങ്ങളിലെല്ലാം സര്‍ക്കാരുകളുടെ അവസാന കാലത്ത് കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കുകയും അതംഗീകരിക്കുകയുമാണു ചെയ്തിരുന്നത്. എന്നാല്‍, ഈ വര്‍ഷം സര്‍ക്കാരിന്റെ അവസാനകാലത്തേക്ക് നീട്ടാതെ ശമ്പള പരിഷ്‌കരണ നടപടി പൂര്‍ത്തിയാക്കാനാണ് ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ തീരുമാനം. ശമ്പളവര്‍ധനവ് കുടിശ്ശികയായ ഈ വര്‍ഷം ജൂലൈ മുതല്‍ മുന്‍കാലപ്രാബല്യത്തോടെ പരിഷ്‌കരണം നടപ്പാക്കണമെന്ന് ജീവനക്കാരുടെ സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. ഇത് അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് ജീവനക്കാര്‍ക്കിടയില്‍ കൂടുതല്‍ അംഗീകരവും സ്വീകാര്യതയും ലഭിക്കുമെന്നാണു കണക്കുകൂട്ടല്‍. തിരഞ്ഞെടുപ്പില്‍ അത് നേട്ടമാവുമെന്നും വിലയിരുത്തലുണ്ട്.

ശമ്പളപരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞ ദിവസത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ പത്താം ശമ്പള കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കിയപ്പോള്‍ അഞ്ചുവര്‍ഷത്തേക്ക് 7222 കോടിയുടെ അധിക ബാധ്യതയാണ് കണക്കുകൂട്ടിയത്. സാമ്പത്തികപ്രതിസന്ധി കണക്കിലെടുത്ത് അഞ്ചുവര്‍ഷം കൂടുമ്പോള്‍ ശമ്പളം പരിഷ്‌കരിക്കുന്നത് നിര്‍ത്തി 10 വര്‍ഷത്തില്‍ ഒരിക്കലാക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. 10ാം കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കിയ 2016-17ല്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ 43650 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടതെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയായ രണ്ടുഗഡു ക്ഷാമബത്തയും നല്‍കാനുണ്ട്. ഏപ്രില്‍ മാസത്തെ ശമ്പളത്തോടൊപ്പം ഇത് നല്‍കുകയാണെങ്കില്‍ വര്‍ഷം 1200 കോടിരൂപയുടെ അധികബാധ്യതയുണ്ടാവും. ഏതായാലും ജീവനക്കാരുടെ ശമ്പള വര്‍ധനവ് സംബന്ധിച്ച കാര്യങ്ങളില്‍ ഇടതുസര്‍ക്കാര്‍ നടപടി വേഗത്തിലാക്കാനാണു സാധ്യത.




Next Story

RELATED STORIES

Share it