രവീന്ദ്ര ജഡേജക്ക് അച്ചടക്കമില്ല, കൈഫിന് ഈഗോ; തുറന്നുപറഞ്ഞ് ഷെയ്ന്‍ വോണിന്റെ 'നോ സ്പിന്‍'

നോ സ്പിന്‍ എന്ന ആത്മകഥയില്‍ ഇന്ത്യന്‍ താരങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

രവീന്ദ്ര ജഡേജക്ക് അച്ചടക്കമില്ല, കൈഫിന് ഈഗോ; തുറന്നുപറഞ്ഞ് ഷെയ്ന്‍ വോണിന്റെ നോ സ്പിന്‍

സിഡ്‌നി: ക്രിക്കറ്റ് ലോകത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകളുമായി ഓസ്‌ട്രേലിയന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്റെ ആത്മകഥ. നോ സ്പിന്‍ എന്ന ആത്മകഥയില്‍ ഇന്ത്യന്‍ താരങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.

ഐപിഎല്‍ കളിക്കാനെത്തിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളുമായി കൂടുതല്‍ അടുത്തിടപഴകാന്‍ സാധിച്ചെന്നും ഇത് താരങ്ങളുടെ വ്യക്തിത്വത്തെയും സ്വഭാവത്തേയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിച്ചെന്നും ആത്മകഥയില്‍ വോണ്‍ പറയുന്നു.

ഇന്ത്യന്‍ താരമായിരുന്ന മുഹമ്മദ് കൈഫിന്റെ വല്യേട്ടന്‍ മനോഭാവത്തെ വോണ്‍ പുസ്തകത്തില്‍ വിമര്‍ശനരൂപത്തില്‍ അവതരിപ്പിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സില്‍ താന്‍ കളിക്കുന്ന സമയത്തെ കൈഫുമൊത്തുള്ള ഒരനുഭവവും വോണ്‍ വിവരിക്കുന്നുണ്ട്. ടീമംഗങ്ങള്‍ ഹോട്ടല്‍ മുറിയുടെ താക്കോല്‍ വാങ്ങി റൂമിലേക്ക് പോയതിനു ശേഷം കൈഫ് പെട്ടെന്ന് തിരിച്ചെത്തി ഹോട്ടലിലെ റിസപ്ഷനിസ്റ്റിനോട് റൂമിനെച്ചൊല്ലി കയര്‍ക്കുന്നതാണ് വോണ്‍ ഓര്‍ത്തെടുത്തത്. റിസപ്ഷനിസ്റ്റിനോട് ആവശ്യം എന്താണെന്ന് അറിയിക്കാതെ താന്‍ കൈഫാണെന്ന് ആവര്‍ത്തിച്ച താരത്തോട് വോണ്‍ ശാന്തനാകാനും ആവശ്യപ്പെടുന്നുണ്ട്. അവസാനമാണ് വലിയ റൂം കിട്ടാത്തതാണ് താരത്തെ ചൊടിപ്പിച്ചതെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നത്. മുതിര്‍ന്ന താരമായതിനാല്‍ വലിയ റൂം കിട്ടണമെന്നായിരുന്നു കൈഫിന്റെ ആവശ്യം.

മുന്‍താരം മുനാഫ് പട്ടേലിന്റെ നര്‍മബോധത്തേയും പുസ്തകത്തില്‍ വോണ്‍ ഓര്‍ത്തെടുക്കുന്നുണ്ട്. രവീന്ദ്ര ജഡേജയ്ക്ക് അച്ചടക്കത്തിന്റെ കുറവുള്ളതായി വോണ്‍ പറയുന്നു. പരിശീലനത്തിന് പലപ്പോഴും വൈകിയാണ് എത്തുന്നതെന്നും വോണ്‍ ഓര്‍ക്കുന്നു.
RELATED STORIES

Share it
Top