Sub Lead

ആര്‍എസ്എസുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച മതപണ്ഡിതന്‍ ഐസിയുവില്‍ തുടരുന്നു; മുഖ്യപ്രതികളെ പിടികൂടാതെ പോലിസ്

ആര്‍എസ്എസുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച മതപണ്ഡിതന്‍ ഐസിയുവില്‍ തുടരുന്നു; മുഖ്യപ്രതികളെ പിടികൂടാതെ പോലിസ്
X

മഞ്ചേശ്വരം: ശബരിമല യുവതീ പ്രവേശനത്തിനെതിരെ സംഘ്പരിവാര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ആര്‍എസ്എസ് ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മദ്‌റസാധ്യാപകന്‍ ഐസിയുവില്‍ തുടരുന്നു. ബായാര്‍ സ്വദേശി കരീം മുസ്‌ലിയാര്‍(40) ആണ് ഗുരുതരാവസ്ഥയിലുള്ളത്. മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി മാത്രമാണുള്ളതെന്ന് എ്‌സ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ ഹൊസങ്കടി തേജസ് ന്യൂസിനോട് പറഞ്ഞു. ഒരു വശം തളര്‍ന്ന നിലയിലാണുള്ളത്. ചെറിയ രീതിയില്‍ സംസാരിക്കാന്‍ സാധിക്കുന്നുണ്ട്.

കേസിലെ മുഖ്യ പ്രതിയെ ഉള്‍പ്പെടെ പിടികൂടാന്‍ ഇപ്പോഴും പോലിസിന് സാധിച്ചിട്ടില്ല. 40ഓളം പേര്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ അഞ്ചു പേരെ മാത്രമാണ് രണ്ടാഴ്ച്ച തികയുമ്പോഴും പോലിസിന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചത്. പ്രതികളില്‍ നാലുപേര്‍ കര്‍ണാടക സ്വദേശികളാണ് ഇതില്‍ രണ്ടുപേരെ മാത്രമാണ് പിടികൂടിയത്. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമാണ് ബായാര്‍ എന്നതിനാല്‍ പ്രതികള്‍ മിക്കവരും കര്‍ണാടകയിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.

കരീം മുസ്‌ലിയാരെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. പ്രതികള്‍ ആരെന്നത് ദൃശ്യങ്ങളില്‍ നിന്ന് ഏറെക്കുറെ വ്യക്തമായിട്ടും പോലിസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്.

ബായാര്‍ പള്ളിയിലെ ഇമാമായ കരീം മുസ്‌ലിയാര്‍ ബൈക്കില്‍ വരുന്നതിനിടെ ആര്‍എസ്എസ് സംഘം ആക്രമിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് അദ്ദേഹത്തെ ബൈക്കില്‍ നിന്ന് അടിച്ച് താഴെയിട്ടത്. താഴെ വീണ അദ്ദേഹത്തെ ഇരുമ്പ് പൈപ്പുകളും വടികളും ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു. കരീം മുസ്‌ലിയാര്‍ ബോധരഹിതനായതോടെയാണ് സംഘം പിന്‍വാങ്ങിയത്. ഏറെനേരം റോഡില്‍ കിടന്ന അദ്ദേഹത്തെ നാട്ടുകാര്‍ ആദ്യം ബന്തിയോട് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നില ഗുരുതരമായതോടെ മംഗളൂരു യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റി.

നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമായ കരീം മുസ്‌ലിയാരുടെ തുടര്‍ ചികിത്സക്ക് പണം കണ്ടെത്താനാകാതെ നാട്ടുകാരുടെ സഹായം തേടുകയാണ് ബന്ധുക്കള്‍. അദ്ദേഹത്തിന്റെ ദയനീയ സ്ഥിതി തേജസ് ന്യൂസ് കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നിരവധി സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാഅ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കരീം മുസ്ല്യാരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആര്‍എസ്എസിന്റെ ഇത്തരത്തിലുള്ള ആള്‍ക്കൂട്ട ആക്രമണത്തെ പ്രതിരോധിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ട് വരണമെന്ന് നാസര്‍ ഫൈസി ആവശ്യപ്പെട്ടു. കരീം മുസ്ല്യാരുടെ ചികില്‍സാ ചെലവിന് 10 ലക്ഷത്തോളം രൂപ വേണ്ടി വരും. ഇതിനകം നാല് ലക്ഷം ചെലവായിക്കഴിഞ്ഞു. ആവശ്യമായ തുക കണ്ടെത്തുന്നതിന് അടുത്ത വെള്ളിയാഴ്ച്ച പള്ളികളില്‍ ഫണ്ട് ശേഖരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it