Football

സൂപര്‍ ലീഗ് കേരള; സെമി പ്രതീക്ഷയില്‍ മലപ്പുറം ഇന്ന് ഫോഴ്സ കൊച്ചിക്കെതിരേ

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം

സൂപര്‍ ലീഗ് കേരള; സെമി പ്രതീക്ഷയില്‍ മലപ്പുറം ഇന്ന് ഫോഴ്സ കൊച്ചിക്കെതിരേ
X

മഞ്ചേരി: സൂപര്‍ ലീഗ് കേരള രണ്ടാം സീസണിലെ അവസാന ലീഗ് മല്‍സരത്തിന് മലപ്പുറം എഫ്‌സി ഇന്ന് ഫോഴ്‌സ കൊച്ചിയെ നേരിടും. ജയിച്ചാല്‍ രണ്ടാം സീസണിലെ സെമിയിലേക്ക് യോഗ്യത നേടാം. തോറ്റാല്‍ ഈ സീസണിലും സെമി ഫൈനല്‍ കാണാതെ മടങ്ങാം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മല്‍സരം. സെമി കാണാതെ പുറത്തായ ഫോഴ്‌സ കൊച്ചി എഫ്‌സിയാണ് എതിരാളികള്‍. ആറു ടീമുകള്‍ പരസ്പരം ഹോം-എവേ അടിസ്ഥാനത്തില്‍ 29 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്നത്തെ മല്‍സരത്തില്‍ മലപ്പുറം എഫ്‌സി വിജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ മലപ്പുറത്തിന് സെമിയിലെത്താം. മലപ്പുറം തോറ്റാല്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്‌സി സെമിയിലേക്കു കടക്കും.

പ്രഥമ സീസണില്‍ റണ്ണര്‍ അപ്പായ കൊച്ചിക്ക് ഇത്തവണ സെമി കാണാതെ പുറത്തായിരുന്നു. ഒന്‍പതു മല്‍സരങ്ങളില്‍ ഒരു മല്‍സരം മാത്രമാണ് ജയിക്കാനായത്. എട്ടെണ്ണത്തിലും പരാജയപ്പെട്ടു. മൂന്നു പോയന്റുമായി അവസാന സ്ഥാനത്താണ് ഫോഴ്‌സ കൊച്ചി എഫ്‌സി. ഒന്‍പതു മല്‍സരങ്ങളില്‍നിന്ന് രണ്ടു ജയവും അഞ്ചു സമനിലയും രണ്ടു തോല്‍വിയുമായി 11 പോയന്റോടെ അഞ്ചാം സ്ഥാനത്താണ് മലപ്പുറം. എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഫോഴ്സ കൊച്ചിയെ 4-1ന് മലപ്പുറം പരാജയപ്പെടുത്തിയിരുന്നു. മികച്ച താരങ്ങളുണ്ടെങ്കിലും അതിനൊത്ത പ്രകടനം നടത്താന്‍ മലപ്പുറത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍ സ്പാനിഷ് കോച്ച് മിഗ്വേല്‍ കോറല്‍ ടൊറൈറയെ പുറത്താക്കുന്നതിലേക്കും വഴിവെച്ചു. പ്രകടനം മോശമായതിനെ തുടര്‍ന്ന് ഫോഴ്‌സ കൊച്ചിയും പരിശീലകനെ പുറത്താക്കിയിരുന്നു.

അസി. കോച്ച് ക്ലിയോഫാസ് അലക്‌സിന്റെ നേതൃത്വത്തിലാണ് മലപ്പുറം ഇറങ്ങുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ കണ്ണൂര്‍ വാരിയേഴ്‌സ്, തൃശൂര്‍ മാജിക് എഫ്‌സിയെ പരാജയപ്പെടുത്തിയതോടെയാണ് സെമിയിലെത്താന്‍ മലപ്പുറത്തിന് ജയമോ സമനിലയോ നിര്‍ബന്ധമായത്. ഈ സീസണില്‍ ഇതുവരെ ഹോം ഗ്രൗണ്ടില്‍ തോല്‍വിയറിയാത്ത ടീം കൂടിയാണ് മലപ്പുറം എഫ്സി. അവസാന ഹോം മല്‍സരത്തില്‍ സ്വന്തം കാണികള്‍ക്കു മുന്‍പില്‍ കൊച്ചിയെ തോല്‍പ്പിച്ച് സെമിഫൈനല്‍ പ്രവേശനം ഉറപ്പിക്കാനാണ് ടീമിറങ്ങുന്നത്. മല്‍സരം ടിവിയില്‍ ഡി ഡി മലയാളത്തിലും മൊബൈലില്‍ sports.com ലും തല്‍സമയം സംപ്രേഷണം നടക്കും.

Next Story

RELATED STORIES

Share it