Football

പത്തരമാറ്റ് വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്; ജംഷഡ്പൂരിനെ തോല്‍പ്പിച്ചത് 3-2ന്

രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും 10ാം സ്ഥാനത്തേക്കുയര്‍ന്നു. ഇരുടീമും 10 വീതം മല്‍സരം കളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് ഒമ്പതും ജംഷഡ്പൂരിന് 13 ഉം പോയിന്റാണുള്ളത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ജംഷഡ്പൂരിനെ മഞ്ഞപ്പട തോല്‍പ്പിക്കുന്നത്.

പത്തരമാറ്റ് വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്; ജംഷഡ്പൂരിനെ തോല്‍പ്പിച്ചത് 3-2ന്
X

മഡ്ഗാവ്: ഐഎസ്എല്ലിലെ ആവേശപ്പോരില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. തിലക് മൈതാനിയില്‍ രണ്ടിനെതിരേ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. 10 പേരായി ചുരുങ്ങിയിട്ടും രണ്ടാം പകുതിയില്‍ ജോര്‍ദാന്‍ മുറേ നേടിയ ഇരട്ടഗോളാണ് ജയമൊരുക്കിയത്. രണ്ടാം ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും 10ാം സ്ഥാനത്തേക്കുയര്‍ന്നു. ഇരുടീമും 10 വീതം മല്‍സരം കളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സിന് ഒമ്പതും ജംഷഡ്പൂരിന് 13 ഉം പോയിന്റാണുള്ളത്. ഐഎസ്എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ജംഷഡ്പൂരിനെ മഞ്ഞപ്പട തോല്‍പ്പിക്കുന്നത്.

തിലക് മൈതാനിയില്‍ ജംഷഡ്പൂര്‍ 4-3-1-2 ശൈലിയിലും ബ്ലാസ്‌റ്റേഴ്‌സ് 4-4-2 ഫോര്‍മേഷനിലുമാണ് ഇറങ്ങിയത്. ഒഡീഷയ്‌ക്കെതിരായ വന്‍ തോല്‍വി മറക്കാന്‍ മഞ്ഞപ്പട മൈതാനത്തെത്തിയത് മൂന്ന് മാറ്റങ്ങളുമായി. ആക്രമണനിരയില്‍ ഗാരി ഹൂപ്പറും ജോര്‍ദാന്‍ മുറേയും മടങ്ങിയെത്തിയപ്പോള്‍ നിഷു കുമാറിന് പകരം കോസ്റ്റയും ആദ്യ ഇലവനിലെത്തി. അതേസമയം, ഒരൊറ്റ മാറ്റമായിരുന്നു ജംഷഡ്പൂര്‍ ഇലവനില്‍. ലോറന്‍സോയുടെ മടങ്ങിവരവ് മാത്രമാണ് കോച്ച് കോയ്ല്‍ വരുത്തിയത്.

വമ്പന്‍ മാറ്റങ്ങളുമായി ഇറങ്ങിയതിന്റെ വ്യത്യസ്തത ആദ്യ മിനിറ്റുമുതല്‍ മൈതാനത്ത് കാട്ടി ബ്ലാസ്റ്റേഴ്‌സ്. 12ാം മിനുറ്റില്‍ ഹൂപ്പറുടെ അളന്നുമുറിച്ച പാസ് രഹനേഷ് മാത്രം മുന്നില്‍ നില്‍ക്കെ മുറേയുടെ കാല്‍കളില്‍ എത്തിയെങ്കിലും പന്ത് ഗോള്‍ബാറിന് മുകളിലൂടെ പറന്നു. 16ാം മിനുറ്റില്‍ അടുത്ത അപകടം സൃഷ്ടിച്ച് ഹൂപ്പറുടെ ഷോട്ട്. അവസരമൊരുക്കിയത് മുറേ. എന്നാല്‍, ഇത്തവണയും പന്ത് ബാറിന് മുകളിലൂടെ പോയി. എന്നാല്‍, 22ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന് സുവര്‍ണ പ്രതീക്ഷയൊരുക്കി ബോക്‌സിന് പുറത്ത് ഫ്രീകിക്ക് ഭാഗ്യം.


മൈതാനത്തിന്റെ ഇടതുഭാഗത്തുനിന്ന് ഫ്രീകിക്ക് എടുത്തത് ഫക്കുണ്ടോ പെരേര. പെരേരയുടെ മഴവില്‍ കിക്ക് ബോക്‌സിലേക്ക് കുതിച്ചെത്തിയ കോസ്റ്റ അതിമനോഹരമായി ഹെഡ് ചെയ്ത് ജംഷഡ്പൂരിന്റെ വലയിലാക്കി(1-0). തൊട്ടുപിന്നാലെ സമനില നേടാനുള്ള ജംഷഡ്പൂരിന്റെ ശ്രമം ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തു. വാല്‍സ്‌കിസിന്റെ ബുള്ളറ്റ് ഹെഡര്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി ആല്‍ബിനോ ഗോമസ് പറന്ന് തടുക്കുകയായിരുന്നു.

