Football

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ പ്രഖ്യാപനം

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ പ്രഖ്യാപനം
X

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍. കായിക മന്ത്രി വി അബ്ദുറഹിമാന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 'ലോക ചാംപ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക്, മെസി വരും ട്ടാ..!' എന്നാണ് മന്ത്രിയുടെ പോസ്റ്റ്. സ്‌പോണ്‍സര്‍മാരായ റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് മന്ത്രി നന്ദിയുമറിയിച്ചിട്ടുണ്ട്. സ്‌പോണ്‍സര്‍ തുക നല്‍കാത്തതിനാല്‍ അര്‍ജന്റീന ടീം എത്തില്ലെന്ന് കഴിഞ്ഞമാസം വാര്‍ത്ത പുറത്തുവന്നിരുന്നു.

കേരളത്തിലേക്കു വരാന്‍ ഏകദേശം 15 ദശലക്ഷം ഡോളര്‍ (ഏകദേശം 128 കോടി രൂപ) ആണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനു നല്‍കേണ്ടി വരുക. ഇതില്‍ 9 ദശലക്ഷം ഡോളര്‍ (ഏകദേശം 77 കോടി രൂപ) അഡ്വാന്‍സായി നല്‍കണം. ഇത് അടയ്‌ക്കേണ്ട കാലാവധി കഴിഞ്ഞതോടെയാണ് അര്‍ജന്റീന ടീം എത്തില്ലെന്ന റിപോര്‍ട്ടു വന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24ന് ആണ് കരാര്‍ ആയത്. മൂന്നു മാസമോ 45 ദിവസമോ ആയിരുന്നു അഡ്വാന്‍സ് തുക അടയ്‌ക്കേണ്ട കാലാവധി. കരാര്‍ നിലനില്‍ക്കുന്നുണ്ടെന്നും തുകയടയ്ക്കാന്‍ വൈകിയാല്‍ പെനല്‍റ്റി നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ ഉടന്‍ കേരളത്തിലെത്തുമെന്നും അതിനു ശേഷം സംയുക്തമായി മത്സരം പ്രഖ്യാപിക്കുമെന്നുമാണ് ഏപ്രില്‍ 24ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വി ബ്ദുറഹിമാന്‍ അറിയിച്ചത്. പിന്നാലെയാണ് കരാര്‍ ലംഘനത്തിന്റെ വിവരം പുറത്തവരുന്നത്. കരാര്‍ ലംഘനത്തിന്റെ പേരില്‍ സ്‌പോണ്‍സര്‍മാരായ റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ നോട്ടിസ് അയച്ചിരുന്നു. കരാര്‍ അനുസരിച്ചുള്ള തുക മുന്‍കൂറായി നല്‍കാത്തതിനെ തുടര്‍ന്ന് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം അനിശ്ചിതത്വത്തിലായതോടെ ഏപ്രിലില്‍ 2 തവണയായാണ് കായിക വകുപ്പ് നോട്ടിസ് നല്‍കിയത്.



Next Story

RELATED STORIES

Share it