Football

കാത്തിരിപ്പിന് വിരാമം; ഒടുവില്‍ ആദ്യജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

വിജയശില്‍പികളായത് അബ്ദുല്‍ ഹക്കുവും ജോര്‍ദാന്‍ മറെയും. ഹൈദരാബാദ് എഫ്‌സിയെ രണ്ടുഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഐഎസ്എലില്‍ ഈ സീസണിലെ ആദ്യജയമാണ് ഹക്കുവും മറെയും ചേര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന് സമ്മാനിച്ചത്.

കാത്തിരിപ്പിന് വിരാമം; ഒടുവില്‍ ആദ്യജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്
X

ജിഎംസി സ്റ്റേഡിയം ഗോവ: ജയം തേടിയുള്ള ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആവേശകരമായ ആദ്യജയം. വിജയശില്‍പികളായത് അബ്ദുല്‍ ഹക്കുവും ജോര്‍ദാന്‍ മറെയും. ഹൈദരാബാദ് എഫ്‌സിയെ രണ്ടുഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തത്. ഐഎസ്എലില്‍ ഈ സീസണിലെ ആദ്യജയമാണ് ഹക്കുവും മറെയും ചേര്‍ന്ന് ബ്ലാസ്റ്റേഴ്‌സിന് സമ്മാനിച്ചത്. കളിയുടെ 29ാം മിനിറ്റിലായിരുന്നു ആദ്യമായി ആദ്യ ഇലവനില്‍ ഇടംപിടിച്ച ഹക്കുവിന്റെ ഗോള്‍. 88ാം മിനിറ്റില്‍ മറെ ബ്ലാസ്റ്റേഴ്‌സിന്റെ ജയമുറപ്പിച്ചു.

യുവതാരം ജീക്‌സണ്‍ സിങ് കളിയിലെ താരമായി. കളിയില്‍ പൂര്‍ണനിയന്ത്രണം നേടിയ ബ്ലാസ്റ്റേഴ്‌സ് മനോഹരപ്രകടനമാണ് ഹൈദരാബാദിനെതിരേ പുറത്തെടുത്തത്. ഹൈദരാബാദ് ഗോള്‍ കീപ്പര്‍ സുബ്രത പോളിന്റെ സേവുകളാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍നിന്ന് ബ്ലാസ്റ്റേഴ്‌സിനെ തടഞ്ഞത്. ജയത്തോടെ ബ്ലാസ്റ്റേഴ്‌സിന് ഏഴ് കളിയില്‍നിന്ന് ആറ് പോയിന്റായി. ജോര്‍ദാന്‍ മറെ, ഫക്കുണ്ടോ പെരേര എന്നിവരായിരുന്നു ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തില്‍. സഹല്‍ അബ്ദുല്‍ സമദ്, കെ പി രാഹുല്‍, ജീക്‌സണ്‍ സിങ്, വിസെന്റ് ഗോമെസ് എന്നിവര്‍ മധ്യനിരയിലും. ജെസെല്‍ കര്‍ണെയ്‌റോ, അബ്ദുല്‍ ഹക്കു, സന്ദീപ് സിങ്, നിഷുകുമാര്‍ എന്നിവര്‍ പ്രതിരോധത്തിലും. ഇന്ത്യന്‍ താരങ്ങളായിരുന്നു പ്രതിരോധത്തില്‍ പൂര്‍ണമായും. ഗോള്‍വലയ്ക്ക് മുന്നില്‍ ആല്‍ബിനോ ഗോമസ്.


