Others

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് റീതിക ഹൂഡ

ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട് റീതിക ഹൂഡ
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഗുസ്തി താരവും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലെ വെള്ളി മെഡല്‍ ജേതാവുമായ റീതിക ഹൂഡയ്ക്ക് വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് (നാഡ) താരത്തെ സസ്പെന്‍ഡ് ചെയ്തത്. റീതിക നിരോധിത ഉത്പന്നങ്ങള്‍ ഉപയോഗിച്ചതായാണ് പരിശോധനയില്‍ കണ്ടെത്തിയത്.

നാഡയുടെ ഡോപ്പ് കണ്‍ട്രോള്‍ ഓഫീസര്‍മാര്‍ സെലക്ഷന്‍ ട്രയലിനിടെയാണ് പരിശോധന നടത്തിയത്. ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ വച്ചാണ് സംഭവം. പരിശോധനാ ഫലത്തില്‍ പരാജയപ്പെട്ടതോടെ ഗുസ്തി ഫെഡറേഷന്‍ ക്യാംപ് വിട്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പിന്നാലെ റീതിക സ്വന്തം നാട്ടിലേക്ക് മടങ്ങി.

ജൂലായ് ഏഴ് മുതലാണ് താരത്തിന്റെ വിലക്ക് ബാധകമാവുക. ഇതാദ്യമായാണ് റീതിക ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെടുന്നത്. താരത്തിന് നാലുവര്‍ഷം വരെ വിലക്ക് ലഭിച്ചേക്കും. അതേസമയം നിരപരാധിത്വം തെളിയിക്കാന്‍ റീതികയ്ക്ക് അവസരമുണ്ടാകും. നാഡയുടെ തീരുമാനത്തിന് പിന്നാലെ ആഗോള സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങും താരത്തെ ഒരു വര്‍ഷം സസ്പെന്‍ഡ് ചെയ്തു.

പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ താരം മല്‍സരിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരത്തിന് സെമിയിലെത്താനായില്ല. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം കിര്‍ഗിസ്താന്റെ അയ്‌പെറി മെഡെറ്റ് കൈസിയോട് തോറ്റ് റീതിക പുറത്തായി. കൗണ്ട്ബാക്ക് നിയമത്തിലൂടെയാണ് മത്സരത്തില്‍ വിജയിയെ നിര്‍ണയിച്ചത്.




Next Story

RELATED STORIES

Share it