Sub Lead

ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്; ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്; ഇന്ന് 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
X

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും അതിതീവ്ര മഴപെയ്യും. ഇന്ന് കൊല്ലം, ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ കേരളത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

കണ്ണൂരിലും കാസര്‍കോടും യെല്ലോ അലര്‍ട്ടാണ്. വെള്ളിയാഴ്ച കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരങ്ങളില്‍ തീവ്രമാവാനും ഇടയുണ്ട്. ഒരുസ്ഥലത്ത് ചെറിയ സമയത്തില്‍ വന്‍തോതില്‍ മഴപെയ്യാനുള്ള സാധ്യതയും നിലനില്‍ക്കുന്നുവെന്നാണ് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മലയോരങ്ങളിലും നദീതീരങ്ങളിലും കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ വീടുകളില്‍ താമസിക്കുന്നവരെയും നദിക്കരയില്‍ അപകടകരമായ സാഹചര്യങ്ങളില്‍ വസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വലിയുന്നതിനൊപ്പം, തുലാവര്‍ഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നതിനാലാണ് മഴ വീണ്ടും ശക്തമാവുന്നത്. കിഴക്കന്‍ കാറ്റിന്റെ ശക്തി കൂടുന്നതും മഴസാധ്യത വര്‍ധിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കിട്ടിയ പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണം. മല്‍സ്യത്തൊഴിലാളികള്‍ വെള്ളിയാഴ്ച വരെ കടലില്‍ പോവരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇടുക്കി അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നിട്ടിരിക്കുന്നതിനാല്‍, അതീവജാഗ്രതയിലാണ് സംസ്ഥാനം. ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് എങ്കിലും റെഡ് അലര്‍ട്ട് എന്ന പോലെ തയ്യാറെടുപ്പുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം.

അപകടമേഖലകളില്‍നിന്ന് ആളുകള്‍ മാറിത്താമസിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രകൃതിക്ഷോഭവും മഴമുന്നറിയിപ്പുകളും കണക്കിലെടുത്ത് ജില്ലകളില്‍ ദുരന്തപ്രതികരണസേനയുടെ 11 സംഘങ്ങളെ വിന്യസിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂമുകള്‍ താലൂക്ക് തലത്തില്‍ എല്ലാ ജില്ലകളിലും തുറന്നു. ഒക്ടോബര്‍ 11ന് തുടങ്ങിയ മഴക്കെടുതിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, എന്നീജില്ലകളില്‍ പുതുതായി ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ആകെ 254 ക്യാമ്പുകളിലായി 3093 കുടുംബങ്ങളിലെ 10,815 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it