Football

സുവാരസിന്റെ ക്ലബ്ബ് മാറ്റം; മനസ്സ് തുറന്ന് മെസ്സി

സുവാരസിനൊപ്പം ചിലവഴിച്ച വര്‍ഷങ്ങള്‍ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജേഴ്‌സിയില്‍ സുവാരസിനെ കാണുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല.

സുവാരസിന്റെ ക്ലബ്ബ് മാറ്റം; മനസ്സ് തുറന്ന് മെസ്സി
X



ക്യാംപ് നൗ: ബാഴ്‌സലോണ താരം ലൂയിസ് സുവാരസിന്റെ പുതിയ ക്ലബ്ബ് മാറ്റം ഔദ്ദ്യോഗികമായി സ്ഥിരീകരിച്ചു. അത്‌ലറ്റിക്കോ മാഡ്രിഡിലേക്കാണ് താരം പോവുന്നത്. ബാഴ്‌സലോണയിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഉറുഗ്വെ താരത്തിന്റെ ടീമില്‍ നിന്നുള്ള വിടവാങ്ങല്‍ ഏറെ ആഘാതമായത് സഹതാരം ലയണല്‍ മെസ്സിക്കാണ്. ബാഴ്‌സയുടെ ഏറ്റവും മികച്ച കൂട്ട് കെട്ടായിരുന്നു ഇവരുടേത്. പുതിയ കോച്ച് റൊണാള്‍ഡ് കോമാന്‍ സുവാരസിനോട് ക്ലബ്ബ് വിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ മെസ്സി അതിന് നിശ്ബദമായി പ്രതികരിച്ചിരുന്നു. മെസ്സി ക്ലബ്ബ് വിടാനുള്ള തീരുമാനം എടുത്ത സമയത്താണ് സുവാരസിനോട് ബാഴ്‌സ വിടാന്‍ ആവശ്യപ്പെട്ടത്. ആ സമയത്തെ വിവാദങ്ങളെ തുടര്‍ന്ന് മെസ്സി അന്ന് മനസ്സ് തുറന്നിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്‍സ്റ്റഗ്രാമിലൂടെ മെസ്സി സുവാരസിനായി രംഗത്ത് വന്നു.


മികച്ച താരമായ സുവാരസ് ഒരിക്കലും ഇത്തരത്തില്‍ ക്ലബ്ബ് വിടേണ്ട താരമല്ലെന്ന് മെസ്സി പറയുന്നു. മികച്ച ഒരു യാത്രയയപ്പായിരുന്നു താരത്തിന് നല്‍കേണ്ടിയിരുന്നത്. സുവാരസിനെ ഇങ്ങിനെ വലിച്ചെറിയാനുള്ള യോഗ്യത ബാഴ്‌സ മാനേജ്‌മെന്റിനില്ല. ബാഴ്‌സയെ നിരവധി കിരീടങ്ങളിലേക്കെത്തിച്ച താരമാണ് സുവരാസ്. എന്നാല്‍ ബാഴ്‌സയില്‍ ഇപ്പോള്‍ നടക്കുന്നതില്‍ ഒന്നും അത്ഭുതമില്ല. ഇനി ഇത്തരത്തിലുള്ള കാര്യങ്ങളാണ് ബാഴ്‌സയില്‍ ഉണ്ടാവുക. സുവാരസിനൊപ്പം ചിലവഴിച്ച വര്‍ഷങ്ങള്‍ ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജേഴ്‌സിയില്‍ സുവാരസിനെ കാണുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. തനിക്ക് എതിരായി സുവാരസ് കളിക്കുന്നത് ചിന്തിക്കാന്‍ കഴിയുന്നില്ല. എന്നിരുന്നാലും താരത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും മെസ്സി പറഞ്ഞു.


മെസ്സി എന്തു ചിന്തിക്കുന്നുവെന്ന് തനിക്കും താന്‍ എന്തു ചിന്തിക്കുന്നുവെന്നു മെസ്സിക്കും അറിയാന്‍ കഴിഞ്ഞിരുന്നുവെന്ന് കഴിഞ്ഞ ദിവസം സുവാരസ് വ്യക്തമാക്കിയിരുന്നു. മാനസികമായി ഏറ്റവും അടുത്ത കൂട്ടുകാരാണ് ഞങ്ങള്‍. ഈ ബന്ധം തുടരും. എന്നാല്‍ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി കളിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും കഴിയുന്നില്ല. പക്ഷേ അത് ജീവിതത്തില്‍ വരാന്‍ പോവുന്ന ഒരു മികച്ച തീരുമാനമായേക്കാം-സുവാരസ് പറഞ്ഞു. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങില്‍ സുവാരസ് കരഞ്ഞു കൊണ്ടാണ് സംസാരിച്ചത്.


ലിവര്‍പൂളില്‍ നിന്നും എത്തിയ സുവാരസ് ആറുവര്‍ഷമാണ് ബാഴ്‌സയ്‌ക്കൊപ്പം ചിലവഴിച്ചത്. 198 ഗോളുകളും താരം തന്റെ പേരിലാക്കിയിട്ടുണ്ട്. നേരത്തെ താരം യുവന്റസിലേക്കോ അയാകസിലേക്കോ ചേക്കേറുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിസ സംബന്ധമായ പ്രശ്‌നത്തെ തുടര്‍ന്ന് യുവന്റസ് ഓഫര്‍ താരം നിരസിക്കുകയായിരുന്നു. മെസ്സിക്കെതിരേ സ്പാനിഷ് ലീഗില്‍ തുടരാന്‍ സുവാരസിന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുമ്പ് ബാഴ്‌സ വിടേണ്ടതിനാലാണ് താരം പെട്ടെന്ന് അത്‌ലറ്റിക്കോ മാഡ്രിഡില്‍ ചേക്കേറിയത്.




Next Story

RELATED STORIES

Share it