Football

നേഷന്‍സ് ലീഗ്; ജര്‍മ്മനിയെ വീഴ്ത്തി റോണോയും കൂട്ടരും ഫൈനലില്‍

നേഷന്‍സ് ലീഗ്; ജര്‍മ്മനിയെ വീഴ്ത്തി റോണോയും കൂട്ടരും ഫൈനലില്‍
X

മ്യൂണിക്ക്: 40ാം വയസിലും വീര്യം ചോരാത്ത പോരാട്ടവുമായി ഇതിഹാസ താരവും നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കീഴിലിറങ്ങിയ പോര്‍ച്ചുഗല്‍ യുവേഫാ നേഷന്‍സ് ലീഗ് ഫൈനലില്‍. ഒരു ഗോള്‍ വഴങ്ങിയ ശേഷം പോര്‍ച്ചുഗലിന്റെ ഗംഭീര തിരിച്ചു വരവ്. ജര്‍മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി മുന്‍ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍ നേഷന്‍സ് ലീഗ് ഫൈനലില്‍ പ്രവേശിച്ചു.

സ്വന്തം നാട്ടില്‍ കളിയില്‍ ആധിപത്യം ജര്‍മനിക്കായിരുന്നു. എന്നാല്‍ നിര്‍ണായക കൗണ്ടറുകളുമായി പോര്‍ച്ചുഗല്‍ ജര്‍മനിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഇന്ന് നടക്കുന്ന ഫ്രാന്‍സ്- സ്പെയിന്‍ രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

ആദ്യ പകുതി ഗോള്‍രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. കളിയുടെ 48ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജോഷ്വാ കിമ്മിച്ച് ബോക്സിനു പുറത്തു നിന്നു ചിപ്പ് ചെയ്തു നല്‍കിയ പാസ് യുവ താരം ഫ്ളോറിയന്‍ വിയറ്റ്സ് ഹെഡ്ഡ് ചെയ്ത് വലയിലാക്കി ജര്‍മനിയെ മുന്നിലെത്തിച്ചു. ലീഡ് വഴങ്ങിയതിനു പിന്നാലെ പോര്‍ച്ചുഗല്‍ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് വരുത്തിയ മാറ്റം കളിയുടെ ഗതി തിരിച്ചു. കോണ്‍സിക്കാവോ, പിഎസ്ജിക്കൊപ്പം ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ തിരിച്ചെത്തിയ വിറ്റിഞ്ഞ എന്നിവരെ അദ്ദേഹം കളത്തിലിറക്കി.

63ാം മിനിറ്റില്‍ അതിന്റെ ഫലവും വന്നു. പകരക്കാരനായി എത്തി അഞ്ച് മിനിറ്റിനുള്ളില്‍ കോണ്‍സിക്കാവോ ലോങ് റേഞ്ച് ഷോട്ടിലൂടെ പോര്‍ച്ചുഗലിനു സമനില സമ്മാനിച്ചു. താരത്തിന്റെ ബ്രില്യന്റ് ഗോള്‍ ജര്‍മന്‍ ഗോള്‍ കീപ്പര്‍ ആന്‍ഡ്രെ ടെര്‍സ്റ്റെയ്ഗനെ നിസഹായനാക്കി.

68ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍. നൂനോ മെന്‍ഡസ് ഇടതു മൂലയില്‍ നിന്നു നല്‍കിയ പാസ് ബോക്സില്‍ മാര്‍ക്ക് ചെയ്യപ്പെടതെ നിന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്ക്. താരം അനായാസം പന്ത് വലയിലാക്കി.പിന്നീട് സമനില പിടിച്ച് മത്സരം നീട്ടാനുള്ള ജര്‍മനിയുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. അതിനിടെ അഡയേമിയുടെ ഒരു ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി അവസാനിക്കുകയും ചെയ്തു.





Next Story

RELATED STORIES

Share it