Sub Lead

റനില്‍ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രസിഡന്റിന്റെ ഓഫിസിന് പുറത്ത് പ്രതിഷേധം

ആറ് തവണ പ്രധാനമന്ത്രിയായിട്ടുള്ള വിക്രമസിംഗെയെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി എംപിമാര്‍ വന്‍ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുത്തത്.

റനില്‍ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രസിഡന്റിന്റെ ഓഫിസിന് പുറത്ത് പ്രതിഷേധം
X

കൊളംബോ: പാര്‍ലമെന്റിലെ രഹസ്യബാലറ്റില്‍ റനില്‍ വിക്രമസിംഗെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രസിഡന്റിന്റെ ഓഫിസിന് പുറത്ത് വന്‍ പ്രതിഷേധം. ആറ് തവണ പ്രധാനമന്ത്രിയായിട്ടുള്ള വിക്രമസിംഗെയെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി എംപിമാര്‍ വന്‍ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുത്തത്.

പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് നടക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച അരാജകത്വത്തിനൊടുവില്‍ രാജപക്‌സെയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ്.പ്രസിഡന്റ് രാജപക്‌സെ ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്തതിനെത്തുടര്‍ന്ന് ജൂലൈ 13ന് ആക്ടിംഗ് പ്രസിഡന്റായി വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തിരുന്നു.


ആറ് തവണ പ്രധാനമന്ത്രിയായ റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റിലേക്ക്


ശ്രീലങ്കയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ 73 കാരനായ വിക്രമസിംഗെയ്ക്ക് ദ്വീപ് രാഷ്ട്രത്തിന്റെ പ്രസിഡന്റാകാനുള്ള ആഗ്രഹം വളരെക്കാലമായി ഉണ്ടായിരുന്നു. നേരത്തേ അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നുവെങ്കിലും വിജയം കൈവിടുകയായിരുന്നു. എന്നാല്‍, ഒരിക്കല്‍ പോലും മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കാനായില്ലെങ്കിലും ആറു തവണ പ്രധാനമന്ത്രിയായിട്ടുണ്ട്.

സാമ്പത്തിക രംഗം തകര്‍ന്നടിഞ്ഞതിനാല്‍ ദുഷ്‌കരമായ പാതയാണ് വിക്രമസിംഗെയുടെ മുന്നിലുള്ളത്. ഇന്ധനം, ഭക്ഷണം, മരുന്നുകള്‍ എന്നിവയുടെ രൂക്ഷമായ ക്ഷാമം നേരിടുന്ന ശ്രീലങ്കക്കാര്‍ കൂടുതല്‍ പ്രകടനങ്ങളും പ്രതിഷേധങ്ങളും പ്രതീക്ഷിക്കുന്നു.

മുന്നിലുള്ളത് വലിയ വെല്ലുവിളിയെന്ന് വിക്രമസിംഗെ

ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ട് വിക്രമസിംഗെ പറഞ്ഞു, 'രാജ്യം വളരെ പ്രയാസകരമായ സാഹചര്യത്തിലാണ്, ഞങ്ങള്‍ക്ക് വലിയ വെല്ലുവിളികള്‍ മുന്നിലുണ്ട്.'

'നമ്മുടെ രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് ഞാന്‍ നിങ്ങളോട് പറയേണ്ടതില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അവസാനിച്ചതിനാല്‍ ഈ വിഭജനം അവസാനിപ്പിക്കണം. ഭിന്നിച്ച് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് 48 മണിക്കൂര്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇനി മുതല്‍ നിങ്ങളുമായി ഒരു സംഭാഷണത്തിന് ഞാന്‍ തയ്യാറാണ്'- വിക്രമസിംഗെ പറഞ്ഞു. തന്നോട് സഹകരിക്കാനും പ്രവര്‍ത്തിക്കാനും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് അദ്ദേഹം ആവശ്യപ്പെടുന്നു.

റനില്‍ വിക്രമസിംഗെക്ക് എത്ര വോട്ടുകള്‍ ലഭിച്ചു?

225 അംഗ നിയമസഭയില്‍ റനില്‍ വിക്രമസിംഗെ 134 വോട്ടുകള്‍ നേടിയപ്പോള്‍ അദ്ദേഹത്തിന്റെ തൊട്ടടുത്ത എതിരാളിയും വിമത ഭരണകക്ഷി നേതാവുമായ ഡള്ളസ് അലഹപ്പെരുമ 82 വോട്ടുകള്‍ നേടി. ഇടതുപക്ഷ ജനതാ വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെക്ക് മൂന്ന് വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ജനാധിപത്യ സമ്പ്രദായങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതിന് ശ്രീലങ്കന്‍ പാര്‍ലമെന്റിന് നന്ദി അറിയിച്ച വിക്രമസിംഗെ, മുന്‍ പ്രസിഡന്റുമാരായ മഹിന്ദ രാജപക്‌സെ, മൈത്രിപാല സിരിസേന എന്നിവരില്‍ നിന്ന് പിന്തുണ തേടുകയും തമിഴ് നേതാക്കളോട് തന്നോടൊപ്പം ചേരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

44 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ശ്രീലങ്കന്‍ പാര്‍ലമെന്റ് നേരിട്ട് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്

1982, 1988, 1994, 1999, 2005, 2010, 2015, 2019 എന്നീ വര്‍ഷങ്ങളിലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പുകള്‍ ജനകീയ വോട്ടിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു.

Next Story

RELATED STORIES

Share it