Sub Lead

നെഹ്‌റുവിനെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചത്'; വാക്കുപിഴയുണ്ടായതില്‍ ദുഖം, വിശദീകരണവുമായി സുധാകരന്‍

നെഹ്‌റുവിനെ ഉയര്‍ത്തിക്കാട്ടാനാണ് ശ്രമിച്ചത്; വാക്കുപിഴയുണ്ടായതില്‍ ദുഖം, വിശദീകരണവുമായി സുധാകരന്‍
X

കണ്ണൂര്‍: ജവഹർലാൽ നെഹ്‌റുവിനെക്കുറിച്ചുള്ള പരാമ‌ർശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂര്‍ ഡിസിസി നടത്തിയ നവോത്ഥാന സദസില്‍ ആധുനിക ഇന്ത്യയുടെ ശില്‍പ്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നാണ് സുധാകരന്‍റെ വാദം. എതിര്‍ ശബ്‍ദങ്ങളെപ്പോലും കേള്‍ക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ സഹിഷ്ണുതയെ ആഴത്തില്‍ പരാമര്‍ശിക്കാനുമാണ് ശ്രമിച്ചത്.


ഭാരതീയ ജനസംഘം സ്ഥാപക നേതാവായ ശ്യാമപ്രസാദ് മുഖര്‍ജിയെയും കോണ്‍ഗ്രസിനോടും നെഹ്‌റുവിനോടും രാഷ്ട്രീയമായി വിയോജിച്ചിരുന്ന ബി ആര്‍ അംബേദ്കറേയും പ്രഥമ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ഓര്‍മിപ്പിച്ചിരുന്നു. പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്‍റിന്‍റെ പ്രവര്‍ത്തനം ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന തിരിച്ചറിവില്‍ കേവലം 16 അംഗങ്ങള്‍ മാത്രമുള്ള, മതിയായ അംഗസംഖ്യ പോലുമില്ലാത്ത സിപിഐ നേതാവായ എ കെ ഗോപാലന് പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്തതും അതേ പ്രസംഗത്തില്‍ തന്നെ സൂചിപ്പിച്ചിരുന്നു.


നെഹ്‌റുവിന്റെ ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ ചരിത്രത്താളുകളില്‍ ശേഷിക്കുന്ന തെളിവുകളായിട്ടാണ് ഞാന്‍ അതിനെ വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റു മുഖത്തിന് നേരെ ജനാധിപത്യത്തിന്റെ കണ്ണാടി വെച്ചുകൊടുക്കാന്‍ വേണ്ടിയാണ് അത്രയും പറഞ്ഞു വെച്ചത്. എതിര്‍ ശബ്‍ദങ്ങളെപ്പോലും പരിഗണിക്കുകയെന്നത് ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യമാണെന്ന് ഓര്‍മപ്പെടുത്തുകയാണ് നെഹ്‌റു അനുസ്മരണ പ്രഭാഷണത്തിലൂടെ ചെയ്തതെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഉജ്വലലമായ പോരാട്ടത്തിലൂടെ രാജ്യത്തെ ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും സ്വതന്ത്രമാക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രഥമ മന്ത്രിസഭയില്‍ എല്ലാ കക്ഷികള്‍ക്കും പങ്കാളിത്തമുണ്ടാകണമെന്ന രാഷ്ട്രീയ ബോധമാണ് ഉയര്‍ത്തിപ്പിടിച്ചത്.

Next Story

RELATED STORIES

Share it