Others

ബോക്‌സിങ്ങില്‍ നിഖാത് സരീനും സ്വര്‍ണം; മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാമത്

ബോക്‌സിങ്ങില്‍ നിഖാത് സരീനും സ്വര്‍ണം; മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാമത്
X

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണനേട്ടം. ബോക്‌സിങ്ങില്‍ വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ നിഖാത് സരീനാണ് സ്വര്‍ണം നേടിയത്. വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി നൗലിനെയാണ് സരീന്‍ തോല്‍പ്പിച്ചത്. ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് നാല് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകളാണ് നേടിയത്. ബോക്‌സിങ്ങിന്‍ മൂന്ന് സ്വര്‍ണം നേടിയപ്പോള്‍ പുരുഷ വിഭാഗം ട്രിപ്പിള്‍ ജമ്പിലായിരുന്നു നാലാം സ്വര്‍ണം.

ഒപ്പം രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഇന്ന് ഇന്ത്യ നേടി. ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 17 ആയി. 12 വെള്ളിയും 19 വെങ്കലവും അടക്കം 48 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇതോടെ മെഡല്‍ പട്ടികയില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചു. പുരുഷന്‍മാരുടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗലാണ് സ്വര്‍ണം നേടിയത്. 51 കിലോ വിഭാഗത്തില്‍ അമിത് ഇംഗ്ലണ്ടിന്റെ കിയാരന്‍ മക്‌ഡൊണാള്‍ഡിനെ തോല്‍പിച്ചു. വനിതാ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നീതു ഗന്‍ഗാസും നിഖാത് സരീനും സ്വര്‍ണം നേടി. 48 കിലോ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെയാണ് നിതു പരാജയപ്പെടുത്തിയത്.

ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോള്‍ സ്വര്‍ണം നേടി. ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് സ്വര്‍ണം നേടിയത്. 17.02 മീറ്റര്‍ ചാടിയ മലയാളിയായ അബ്ദുല്ല അബൂബക്കറിനാണ് വെള്ളി. മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്തെത്തി. ടേബിള്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ അചന്ത ശരത് കമല്‍സത്യന്‍ ജ്ഞാനശേഖരന്‍ സഖ്യം വെള്ളി നേടി. വനിതാ ജാവലിന്‍ ത്രോയില്‍ അനു റാണിയും 10,000 കിലോമീറ്റര്‍ നടത്തത്തില്‍ സന്ദീപ് കുമാറും വെങ്കലം നേടി. വനിതാ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നേടി. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനില പാലിച്ചതിനേത്തുടര്‍ന്ന് ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യന്‍ വനിതകളുടെ വിജയം.

Next Story

RELATED STORIES

Share it