പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

നിയമങ്ങള്‍ പ്രതികരിക്കുന്നവരെ പേടിപ്പിച്ച് നിശബ്ദരാക്കാനുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം: രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കുമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

റാഞ്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധിച്ചവര്‍ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിക്കാന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ നിര്‍ദേശം നല്‍കി. നിയമങ്ങള്‍ പ്രതികരിക്കുന്നവരെ പേടിപ്പിച്ച് നിശബ്ദരാക്കാനുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. നിരവധി ആളുകളാണ് ധന്‍ബാദ് നഗരത്തില്‍ ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചത്. ഇവരില്‍ കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കെതിരെയും മറ്റ് 3000 ആളുകള്‍ക്കെതിരെയുമാണ് പോലിസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ജനങ്ങള്‍ക്ക് സുരക്ഷിതത്വം തോന്നാനുളളതാണ് നിയമങ്ങള്‍. പേടിപ്പിച്ച് നിശബ്ദരാക്കാന്‍ നിയമം ഉപയോഗിക്കരുതെന്ന് ഹേമന്ദ് സോറന്‍ ട്വീറ്റില്‍ വിശദമാക്കി. പ്രതിഷേധിക്കുന്നവര്‍ ക്രമസമാധാനം പാലിക്കണമെന്നും ഹേമന്ദ് സോറന്‍ ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറി സുഖ്‌ദേവ് സിങ് സംസ്ഥാന പോലിസ് മേധാവിയോട് വിവരം സംസാരിച്ചിട്ടുണ്ടെന്നും ഹേമന്ദ് സോറന്‍ വ്യക്തമാക്കി. വന്‍ ജനക്കൂട്ടത്തെ അനുമതി കൂടാതെ ഒരുമിച്ച് കൂട്ടി, സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരേ എഫ്‌ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ പതിനൊന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

വസേപ്പൂരിലും, റന്‍ധിര്‍ വര്‍മ ചൗക്ക്, അരമോര്‍ എന്നിവിടങ്ങളില്‍ അരങ്ങേറിയ പ്രതിഷേധങ്ങളില്‍ 4000ത്തോളം പേരാണ് പങ്കെടുത്തത്. പ്രതിഷേധത്തിന് അനുമതി തേടി ജില്ലാ അധികാരികളെ സമീപിച്ചിരുന്നുവെങ്കിലും നല്‍കാതിരുന്നതോടെയാണ് പ്രക്ഷോഭം സംഘടിപ്പിച്ചതെന്ന് പ്രതിഷേധ പ്രകടന സംഘാടകരിലൊരാളായ മുഹമ്മദ് നൗഷാദ് പറയുന്നു.


RELATED STORIES

Share it
Top