അരിദാനെ സന്റാന, ലിസ്റ്റണ്‍ കൊളാസോ എന്നിവരെ മുന്നേറ്റത്തില്‍ അണിനിരത്തിയാണ് ഹൈദരാബാദ് ഇറങ്ങിയത്. മധ്യനിരയില്‍ ഹാളീചരണ്‍ നര്‍സാറി, മുഹമ്മദ് യാസിര്‍, ജാവോ വിക്ടര്‍, ഹിതേഷ് ശര്‍മ എന്നിവര്‍. പ്രതിരോധത്തില്‍ ആകാശ് മിശ്ര, ചിങ്‌ളെന്‍സന സിങ്, ഒഡെയ് ഒനന്‍ഡ്യ, ആശിഷ് റായ് എന്നിവരുമെത്തി. സുബ്രത പോള്‍ ഗോള്‍ വലയ്ക്ക് മുന്നില്‍. കളിയുടെ തുടക്കംമുതല്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളംനിറഞ്ഞു. പന്തില്‍ പൂര്‍ണനിയന്ത്രണം നേടി മുന്നേറി. 11ാം മിനിറ്റില്‍ സഹലിന്റെ ഒന്നാന്തരം മുന്നേറ്റം കണ്ടു. ലോങ്‌ബോള്‍ നിയന്ത്രിക്കാനുള്ള ഹൈദരാബാദ് പ്രതിരോധക്കാരന്‍ ആശിഷ് റായിയുടെ ശ്രമം പാളി.


ഇടതുപാര്‍ശ്വത്തിലൂടെ കുതിച്ചെത്തിയ സഹല്‍ പന്ത് തട്ടിയെടുത്തു. ബോക്‌സില്‍നിന്ന് മറെയെ ലക്ഷ്യമാക്കി അടിതൊടുത്തു. എന്നാല്‍, ഒനയ്ന്‍ഡ്യയുടെ ഇടപെടല്‍ സഹലിനെ തടഞ്ഞു. 17ാം മിനിറ്റില്‍ മറ്റൊരു മികച്ച നീക്കം ബ്ലാസ്റ്റേഴ്‌സ് നടത്തി. വലതുവശത്ത് രാഹുല്‍ നടത്തിയ തകര്‍പ്പന്‍ നീക്കത്തിനൊടുവില്‍ പന്ത് ഹൈദരാബാദ് ബോക്‌സില്‍ തട്ടിത്തെറിച്ചു. ഓടിയെത്തിയ നിഷുകുമാര്‍ നിലംപറ്റി അടിതൊടുത്തു. പന്ത് ഗോള്‍ കീപ്പര്‍ സുബ്രത കൈയിലൊതുക്കി. 20ാം മിനിറ്റില്‍ മുഹമ്മദ് യാസിറിനെ ഫൗള്‍ ചെയ്തതിന് സഹലിന് മഞ്ഞക്കാര്‍ഡ് കിട്ടി.

26ാം മിനിറ്റില്‍ പെരേര എടുത്ത ഫ്രീ കിക്കില്‍നിന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ നിമിഷം പിറന്നത്. ഫ്രീ കിക്ക് ബോക്‌സിലേക്ക് വളഞ്ഞിറങ്ങി. ഗോമെസും ഹൈദരാബാദ് പ്രതിരോധക്കാരും ഒരുമിച്ചുചാടി. പന്ത് പ്രതിരോധത്തില്‍ തട്ടി പുറത്തേക്ക്. ബ്ലാസ്റ്റേഴ്‌സിന് കോര്‍ണര്‍. ഇടതുമൂലയില്‍നിന്ന് പെരേര പന്ത് ഉയര്‍ത്തിവിട്ടു. ഹക്കു അതില്‍ കൃത്യമായി തലവച്ചു (10). ആരും മാര്‍ക്ക് ചെയ്യാനില്ലാതിരുന്ന ഹക്കുവിന് എളുപ്പമായിരുന്നു. ഈ മലയാളി താരത്തിന്റെ ആദ്യഗോളായിരുന്നു ഇത്.

