Football

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സാംബാ താളമോ കൊറിയന്‍ സംഗീതമോ

രാത്രി 12.30നാണ് ബ്രസീല്‍ ദക്ഷിണകൊറിയക്കെതിരേ ഇറങ്ങുന്നത്.

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സാംബാ താളമോ കൊറിയന്‍ സംഗീതമോ
X


ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ വെല്ലുവിളികള്‍ മറികടക്കാന്‍ ഇന്ന് ബ്രസീലും ക്രൊയേഷ്യയും ഇറങ്ങുന്നു. എതിരാളികള്‍ ആവട്ടെ ഏഷ്യന്‍ ശക്തികളായ ജപ്പാനും ദക്ഷിണ കൊറിയയും. രാത്രി 8.30ന് നടക്കുന്ന മല്‍സരത്തിലാണ് ക്രൊയേഷ്യ ജപ്പാനെ നേരിടുന്നത്. രാത്രി 12.30നാണ് ബ്രസീല്‍ ദക്ഷിണകൊറിയക്കെതിരേ ഇറങ്ങുന്നത്.


ഗ്രൂപ്പ് ഇയില്‍ രണ്ട് ജയവുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ജപ്പാന്‍ വരുന്നത്. ജര്‍മ്മനി, സ്‌പെയിന്‍ എന്നീ വമ്പന്‍മാരെ അട്ടിമറിച്ചുള്ള ജപ്പാന്റെ പ്രയാണത്തെ ക്രൊയേഷ്യ അവസാനിപ്പിക്കുമോ എന്നാണ് ആരാധകരുടെ ആകാംഷ. നിലവിലെ റണ്ണര്‍അപ്പുകളായ ക്രൊയേഷ്യ ഗ്രൂപ്പ് എഫില്‍ മൊറോക്കോയ്ക്ക് താഴെ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തോടും മൊറോക്കോയോടും സമനില പിടിച്ച ക്രൊയേഷ്യ കാനഡയോട് മാത്രമാണ് വിജയിച്ചത്. തപ്പിതടഞ്ഞുള്ള ക്രൊയേഷ്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തെ അട്ടിമറി വീരന്‍മാരായ ജപ്പാന്‍ മുന്നോട്ട് പോവാനാവത്ത വിധം വീഴ്ത്തുമോ എന്ന് കണ്ടറിയാം.


ഗ്രൂപ്പ് ജിയിലെ ഗ്രൂപ്പ് ചാംപ്യന്‍മാരായ ബ്രസീല്‍ അവസാന മല്‍സരത്തില്‍ കാമറൂണിനോട് ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. മുന്‍ നിര താരങ്ങള്‍ക്ക് എല്ലാം അന്ന് വിശ്രമം നല്‍കിയിരുന്നു. നെയ്മര്‍ അടക്കമുള്ള മുന്‍നിര താരങ്ങളെല്ലാം ദക്ഷിണകൊറിയ്‌ക്കെതിരേ തിരിച്ചെത്തും. നെയ്മര്‍ കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചത് ബ്രസീല്‍ ക്യാംപിന് ആശ്വാസം നല്‍കും. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ഗബ്രിയേല്‍ ജീസുസ്, അലക്‌സ് ടെല്ലസ് എന്നിവര്‍ ബ്രസീലിന്റെ ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്താണ്. ഇത് ടീമിന് തിരിച്ചടിയാണ്. ഫിനിഷിങിലെ അപകാത പരിഹരിച്ച് ടീറ്റെയുടെ ശിഷ്യന്‍മാര്‍ ഫോമിലേക്കുയരുമെന്ന് തന്നെയാണ് നിഗമനം.


ഗ്രൂപ്പ് എച്ചിലെ രണ്ടാം സ്ഥാനക്കാരയ ദക്ഷിണ കൊറിയ ശക്തരായ പോര്‍ച്ചുഗലിനെ അവസാന മല്‍സരത്തില്‍ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് വരുന്നത്. ഉറുഗ്വെയെ സമനിലയിലും കൊറിയ കുരുക്കിയിരുന്നു. ഒരു അട്ടിമറിക്കുള്ള കരുത്തും കൊറിയ്ക്കുള്ളതിനാല്‍ കാനറികള്‍ക്കെതിരേയുള്ള പോരാട്ടം തീപ്പാറുമെന്നുറപ്പ്.


ഇരുടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഏഴ് മല്‍സരങ്ങളില്‍ ആറിലും മഞ്ഞപ്പട ജയിച്ചിരു്‌നു. അവസാനമായി കഴിഞ്ഞ ജൂണില്‍ നടന്ന മല്‍സരത്തില്‍ കൊറിയയെ 5-1 കാനറികള്‍ വീഴ്ത്തിയിരുന്നു. ആറാം കിരീടം ലക്ഷ്യം വച്ചിറങ്ങുന്ന ബ്രസീലിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ ടീം തന്നെയാണ്. ടീമിലെ ഓരോ താരങ്ങളും മല്‍സരം ജയിപ്പിക്കാന്‍ കഴിയുന്നവരാണ്. കൊറിയ ഭീഷണി അനായാസം മറികടക്കുമെന്ന് ആത്മവിശ്വാസത്തിലാണ് ടീറ്റെയും ശിഷ്യരും ഇന്നിറങ്ങുന്നത്.


Next Story

RELATED STORIES

Share it