Sub Lead

ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് അപകടം: മരണസംഖ്യ 149 ആയി; 150 ഓളം പേര്‍ക്ക് പരിക്ക് (വീഡിയോ)

ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് അപകടം: മരണസംഖ്യ 149 ആയി; 150 ഓളം പേര്‍ക്ക് പരിക്ക് (വീഡിയോ)
X

സോള്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളിലെ പ്രമുഖ മാര്‍ക്കറ്റില്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ എണ്ണം 149 ആയി. 150 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇറ്റാവോയിലെ ഇടുങ്ങിയ തെരുവിലാണ് ആഘോഷങ്ങള്‍ക്കിടെ ദാരുണ സംഭവം അരങ്ങേറിയത്. തിരക്കില്‍പ്പെട്ട പലര്‍ക്കും ശ്വാസതടസ്സവും ഹൃദയാഘാതവുമുണ്ടായതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. തെരുവില്‍ പലരും വീണുകിടക്കുന്നതും പോലിസും ഫയര്‍ഫോഴ്‌സും സിപിആര്‍ നല്‍കാന്‍ ശ്രമിക്കുന്നതുമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നൂറുകണക്കിന് കടകളും പാര്‍ട്ടി സ്ഥലങ്ങളുമുള്ള മെഗാസിറ്റിയുടെ സെന്‍ട്രല്‍ ഡിസ്ട്രിക്ടായ ഇറ്റാവോണില്‍ ശനിയാഴ്ച രാത്രി ഏകദേശം ഒരുലക്ഷം ജനക്കൂട്ടം തടിച്ചുകൂടിയതായി പ്രാദേശിക വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ക്ക് നിരവധി സഹായാഭ്യര്‍ഥനകളാണ് വരുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. നഗരത്തിലെ പ്രസിദ്ധ പാര്‍ട്ടി കേന്ദ്രങ്ങളില്‍ ഒന്നായ ഹാമില്‍ട്ടന്‍ ഹോട്ടലിന് സമീപമായിരുന്നു ജനക്കൂട്ടം. ഒരുഭാഗത്ത് നിന്നു ആളുകള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടങ്ങളിലേക്ക് നയിച്ചതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം രണ്ടുവര്‍ഷത്തെ നിശബ്ദ ആഘോഷങ്ങള്‍ക്ക് ശേഷമുള്ള ആദ്യത്തെ ഹാലോവീന്‍ ഒക്ടോബര്‍ 31ന് നടക്കാനിരിക്കെയാണ് ജനം തടിച്ചുകൂടിയത്. പ്രാദേശിക സമയം അര്‍ധരാത്രിക്ക് തൊട്ടുമുമ്പ് ഒരു ഹോട്ടലിന് സമീപം ഡസന്‍ കണക്കിന് ആളുകള്‍ ബോധരഹിതരായി വീണതായി ദ കൊറിയ ഹെറാള്‍ഡ് റിപോര്‍ട്ട് ചെയ്തു. 10.30 ഓടെയാണ് ശ്വാസതടസ്സം സംബന്ധിച്ച ആദ്യ റിപോര്‍ട്ട് ലഭിച്ചതെന്ന് അഗ്‌നിശമനസേനാ അധികൃതര്‍ പറഞ്ഞു.

ഒരു മണിക്കൂറിനുള്ളില്‍ എണ്ണം 100 കടന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ആദ്യമരണം റിപോര്‍ട്ട് ചെയ്തത്- ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളായ പിടിഐയും എഎഫ്പിയും പറയുന്നു. ആദ്യം റിപോര്‍ട്ട് ചെയ്ത ഒമ്പതില്‍ നിന്ന് 59 ആയും പിന്നീട് രാവിലെ മരണസംഖ്യ 149 ആയും ഉയര്‍ന്നു. സംഭവസ്ഥലത്തേക്ക് 140ലധികം ആംബുലന്‍സുകള്‍ അയച്ചതായി അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. തിക്കും തിരക്കുമുള്ളകിനാല്‍ ഈ പ്രദേശത്തേക്ക് വരരുതെന്ന് ട്വിറ്ററിലൂടെ പലരും അഭ്യര്‍ഥിച്ചെങ്കിലും ജനക്കൂട്ടം ഒഴുകിയെത്തിക്കൊണ്ടിരുന്നു.

Next Story

RELATED STORIES

Share it