Sub Lead

വിദ്വേഷ പ്രസംഗം: ഹിന്ദുത്വസംഘടനയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഡല്‍ഹി പോലിസിന് സുപ്രിംകോടതിയില്‍ തിരിച്ചടി, 'മികച്ച സത്യവാങ്മൂലം' നല്‍കുമെന്ന് ഉറപ്പ്

വിദ്വേഷ പ്രസംഗം: ഹിന്ദുത്വസംഘടനയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഡല്‍ഹി പോലിസിന് സുപ്രിംകോടതിയില്‍ തിരിച്ചടി, മികച്ച സത്യവാങ്മൂലം നല്‍കുമെന്ന് ഉറപ്പ്
X

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുത്വ സംഘടനയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഡല്‍ഹി പോലിസിന് സുപ്രിംകോടതിയില്‍ തിരിച്ചടി. 2021 ഡിസംബര്‍ 19ന് ഡല്‍ഹിയില്‍ ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച മതസമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിട്ടില്ലെന്നായിരുന്നു ഡല്‍ഹി പോലിസ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം. എന്നാല്‍, ഇതിനെ ഹരജിക്കാരെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തതോടെയാണ് ഡല്‍ഹി പോലിസ് വെട്ടിലായത്. ഇതോടെ ഹിന്ദുത്വ സംഘടനയ്ക്ക് അനുകൂലമായി സമര്‍പ്പിച്ച ഏകപക്ഷീയ സത്യവാങ്മൂലം പുനപ്പരിശോധിക്കാമെന്ന് ഡല്‍ഹി പോലിസ് സമ്മതിച്ചു.

വിദ്വേഷ പ്രസംഗത്തില്‍ 'മികച്ച സത്യവാങ്മൂലം' സമര്‍പ്പിക്കുമെന്നും ഡല്‍ഹി പോലിസ് സുപ്രിംകോടതിയില്‍ ഉറപ്പുനല്‍കി. ഡല്‍ഹി പോലിസിന്റെ സത്യവാങ്മൂലത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് കപില്‍ സിബല്‍ സുപ്രിംകോടതിയില്‍ ഉന്നയിച്ചത്. ഡല്‍ഹിയിലെ ധരം സന്‍സദില്‍ (ഹിന്ദു മത പാര്‍ലമെന്റ്) നടന്നത് ന്യൂനപക്ഷ സമുദായത്തിനെതിരായ കൊലവിളി പ്രസംഗങ്ങളായിരുന്നില്ലെന്നും സ്വസമുദായത്തെ ശാക്തീകരിക്കാനുള്ള പ്രസംഗങ്ങളായിരുന്നുവെന്നും പറഞ്ഞാണ് ഡല്‍ഹി പോലിസ് സംഭവത്തെ ന്യായീകരിച്ചത്. 'തങ്ങളുടെ സമുദായത്തിന്റെ ധാര്‍മികത' സംരക്ഷിക്കാനാണ് ആളുകള്‍ ഒത്തുകൂടിയത്.

ദൃശ്യശ്രവ്യ പരിശോധനയ്ക്ക് ശേഷമുള്ള അന്വേഷണത്തില്‍ പ്രസംഗത്തില്‍ ഒരു പ്രത്യേക സമുദായത്തിനും അവിടെ ഒത്തുകൂടിയ ആളുകള്‍ക്കുമെതിരേ വിദ്വേഷകരമായ വാക്കുകളൊന്നും അടങ്ങിയിട്ടില്ലെന്ന് കണ്ടെത്തിയെന്നും പോലിസ് വ്യക്തമാക്കി. നിങ്ങളുടെ പ്രഭുക്കന്‍മാര്‍ക്ക് ഭരണഘടനാപരമായി തീരുമാനിക്കേണ്ടിവന്നേക്കാം, എന്താണ് ധാര്‍മികത ?'- കപില്‍ സിബല്‍ ചോദിച്ചു. ഡെപ്യൂട്ടി പോലിസ് കമ്മീഷണറാണ് സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. 'നിങ്ങള്‍ ഈ നിലപാട് അംഗീകരിക്കുന്നുണ്ടോ... ഞങ്ങള്‍ക്ക് അത് അറിയണം.

ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ ഇത് പരിശോധിച്ചിട്ടുണ്ടോ? അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ (എഎസ്ജി) കെ എം നടരാജിനോട് ജഡ്ജി ചോദിച്ചു. ഈ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് മുമ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മറ്റ് വശങ്ങളുടെ സൂക്ഷ്മത മനസ്സിലാക്കിയിട്ടുണ്ടോയെന്ന് ഞങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അഭയ് എസ് ഓകെ പറഞ്ഞു. പോലിസ് കേവലം ഒരു അന്വേഷണ റിപോര്‍ട്ട് പുനര്‍നിര്‍മിച്ചതാണോ അതോ തന്റെ മനസിലെ കാര്യങ്ങള്‍ പ്രയോഗിച്ചതാണോ? നിങ്ങള്‍ക്ക് ഇത് വീണ്ടും പരിശോധിക്കേണ്ടതുണ്ടോ ?'- ബെഞ്ച് ആരാഞ്ഞു.

സബ് ഇന്‍സ്‌പെക്ടര്‍ ലെവല്‍ ഓഫിസറുടെ അന്വേഷണ റിപോര്‍ട്ടിന്റെ പുനരാവിഷ്‌കരണമാണോ നിങ്ങളുടെ നിലപാടെന്നും ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ചോദിച്ചു. 'സത്യവാങ്മൂലം ഞങ്ങള്‍ക്ക് ഒന്നുകൂടി പരിശോധിക്കണം'- ഡല്‍ഹി പോലിസിനെ പ്രതിനിധീകരിച്ച് നടരാജ് സുപ്രിംകോടതിയില്‍ മറുപടി നല്‍കി. 'നിങ്ങള്‍ക്ക് മുഴുവന്‍ കാര്യങ്ങളും പുനരവലോകനം ചെയ്യണോ?... ഇതാണോ ഡല്‍ഹി പോലിസ് കമ്മീഷണറുടെ നിലപാട് ? ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ നടരാജിനോട് ചോദിച്ചു. ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിന് ശേഷം പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് നടരാജ് കോടതിയെ അറിയിച്ചു.

വിഷയത്തില്‍ മികച്ച സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായി സുപ്രിംകോടതി ചൂണ്ടിക്കാട്ടി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലിസിന് സുപ്രിംകോടതി രണ്ടാഴ്ച സമയം അനുവദിച്ചു. മെയ് 9ന് കേസ് കൂടുതല്‍ വാദം കേള്‍ക്കാന്‍ ഷെഡ്യൂള്‍ ചെയ്തു. മെയ് 4നോ അതിനുമുമ്പോ പോലിസ് മികച്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ബെഞ്ച് നിര്‍ദേശിത്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് 'ഹിന്ദു യുവവാഹിനി' ഇവിടെ സംഘടിപ്പിച്ച പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് ചില പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അതെല്ലാം ഏകീകരിച്ച് അന്വേഷണം നടത്തിയെന്നും സത്യവാങ്മൂലത്തില്‍ ഡല്‍ഹി പോലിസ് പറഞ്ഞു.

യോഗത്തില്‍ സുദര്‍ശന്‍ ന്യൂസ് ടിവി എഡിറ്റര്‍ സുരേഷ് ചവാങ്കെ നടത്തിയ പ്രസംഗം ഏതെങ്കിലും പ്രത്യേക സമുദായത്തിനെതിരെയുള്ള വിദ്വേഷ പ്രസംഗത്തിന് തുല്യമല്ലെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ക്ലിപ്പില്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തിനോ സമൂഹത്തിനോ എതിരേ പരാമര്‍ശമില്ലെന്ന് ഡല്‍ഹി പോലിസ് പറയുന്നു. 2021 ഡിസംബര്‍ 19ന് ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ വിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്ന് സൗത്ത് ഈസ്റ്റ് ഡല്‍ഹി ഡെപ്യൂട്ടി പോലിസ് കമീഷണര്‍ ഇഷ പാണ്ഡെയാണ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തില്‍ സമര്‍പ്പിച്ചത്.

ധരം സന്‍സദില്‍ മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് അവസാനിപ്പിച്ചതായാണ് ഡല്‍ഹി പോലിസ് കോടതിയെ അറിയിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എസ് ക്യു ആര്‍ ഇല്യാസും ഫൈസല്‍ അഹമ്മദുമാണ് വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഗോവിന്ദ്പുരി മെട്രോ സ്‌റ്റേഷനു സമീപത്ത് ഹിന്ദു യുവവാഹിനി സംഘടിപ്പിച്ച ഘോഷയാത്രയില്‍ വിദ്വേഷ പ്രസംഗങ്ങളിലൂടെ ജനവികാരം ഇളക്കിവിട്ടതായി പരാതിയില്‍ പറഞ്ഞു. ഇത് മേഖലയില്‍ പരിഭ്രാന്തി പരത്തിയെന്നും പരാതിയില്‍ പറയുന്നു. വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ സമഗ്രമായ അന്വേഷണം ആരംഭിച്ചെന്നാണ് പോലിസ് വാദം.

Next Story

RELATED STORIES

Share it