Special

ഇനി വെടിക്കെട്ടിന്റെ നാളുകള്‍; ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12ന് ഇന്ന് തുടക്കം

ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഇംഗ്ലണ്ട് അഫ്ഗാനിസ്താനെ നേരിടും

ഇനി വെടിക്കെട്ടിന്റെ നാളുകള്‍; ട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12ന് ഇന്ന് തുടക്കം
X


സിഡ്‌നി: ട്വന്റി-20 ലോകകപ്പിന്റെ സൂപ്പര്‍ 12 മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് മുതല്‍ ആതിഥേയ രാജ്യമായ ഓസ്‌ട്രേലിയയിലെ വിവിധ സ്‌റ്റേഡിയങ്ങള്‍ വെടിക്കെട്ട് ബാറ്റിങിന് സാക്ഷിയാവും. കഴിഞ്ഞ ദിവസം ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ അവസാനിച്ചിരുന്നു. സിംബാബ്‌വെ, അയര്‍ലന്റ്, ശ്രീലങ്ക, നെതര്‍ലന്റസ് എന്നിവരാണ് സൂപ്പര്‍ 12ലേക്ക് യോഗ്യത നേടിയത്. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് അണിനിരക്കുക. ഓസ്‌ട്രേലിയ, ന്യൂസിലന്റ്, അഫ്ഗാനിസ്താന്‍, ഇംഗ്ലണ്ട്, ശ്രീലങ്ക, അയര്‍ലന്റ് എന്നിവര്‍ ഗ്രൂപ്പ് ഒന്നിലും ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നെതര്‍ലന്റസ് എന്നിവര്‍ ഗ്രൂപ്പ് രണ്ടിലും അണിനിരക്കും.


ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ ആതിഥേയരും നിലവിലെ ചാംപ്യന്‍മാരുമായ ഓസ്‌ട്രേലിയയും റണ്ണേഴ്‌സ് അപ്പായ ന്യൂസിലന്റും തമ്മില്‍ ഏറ്റുമുട്ടും. 2021 ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനമാണ് ആദ്യ മല്‍സരം. ഉച്ചയ്ക്ക് 12.30നാണ് മല്‍സരം. ഇരുടീമിന്റെയും അടുത്ത കാലത്തെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. ഇംഗ്ലണ്ടിനോടും ഇന്ത്യയോട് ട്വന്റി പരമ്പരകളില്‍ പരാജയപ്പെട്ടാണ് ഓസിസിന്റെ വരവ്.താരങ്ങളുടെ പരിക്കും ടീമിന് തിരിച്ചടിയാണ്. ന്യൂസിലന്റാവട്ടെ പാകിസ്താനെതിരായ പരമ്പരയും കൈവിട്ടാണ് വരുന്നത്. സന്നാഹ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് വന്‍ തോല്‍വിയേറ്റതും കിവികള്‍ക്ക് തിരിച്ചടിയാണ്.


ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഇംഗ്ലണ്ട് അഫ്ഗാനിസ്താനെ നേരിടും.വൈകിട്ട് 4.30നാണ് മല്‍സരം. അഫ്ഗാനെ അപേക്ഷിച്ച് ഇംഗ്ലണ്ട് മികച്ച ഫോമിലാണ്. എന്നാല്‍ ഏത് ടീമിനെയും അട്ടിമറിക്കാനുള്ള കഴിവ് അഫ്ഗാന്‍ നിരയ്ക്കുണ്ട്. മികവുറ്റ സ്പിന്‍ നിരയും അവര്‍ക്കുണ്ട്.കഴിഞ്ഞ മാസം പാകിസ്താനെതിരേ നടന്ന ട്വന്റി-20 പരമ്പര ഇംഗ്ലണ്ട് 4-3ന് സ്വന്തമാക്കിയെങ്കിലും തനത് ഫോം ടീമിന് തിരിച്ചുപിടിക്കേണ്ടതുണ്ട്. മല്‍സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ ആപ്പുകളില്‍ ലൈവ് സ്ട്രീമിങ് ഉണ്ട്.




Next Story

RELATED STORIES

Share it