Special

ഐഎസ്എല്‍ സെമി; കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജെംഷഡ്പൂര്‍ പരീക്ഷണം

ആരാധകര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാം

ഐഎസ്എല്‍ സെമി; കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ജെംഷഡ്പൂര്‍ പരീക്ഷണം
X


ആറ് വര്‍ഷത്തിന് ശേഷം ഐഎസ്എല്‍ സെമിയില്‍ കടന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ആദ്യ അങ്കം ശക്തരായ ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരേ.ലീഗിലെ ആദ്യ സെമിയിലെ ആദ്യ പാദത്തിലാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ലീഗ് ചരിത്രത്തിലെ ആദ്യ സെമിയില്‍ കളിക്കുന്ന ജെംഷഡ്പൂരിന് കിരീടത്തില്‍ കുറഞ്ഞ ലക്ഷ്യങ്ങളില്ല. ലീഗ് റൗണ്ടില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും മഞ്ഞപ്പടയ്ക്ക് ജെംഷഡ്പൂരിനെ തോല്‍പ്പിക്കാനായിട്ടില്ല. ലീഗിലെ അപരാജിചത കുതിപ്പുമായാണ് ജെംഷഡ്പൂര്‍ വരുന്നത്. ലീഗ് വിന്നേഴ്‌സ് കിരീടവും ഇത്തവണ ടീം സ്വന്തമാക്കി വരുമ്പോള്‍ കൊമ്പന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.




എന്നാല്‍ ലീഗില്‍ നാലാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ക്വാഡ് സെമിയ്ക്കായി പൂര്‍ണ്ണ സജ്ജമാണ്. ഖാബ്ര, നിശുകുമാര്‍ എന്നിവരെല്ലാം ഇന്ന് ടീമിനൊപ്പം ഇറങ്ങും. കേരളാ ബ്ലാസ്‌റ്റേഴ്‌സ് കരുത്തുറ്റ ടീമാണെന്നും അവര്‍ ടീമിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നും ജെംഷഡ്പൂര്‍ കോച്ച് ഓവന്‍ കോയല്‍ വ്യക്തമാക്കി.


ഏത് എതിരാളികളെയും തകര്‍ക്കാനുള്ള ആത്മവിശ്വാസം തന്നെയാണ് കൊമ്പന്‍മാരുടെ കരുത്ത്.സെമിയില്‍ ഇറങ്ങുമ്പോള്‍ യാതൊരു ഭയവുമില്ലെന്നാണ് കോച്ച് ഇവാന്‍ വുകുമനോവിച്ച് പറയുന്നത്.

പ്രതിരോധ നിര തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത്.ലെസ്‌കോവിച്ച്, ഹോര്‍മിപാം എന്നിവരാണ് പ്രതിരോധ നിരയിലെ പ്രധാന പ്രതീക്ഷ.ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഫോമിലായാല്‍ മഞ്ഞപ്പടയെ പിടിച്ചുകെട്ടുക പ്രയാസം. ജിക്‌സണ്‍, പ്യൂട്ടിയ, അല്‍വാരോ വാസ്‌ക്വസ്, ജോര്‍ജ്ജ് പെരേരാ ഡയസ്സ് എന്നിവരടങ്ങുന്ന ടീം ഏത് ടീമിനെയും ഞെട്ടിക്കാന്‍ കെല്‍പ്പുള്ളവരാണ്.



ഈസ്റ്റ് ബംഗാളില്‍ നിന്നും ടീമിലെത്തിയ ഡാനിയല്‍ ചുകുവയാണ് ജെംഷഡ്പൂരിന്റെ പ്രധാന കരുത്ത്.ഗ്രെഗ് സ്റ്റുവര്‍ട്ടും ചുകുവയ്‌ക്കൊപ്പം എത്തുമ്പോള്‍ ടീമിനെ പിടിച്ചുകെട്ടുക പ്രയാസം.11 ഗോളും 10 അസിസ്റ്റുമാണ് സ്റ്റുവര്‍ട്ടിന്റെ ഈ സീസണിലെ സമ്പാദ്യം.ക്യാപ്റ്റന്‍ ഹാര്‍ഡ്‌ലിയും പകരക്കാരന്റെ റോളില്‍ തിളങ്ങുന്ന ഇഷാന്‍ പണ്ഡിതയും അണിച്ചേരുന്ന ജെംഷഡ്പൂര്‍ അതിശക്തര്‍ തന്നെയാണ്.


ബ്ലാസ്റ്റേഴ്‌സ് സാധ്യതാ ഇലവന്‍: പിഎസ് ഗില്‍(ഗോള്‍ കീപ്പര്‍), ഹര്‍മന്‍ ജോത് ഖബ്ര(റൈറ്റ് ബാക്ക്), റൂയിവാ ഹോര്‍മിപാം(സെന്റര്‍ബാക്ക്), മാര്‍ക്കോ ലെസ്‌കോവിച്ച്(സെന്റര്‍ ബാക്ക്), നിഷു കുമാര്‍ (ലെഫ്റ്റ് ബാക്ക്), അഡ്രിയാന്‍ ലൂണ( അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍), സഹല്‍ അബ്ദുല്‍ സമദ്(അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍). ജീക്‌സണ്‍(ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍), പ്യൂട്ടിയ(ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍), അല്‍വാരോ വാസ്‌ക്വസ്(സ്‌ട്രൈക്കര്‍), ജോര്‍ജ്ജ് പെരേരാ ഡയസ്സ്(സ്‌ട്രൈക്കര്‍).


ആരാധകര്‍ക്ക് ഒരുമിച്ചിരുന്ന് കളി കാണാം

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഇന്ന് കൊച്ചിയില്‍ ഒരുമിച്ചിരുന്ന് കളി കാണാം. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിന് പുറത്ത് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഫാന്‍ പാര്‍ക്ക് ഒരുക്കിയിട്ടുണ്ട്.5.30 മുതല്‍ ഈ പാര്‍ക്ക് ആരാധകര്‍ക്കായി തുറന്ന് കൊടുക്കും.ആരാധകരെ മുഴുവന്‍ ഈ മല്‍സരത്തിനായി ക്ഷണിക്കുന്നതായി മാനേജ്‌മെന്റ് അറിയിച്ചു. രാത്രി 7.30ന് പിജെഎന്‍ സ്റ്റേഡിയത്തിലാണ് മല്‍സരം.ജെംഷഡ്പൂരിന്റെ തുടര്‍ച്ചയായ ഏഴ് മല്‍സരങ്ങളിലെ കുതിപ്പിന് കടിഞ്ഞാണ്‍ ഇടം മഞ്ഞപ്പടയ്ക്കാവുമോ എന്ന് കണ്ടറിയാം.




Next Story

RELATED STORIES

Share it