Special

കോപ്പാ ഫൈനലില്‍ മാഞ്ഞുപോവുന്ന യൂറോ ഫൈനല്‍

ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീലും അര്‍ജന്റീനയും അപരാജിത കുതിപ്പുമായി ഫൈനലിലേക്ക് മുന്നേറി.

കോപ്പാ ഫൈനലില്‍ മാഞ്ഞുപോവുന്ന യൂറോ ഫൈനല്‍
X


ബ്രസീലിയ: ലോക ഫുട്ബോള്‍ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത മാസമാണ് 2021 ലെ ജൂണ്‍-ജൂലായ് മാസങ്ങള്‍ നല്‍കിയത്. ചരിത്രത്തിലാദ്യമായി യൂറോ കപ്പും കോപ്പാ അമേരിക്കയും ഒരേ മാസം വന്നു. യൂറോ കപ്പ് ജൂണ്‍ 11 ന് ആരംഭിച്ചപ്പോള്‍ കോപ്പാ ജൂണ്‍ 13നും ആരംഭിച്ചു. കോപ്പയില്‍ ആരാധകര്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും മാത്രമായിരുന്നു. എന്നാല്‍ യൂറോയില്‍ ലോക വമ്പന്‍മാരായ ജര്‍മ്മനി, ഫ്രാന്‍സ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഇറ്റലി, ഇംഗ്ലണ്ട് എന്നിവര്‍ക്കൊക്കെ ആരാധകര്‍ ഉണ്ടായിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ ബ്രസീലും അര്‍ജന്റീനയും അപരാജിത കുതിപ്പുമായി ഫൈനലിലേക്ക് മുന്നേറി.


യൂറോയിലാവട്ടെ നിലവിലെ ജേതാക്കള്‍ മുതല്‍ ലോകകപ്പ് ജേതാക്കളും ഓരോ സ്റ്റേജിലായി വീണു. ഒടുവില്‍ ഫൈനലിലേക്ക് കയറിയത് അപരാജിത ഫോമുള്ള ഇംഗ്ലണ്ടും ഇറ്റലിയും. രണ്ട് ടീമിനും ആരാധകര്‍ ഉണ്ടെങ്കിലും കൂടുതല്‍ ആരാധകര്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കുമൊപ്പമാണ്. യൂറോയിലെ പ്രധാന ടീമുകള്‍ വീണപ്പോള്‍ ആരാധകര്‍ക്ക് ആവേശമായത് കോപ്പയിലെ പോരാട്ടങ്ങളാണ്.


ആരാധകരുടെ സ്വപ്ന ടീമുകള്‍ വമ്പന്‍ ഫോമില്‍ ഫൈനലിലേക്ക്. രണ്ട് ഫൈനലും നാളെ((11) നടക്കുന്നതും എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യം. ലോക ഫുട്ബോളിലെ തന്നെ പ്രശ്സ്തമായ മാരക്കാനയില്‍ കോപ്പാ ഫൈനല്‍ നടക്കുമ്പോള്‍ ഇംഗ്ലിഷ് ഫുട്ബോളിന്റെ ഈറ്റില്ലമായ വെംബ്ലിയിലാണ് യൂറോ ഫൈനലിന് വേദിയാവുന്നത്. കോപ്പയില്‍ 10 ശതമാനമാണ് കാണികള്‍ക്ക് പ്രവേശനം. എന്നാല്‍ വെംബ്ലി സ്റ്റേഡിയത്തില്‍ ആരാധകര്‍ നിറയും.


കോപ്പയിലെ ഇരുടീമുകളുടെയും ഫൈനല്‍ പ്രവേശനം സാധ്യമായതോടെ തുടങ്ങിയതാണ് സ്വപ്ന ഫൈനലിനുള്ള കാത്തിരിപ്പ്. സോഷ്യല്‍ മീഡിയ അടക്കിവാണിരിക്കുകയാണ് മെസ്സിയും നെയ്മറും. ട്വിറ്റര്‍, ഇന്‍സ്റ്റ്ഗ്രാം,ഫെയ്സ്ബുക്ക്, എന്നിവയില്‍ എല്ലാം കോപ്പാ അമേരിക്ക ഫൈനല്‍ മയമാണ്. എല്ലാ ഷെയര്‍ചാറ്റ് പോലുള്ള ആപ്പുകളിലും കോപ്പാ ഫൈനല്‍ തന്നെ താരം. മുന്‍ ലോകകപ്പ് ജേതാക്കളായ ഇറ്റലിയുടെ അപരാജിത കുതിപ്പും റെക്കോഡും ചിത്രത്തില്‍ നിന്ന് മാഞ്ഞ് പോയി. സൗത്ത് ഗേറ്റിന്റെ ഇംഗ്ലിഷ് പടയുടെ ആദ്യ കിരീടത്തിനുള്ള കുതിപ്പും ചര്‍ച്ചകളില്‍ നിന്ന് തന്നെ മാറി. നാലാള്‍ കൂടുന്നിടത്തും ചര്‍ച്ച കോപ്പാ ഫൈനല്‍. കൊച്ചുകുട്ടികള്‍ക്കും സംസാര വിഷയം മെസ്സിയും നെയ്മറും. ദിവസങ്ങളായി ആരാധകരുടെ സോഷ്യല്‍ മീഡിയാ സ്റ്റാറ്റസുകളും ഇതുതന്നെ . ലോക ഫുട്ബോളിലെ തന്നെ മിന്നും താരങ്ങളായ സീറോ ഇമ്മൊബിലെയെയും ഹാരി കെയ്നിനെയും മറ്റും ചിത്രത്തില്‍ നിന്ന് മാറ്റിയത് മറ്റാരുമല്ല അര്‍ജന്റീനാ-ബ്രസീല്‍ ആരാധകര്‍ തന്നെ.




Next Story

RELATED STORIES

Share it