Others

ഓസ്ട്രേലിയന്‍ ഓപ്പണ്‍; ലക്ഷ്യ, പ്രണോയ്, ശ്രീകാന്ത് എന്നിവര്‍ രണ്ടാം റൗണ്ടില്‍

ഓസ്ട്രേലിയന്‍ ഓപ്പണ്‍; ലക്ഷ്യ, പ്രണോയ്, ശ്രീകാന്ത് എന്നിവര്‍ രണ്ടാം റൗണ്ടില്‍
X

സിഡ്‌നി: സിഡ്നിയില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ഷട്ട്ലര്‍മാര്‍. ലക്ഷ്യ സെന്‍, എച്ച്എസ് പ്രണോയ്, കിദംബി ശ്രീകാന്ത് എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കൂടാതെ ആയുഷ് ഷെട്ടിയും തരുണ്‍ മന്നെപ്പള്ളിയും പുരുഷ സിംഗിള്‍സ് ഓപ്പണിങ് റൗണ്ട് മത്സരങ്ങളില്‍ വിജയിച്ച് പ്രീ-ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിച്ചു.

ചൈനീസ് തായ്പേയിയുടെ ലോക 40-ാം നമ്പര്‍ താരം സു ലി-യാങ്ങിനെ 43 മിനിറ്റിനുള്ളില്‍ 21-17, 21-13 എന്ന സ്‌കോറിനാണ് ലക്ഷ്യ സെന്‍ പരാജയപ്പെടുത്തിയാത്. അതേസമയം, ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് എച്ച്.എസ്. പ്രണോയ് തുടക്കത്തില്‍ തന്നെ ഉണ്ടായ നിരാശകളെ മറികടന്ന് ഇന്തോനേഷ്യയുടെ യോഹന്നസ് സൗത്ത് മാര്‍സെല്ലിനോയെ 6-21, 21-12, 21-17 എന്ന സ്‌കോറിന് വീഴ്ത്തി.

ഒരു മണിക്കൂറിലധികം നീണ്ടുനിന്ന മാരത്തണ്‍ മത്സരത്തില്‍ ചൈനീസ് തായ്പേയിയുടെ 20-ാം റാങ്കുകാരന്‍ ലീ ചിയ-ഹാവോയെ തോല്‍പ്പിച്ചാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരം കിദംബി ശ്രീകാന്ത് റൗണ്ട് ഓഫ് 16 ലേക്കുള്ള ടിക്കറ്റ് നേടിയത്. മൂന്ന് ഗെയിമുകള്‍ നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തില്‍ ഡെന്മാര്‍ക്കിന്റെ മാഗ്‌നസ് ജോഹന്നാസനെ 21-13, 17-21, 21-19 എന്ന സ്‌കോറിന് തരുണ്‍ മന്നെപ്പള്ളി പരാജയപ്പെടുത്തി. കാനഡയുടെ സാം യുവാനെ 21-11, 21-15 എന്ന സ്‌കോറിന് പരാജയപ്പെടുത്താന്‍ ആയുഷ് ഷെട്ടിക്ക് 33 മിനിറ്റാണെടുത്തത്.

ഈ വര്‍ഷം ആദ്യം യുഎസ് ഓപ്പണ്‍ കിരീടം നേടിയ ആയുഷ് ഷെട്ടി അടുത്ത റൗണ്ടില്‍ ജാപ്പനീസ് താരം കൊടൈ നരോകയെ നേരിടും. അതേസമയം, നരോകയുടെ സഹ ജാപ്പനീസ് ഷട്ട്‌ലര്‍ കെന്റ നിഷിമോട്ടോ, കിരണ്‍ ജോര്‍ജിനെ ഒരു മണിക്കൂറും ഒരു മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തില്‍ 11-21, 24-22, 21-17 എന്ന സ്‌കോറിന് പരാജയപ്പെടുത്തി, സിംഗിള്‍സില്‍ ഇന്ത്യയുടെ ഏക തോല്‍വി ഇതായിരുന്നു.

മിക്സഡ് ഇനത്തില്‍ നിന്ന് മോഹിത്-ലക്ഷിത ജഗ്ലാന്‍ സഖ്യം കാനഡയുടെ നൈല്‍ യാകുര-ക്രിസ്റ്റല്‍ ലായ് സഖ്യത്തോട് പരാജയപ്പെട്ട് പുറത്തായി. ഇതോടെ, ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ ഡബിള്‍സില്‍ അവശേഷിക്കുന്ന ഏക ആശ്വാസമായി സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മാറി.

ചൊവ്വാഴ്ച പുരുഷ ഡബിള്‍സില്‍ ഓപ്പണര്‍ വിജയിച്ച സാറ്റ്ചി, ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം നേടാന്‍ ചൈനീസ് തായ്പേയിയുടെ സു ചിങ്-ഹെങ്, വു ഗുവാന്‍-സുന്‍ സഖ്യത്തെ നേരിടും. ചൊവ്വാഴ്ച വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും പുറത്തായിരുന്നു.




Next Story

RELATED STORIES

Share it