എന്നാല്‍, 36ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ഫ്രീകിക്ക് വഴങ്ങിയത് അപകടമായി. ഇടത് ഭാഗത്തുനിന്ന് വാല്‍സ്‌കിസ് തൊടുത്ത കലക്കന്‍ ഫ്രീകിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ആല്‍ബിനോയ്ക്ക് ഒരവസരം പോലും നല്‍കാതെ നേരിട്ട് വലയിലെത്തി. ഇതോടെ ഗോള്‍നില 1-1 ലായി. മറ്റൊരു മല്‍സരത്തില്‍ കൂടി ലീഡെടുത്ത ശേഷം ബ്ലാസ്റ്റേഴ്‌സിന് നിരാശ. പിന്നാലെയും ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ചെങ്കിലും 45 മിനിറ്റും രണ്ട് മിനിറ്റ് ഇഞ്ചുറി ടൈമും പൂര്‍ത്തിയാവുമ്പോള്‍ ലീഡ് തിരിച്ചുപിടിക്കാനായില്ല.


രണ്ടാംപകുതിയില്‍ 48ാം മിനിറ്റില്‍ ജംഷഡ്പൂര്‍ ആദ്യകോര്‍ണര്‍ നേടി. എന്നാല്‍, കോസ്റ്റ തട്ടിയകറ്റി. 52ാം മിനിറ്റില്‍ സൈഡ് വോളിക്കുള്ള ജാക്കിചന്ദിന്റെ ശ്രമം പോസ്റ്റിനെ ഉരുമി കടന്നുപോയി. പിന്നീടങ്ങോട്ട് ബ്ലാസ്റ്റേഴ്‌സ് അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നെങ്കിലും ഗോള്‍ മാറിനിന്നു. 66ാം മിനിറ്റില്‍ ഭാഗ്യം ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷയ്‌ക്കെത്തി. ജാക്കി ചന്ദിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. 66ാം മിനുറ്റില്‍ ജാക്കിചന്ദിനെ സെന്‍ട്രല്‍ സര്‍ക്കിളില്‍ വച്ച് ഫൗള്‍ ചെയ്തതിന് ലാല്‍റുവത്താര ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ബ്ലാസ്റ്റേഴ്‌സ് അംഗസംഖ്യ പത്തായി ചുരുങ്ങി.

73ാം മിനിറ്റില്‍ ഹൂപ്പറിനെ പിന്‍വലിച്ച് രോഹിത് കുമാറിനെ മഞ്ഞപ്പട ഇറക്കി. 79ാം മിനുറ്റില്‍ ഫക്കുണ്ടോ പെരേരയുടെ ഷോട്ട് രഹ്നേഷ് തടുത്തെങ്കിലും റീബൗണ്ട് മുറേ വല തൊടീച്ചതോടെ ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നില്‍(2-1). 81ാം മിനിറ്റില്‍ സഹലിന് പകരം മറ്റൊരു മലയാളി രാഹുലെത്തി. 81ാം മിനിറ്റില്‍ ജംഷഡ്പൂര്‍ ഗോളി രഹ്നേഷിന് പിഴച്ചപ്പോള്‍ അവസരം മുതലെടുത്ത മുറേ ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ കണ്ടെത്തി (3-1). പെരേരയുടെ ഷോട്ട് രഹ്നേഷിന് അനായാസമായിരുന്നെങ്കിലും കൈയില്‍നിന്ന് വഴുതിയപ്പോള്‍ മുറേ മുതലാക്കുകയായിരുന്നു.

രണ്ട് മിനിറ്റിന്റെ ഇടവേളയില്‍ വാല്‍സ്‌കിസിലൂടെ ജംഷഡ്പൂര്‍ തിരിച്ചടിച്ചു. ബ്ലാസ്റ്റേഴ്‌സ് മധ്യനിരയുടെ പിഴവില്‍നിന്ന് പന്തുമായി കുതിച്ച വാല്‍സ്‌കിസ് പന്ത് മുബഷറിന് മറിച്ചുനല്‍കി. എന്നാല്‍, മുബഷിര്‍ മനോഹര ക്രോസ് നല്‍കിയപ്പോള്‍ നല്‍കിയ വാല്‍സ്‌കിസ് ചാടിയുയര്‍ന്ന് പന്ത് വലയിലാക്കി. (3-2) ആറ് മിനിറ്റാണ് മല്‍സരത്തിന് ഇഞ്ചുറി ടൈം അനുവദിച്ചത്. എന്നാല്‍, ലീഡ് നിലനിര്‍ത്തി ബ്ലാസ്റ്റേഴ്‌സ് സീസണിലെ രണ്ടാം ജയം സ്വന്തം പേരിലാക്കി. 15 ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.

Next Story

RELATED STORIES

Share it