Football

സൂപർ ലീഗ് കേരള ക്ലബ്ബ് ഓഫിസുകളിൽ ജിഎസ്‌ടി റെയ്ഡ്

സർക്കാരിനു പരാതി നൽകും

സൂപർ ലീഗ് കേരള ക്ലബ്ബ് ഓഫിസുകളിൽ ജിഎസ്‌ടി റെയ്ഡ്
X

കോഴിക്കോട്: സൂപർ ലീഗ് കേരളയിലെ ക്ലബ്ബുകളുടെ ഓഫിസുകളിൽ സംസ്‌ഥാന ജിഎസ്ടി വകുപ്പിന്റെ റെയ്‌ഡ്. വിദേശ താരങ്ങളുടെ പ്രതിഫലത്തിനുള്ള ജിഎസ്ടി അടച്ചില്ലെന്നാരോപിച്ചാണ് പരിശോധന.

ഐപിഎൽ അടക്കമുള്ള കായിക മൽസരങ്ങളിൽ വിദേശതാരങ്ങൾക്ക് ജിഎസ്‌ടി അടയ്ക്കേണ്ടതില്ലെന്ന നിയമോപദേശം നിലനിൽക്കെ ഉദ്യോഗസ്ഥർ അനാവശ്യമായി പരിശോധന നടത്തിയെന്ന ആരോപണം ഉയരുന്നുണ്ട്.

കേരളത്തിലെ ഫുട്ബോളിന് പുത്തനുണർവ് വരുന്ന കാലഘട്ടത്തിൽ കായികമേഖലയിലെ ക്ലബ്ബുകൾക്കുനേരെയുള്ള ഇത്തരം നടപടികൾ തിരിച്ചടിയാവുമെന്നാണ് ആശങ്ക. ഉദ്യോഗസ്ഥരുടെ നിലപാടിനെതിരേ മുഖ്യമന്ത്രിയുമായും ധനകാര്യമന്ത്രിയുമായും ക്ലബ് ഉടമകൾ ഈയാഴ്‌ച ചർച്ച നടത്തും.

സൂപർലീഗ് കേരളയിലെ ആറ് ക്ലബ്ബുകളിലെ ഓഫിസുകളിലും ഉദ്യോഗസ്ഥർ ക്രിസ്മസിനു തൊട്ടുമുൻപാണ് പരിശോധന നടത്തിയത്. ഐപിഎല്ലും ഐഎസ്എല്ലുമടക്കമുള്ള കായിക ലീഗുകളിൽ വിദേശതാരങ്ങളെ ജോലിക്കാരായാണ് കണക്കാക്കുന്നതെന്നും ഇവരുടെ പ്രതിഫലത്തിനു ജിഎസ്ട‌ി നൽകേണ്ടതില്ലെന്നും ക്ലബ്ബുകൾക്കു മുൻപുതന്നെ നിയമോപദേശം ലഭിച്ചതാണ്. പക്ഷേ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്‌ഥർ ക്ലബ്ബുകളുടെ ഓഫിസ് ജീവനക്കാരെ പകൽ മുഴുവൻ തടഞ്ഞുവയ്ക്കുകയും ഫയലുകൾ ബലമായി പിടിച്ചെടുക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് സൂപർ ലീഗ് കേരളയിലെ ക്ലബ്ബുകൾ സർക്കാരിനു പരാതി നൽകാൻ ഒരുങ്ങുകയാണ്.

സംസ്‌ഥാനത്തെ വൻകിട കമ്പനി ഉടമകളും വ്യവസായികളും വ്യാപാരികളുമടക്കമുള്ളവരാണ് ആറു ക്ലബ്ബുകളുടെയും ഉടമസ്ഥർ. ചലച്ചിത്രതാരങ്ങളും ഓരോ ക്ലബ്ബുമായും സഹകരിക്കുന്നുണ്ട്. നിലവിൽ ഓരോ ക്ലബ്ബും ഒരു സീസണിൽ എട്ടു മുതൽ പത്തു കോടി രൂപവരെയാണ് മുടക്കുന്നത്. പരമാവധി ഒന്നരക്കോടി രൂപയാണ് സ്പോൺസർഷിപ്പ് വഴി വരുന്നത്. ടിക്കറ്റ് വിൽപനയടക്കമുള്ള വരുമാനത്തിലൂടെ ഫുട്ബോൾ ക്ലബ്ബുകൾക്ക് ലാഭം കണ്ടെത്താവുന്ന സ്‌ഥിതി വികസിച്ചുവരുന്നേയുള്ളൂ. ഇതിനിടെ നടത്തിയ റെയ്‌ഡ് ലീഗിന്റെ നടത്തിപ്പിന് തിരിച്ചടിയാവുമെന്നാണ് സൂചന.

കാലിക്കറ്റ് എഫ്സ‌ിയടക്കമുള്ള ക്ലബ്ബുകൾ ലഹരിവിരുദ്ധ പരിപാടികളടക്കം സർക്കാരിന്റെ വിവിധ ക്യാംപെയിനുകൾക്ക് സാമൂഹ്യപ്രതിബദ്ധതാ ഫണ്ട് വഴി വൻ പ്രചാരണവും പിന്തുണയും നൽകുന്നുമുണ്ട്. കായികമേഖലയുടെ വളർച്ചയ്ക്ക് സംസ്‌ഥാനസർക്കാർ കൂടുതൽ നടപടികളെടുക്കുമെന്ന പ്രഖ്യാപിത നയത്തിനു വിരുദ്ധമായാണ് ജീവനക്കാരുടെ നടപടി.

Next Story

RELATED STORIES

Share it