Others

ഏഷ്യന്‍ കപ്പ് യോഗ്യത; ഗോളടിച്ച് മലയാളി താരം മുഹമ്മദ് സുഹൈല്‍, ഇന്ത്യ ജയത്തോടെ തുടങ്ങി

ഏഷ്യന്‍ കപ്പ് യോഗ്യത; ഗോളടിച്ച് മലയാളി താരം മുഹമ്മദ് സുഹൈല്‍, ഇന്ത്യ ജയത്തോടെ തുടങ്ങി
X

ദോഹ: എഎഫ്‌സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തില്‍ ഇന്ത്യക്ക് വിജയ തുടക്കം. ബഹ്‌റിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ദോഹയിലെ സുഹെയിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മല്‍സരത്തില്‍ മലയാളി താരം മുഹമ്മദ് സുഹൈല്‍, ശിവാള്‍ഡോ എന്നിവരാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്.

മത്സരത്തിന്റെ 32-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍. മൈതാന മധ്യത്തു നിന്ന് മകാര്‍ട്ടണ്‍ നിക്‌സണ്‍ നല്‍കിയ അസിസ്റ്റില്‍ എതിര്‍ പ്രതിരോധ താരങ്ങളെ നിഷ്പ്രഭമാക്കിയാണ് മലയാളി താരമായ സുഹൈല്‍ ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ബഹ്‌റിന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ പ്രതിരോധ ശക്തമായി പ്രതിരോധിച്ചു.

ഇഞ്ചുറി ടൈമിലാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ വന്നത്. ഇടതു വിങ്ങില്‍ നിന്ന് മലയാളി താരം എംഎസ് ശ്രീക്കുട്ടന്‍ നല്‍കിയ പാസിന് കൃത്യമായ പൊസിഷനിങ്ങോടെ കാല്‍ വച്ചാണ് ശിവാള്‍ഡോ പന്ത് വലയിലെത്തിച്ചത്. വിജയത്തോടെ ഗ്രൂപ്പ് എച്ചില്‍ ഇന്ത്യക്ക് മൂന്നു പോയിന്റായി. ഇന്ത്യക്കൊപ്പം ഗ്രൂപ്പ് ഒ ല്‍ ബെഹ്‌റിന്‍ കൂടാതെ ആതിഥേയരായ ഖത്തറും ബ്രൂനൈ ദാറുസലേമും ആണുള്ളത്. ആറിന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഖത്തറാണ് ഇന്ത്യയുടെ എതിരാളികള്‍. യോഗ്യതാറൗണ്ടിലെ 11 ഗ്രൂപ്പ് ജേതാക്കള്‍ക്കൊപ്പം മികച്ച നാല് രണ്ടാം സ്ഥാനക്കാരും 2026ല്‍ സൗദിയില്‍ വച്ച് നടക്കുന്ന ടൂര്‍ണമെന്റിലേക്ക് യോഗ്യത നേടും.







Next Story

RELATED STORIES

Share it