32ാം മിനിറ്റില്‍ യാസിറിനെ ഫൗള്‍ ചെയ്തതിന് ജീക്‌സണും മഞ്ഞക്കാര്‍ഡ് കിട്ടി. 35ാം മിനിറ്റില്‍ ഹൈദരാബാദ് മുന്നേറ്റത്തെ സഹല്‍ തടഞ്ഞു. ബോക്‌സിന് തൊട്ടുമുന്നില്‍നിന്ന് കൊളാസോ തൊടുത്ത ഷോട്ട് സഹല്‍ അടിച്ചകറ്റി. ഹൈദരാബാദിന്റെ മുന്നേറ്റങ്ങളെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു. ഹൈദരാബാദിന്റെ സൂപ്പര്‍ താരം അരിദാനെ സന്റാനയുടെ നീക്കങ്ങള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കൃത്യമായി തടയിട്ടു. ആദ്യപകുതി ഒറ്റഗോള്‍ ആനുകൂല്യത്തില്‍ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചു.

രണ്ടാംപകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് മികച്ച കളി പുറത്തെടുത്തു. കളി തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ വിസെന്റ് ഗോമസ് സുബ്രതോയെ പരീക്ഷിച്ചു. ഗോമെസിന്റെ കരുത്തുറ്റ ഷോട്ട് സുബ്രതോ ആയാസപ്പെട്ട് തട്ടിയകറ്റുകയായിരുന്നു. രാഹുലും സഹലും ബ്ലാസ്റ്റേഴ്‌സിന്റെ നീക്കങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു. 49ാം മിനിറ്റില്‍ സഹല്‍ മനോഹരമായ ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്തില്‍ കര്‍ണെയ്‌റോ കാല്‍വച്ചെങ്കിലും ലക്ഷ്യത്തിലേക്ക് എത്തിയില്ല.

51ാം മിനിറ്റില്‍ സഹലിന്റെ ഇടതുഭാഗത്തുനിന്നുള്ള ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തുപോയത്. ബ്ലാസ്റ്റേഴ്‌സ് ഗോള്‍മേഖലയിലേക്കുള്ള ഹൈദരാബാദിന്റെ ഓരോ നീക്കത്തിനും പ്രതിരോധം തടയിട്ടു. തുടര്‍ന്നുള്ള മിനിറ്റുകളില്‍ ബ്ലാസ്‌റ്റേഴ്‌സ് കടുത്ത ആക്രമണമാണ് നടത്തിയത്. ഒന്നിന് പിറകെ ഒന്നായി ഹൈദരാബാദ് ബോക്‌സിലേക്ക് ഷോട്ടുകള്‍ പറന്നു. മറെയുടെ രണ്ട് ശ്രമങ്ങള്‍ സുബ്രതയുടെ ഇടപെടല്‍ കൊണ്ട് ലക്ഷ്യത്തിലെത്തിയില്ല. 58ാം മിനിറ്റില്‍ മറ്റൊരു തകര്‍പ്പന്‍ നീക്കം ബ്ലാസ്റ്റേഴ്‌സില്‍നിന്നുണ്ടായി. ഇത്തവണ കെ പി രാഹുല്‍ ബോക്‌സിന് മുന്നില്‍വച്ച് ഈ യുവതാരം തൊടുത്ത ഷോട്ട് സുബ്രതയുടെ അസാമാന്യചാട്ടം തടഞ്ഞു.

അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിന്റെ പ്രത്യാക്രമണങ്ങള്‍ക്ക് തടയിട്ടു. സഹലിന് പകരം രോഹിത് കുമാര്‍ ഇറങ്ങി. 82ാം മിനിറ്റില്‍ രാഹുലിന്റെ മറ്റൊരു ഷോട്ടും സുബ്രത തടഞ്ഞു. 88ാം മിനിറ്റില്‍ ജോര്‍ദാന്‍ മറെയിലൂടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും ഹൈദരാബാദിന്റെ വലകുലുക്കി (20) രാഹുലാണ് അവസരമൊരുക്കിയത്. അധികസമയത്തും ലീഡ് നിലനിര്‍ത്തിയ ടീം സീസണിലെ അദ്യജയവും ആഘോഷിച്ചു. ജനുവരി രണ്ടിന് മുംബൈ സിറ്റി എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.

Next Story

RELATED STORIES

Share it