Sub Lead

പോലിസ് അതിക്രമത്തിനെതിരേ പ്രതിഷേധ സം​ഗമം ഉദ്ഘാടനം ചെയ്ത അഭിഭാഷകനെതിരേ കലാപാഹ്വാനത്തിന് കേസ്

പോലിസ് അതിക്രമത്തിനെതിരേ പ്രതിഷേധ സം​ഗമം ഉദ്ഘാടനം ചെയ്ത അഭിഭാഷകനെതിരേ കലാപാഹ്വാനത്തിന് കേസ്
X

മലപ്പുറം: കേരളത്തിൽ വർധിച്ചുവരുന്ന പോലിസ് അതിക്രമത്തിനെതിരേ പുരോ​ഗമന യുവജന പ്രസ്ഥാനം സംഘടിപ്പിച്ച പ്രതിഷേധ സം​ഗമം ഉദ്ഘാടനം ചെയ്തതിന് പൗരാവകാശ പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. പി എ പൗരനെതിരേ കലാപാഹ്വാനത്തിന് കേസെടുത്ത് കേരള പോലിസ്. തിങ്കളാഴ്ച്ച വൈകീട്ട് മലപ്പുറം മഞ്ചേരിയിലാണ് പ്രതിഷേധ സം​ഗമം നടന്നത്.

പോലിസ് അതിക്രമങ്ങളിൽ കുറ്റവാളികളായ പോലിസുകാർക്കെതിരേ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കുക, സർവീസിൽ നിന്നും പിരിച്ചു വിടുക, കേരളത്തിലെ മുഴുവൻ പോലിസ് അതിക്രമങ്ങളിലും, കസ്റ്റഡി കൊലപാതകങ്ങളിലും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡിഷ്യൽ അന്വേഷണം നടത്തുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് പിവൈഎം മഞ്ചേരി ടൗണിൽ പ്രതിഷേധ പൊതുയോ​ഗം സംഘടിപ്പിച്ചത്.


മഞ്ചേരി സ്റ്റേഷനിലെ എസ്ഐ വീട്ടിലെത്തി ചൊവ്വാഴ്ച്ച രാവിലെ ചോദ്യം ചെയ്യാൻ ഹാജരാവണമെന്ന് പറഞ്ഞപ്പോഴാണ് കേസെടുത്ത വിവരം അറിയുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന പോലിസ് ഭീകരതയിൽ പ്രതിഷേധിച്ച് പുരോ​ഗമന യുവജന പ്രസ്ഥാനം സം​ഘടിപ്പിച്ച പ്രതിഷേധ പൊതുയോ​ഗം ഉദ്ഘാടനം ചെയ്യാൻ എന്നെ വിളിച്ചിരുന്നു. പൗരാവകാശ പ്രവർത്തകനെന്ന നിലയിലും പിയുസിഎൽ സംസ്ഥാന സെക്രട്ടറി എന്ന നിലയിലും ഞാൻ ആ പ്രതിഷേധ സം​ഗമം ഉദ്ഘാടനം ചെയ്തിരുന്നു. – പൗരൻ പറഞ്ഞു.


ചൊവ്വാഴ്ച്ച വൈകീട്ടോടെയാണ് എസ്ഐ വീട്ടിൽ വന്ന് നോട്ടിസ് തന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ പൊതുയോ​ഗത്തിൽ പങ്കെടുത്തവർക്കെതിരേയും നേതൃത്വം നൽകിയവർക്കെതിരേയും കലാപാഹ്വാനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it