Football

ഐഎസ്എല്‍: ചെന്നൈയിനെതിരേ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി

ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ ചെന്നൈന്‍ എഫിസിയോട് പരാജയപ്പെട്ടത്. ആന്ദ്രേ ഷെംബ്രി, ലല്ലിയന്‍സുവാല ചങ്‌തെ, നെറിജുസ് വാല്‍സ്‌കിസ് എന്നിവരാണ് ചെന്നൈയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.

ഐഎസ്എല്‍: ചെന്നൈയിനെതിരേ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി
X

ചെന്നൈ: ഐഎസ്എലില്‍ രണ്ടാം വിജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈയിന്‍ എഫ്‌സിയോട് തോല്‍വി ഏറ്റുവാങ്ങി.ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ ചെന്നൈന്‍ എഫിസിയോട് പരാജയപ്പെട്ടത്. ആന്ദ്രേ ഷെംബ്രി, ലല്ലിയന്‍സുവാല ചങ്‌തെ, നെറിജുസ് വാല്‍സ്‌കിസ് എന്നിവരാണ് ചെന്നൈയിനിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ബ്ലാസ്റ്റേഴ്‌സിനായി ക്യാപ്റ്റന്‍ ബര്‍തലോമിയോ ഒഗ്‌ബെച്ചെയാണ് ഗോള്‍ നേടിയത്. ഒമ്പത് കളിയില്‍ ഏഴ് പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്.

ചെന്നൈയിന് എട്ട് കളിയില്‍ ഒമ്പത് പോയിന്റായി. മുന്നേറ്റത്തില്‍ ബര്‍തലോമിയോ ഒഗ്‌ബെച്ചെയും പ്രതിരോധത്തില്‍ ജെസെല്‍ കര്‍ണെയ്‌റോയും അണിനിരത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിനെതിരേ മല്‍സരത്തിനിറങ്ങിയത്. മുന്നേറ്റത്തില്‍ ഒഗ്‌ബെച്ചെയ്‌ക്കൊപ്പം റാഫേല്‍ മെസി ബൗളിയെത്തി. മധ്യനിരയില്‍ സെയ്ത്യാസെന്‍ സിങ്, കെ പ്രശാന്ത്, മരിയോ അര്‍ക്യൂസ്, ജീക്‌സണ്‍ സിങ് എന്നിവരും പ്രതിരോധത്തില്‍ മുഹമ്മദ് റാക്കിപ്, രാജു ഗെയ്ക്ക്വാദ്, വ്‌ളാട്‌കോ ഡ്രൊബറോവ് എന്നിവരും നിരന്നപ്പോള്‍ ഗോള്‍വല കാക്കാനിറങ്ങിയത് ടി പി രെഹ്നേഷിനായിയിരുന്നു.


രണ്ടുമാറ്റങ്ങളുമായാണ് ചെന്നൈയിന്‍ എഫ്‌സി ബ്ലാസ്‌റ്റേഴ്‌സിനെ നേരിടാനിറങ്ങിയത്. മുന്നേറ്റത്തില്‍ ആന്‍ഡ്രേ ഷെംബ്രി, നെറിജുസ് വാല്‍സ്‌കിസ് എന്നിവരായിരുന്നു. അനിരുദ്ധ് ഥാപ്പ, എഡ്വിന്‍ ഹെന്റി, ലല്ലിയന്‍സുവാല ചങ്‌തെ, ജെര്‍മന്‍പ്രീത് സിങ് എന്നിവര്‍ മധ്യനിരയില്‍. ക്യാപ്റ്റന്‍ ലൂയിയാന്‍ ഗോയിയാന്‍, എലി സാബിയ, തൊന്‍ഡോങ്ബ, റാഫേല്‍ ക്രിവെല്ലറോ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു പ്രതിരോധം. വിശാല്‍ കെയ്ത് ആയിരുന്നു ഗോള്‍കീപ്പര്‍. കളി തുടങ്ങി നാലാം മിനിറ്റില്‍തന്നെ ബ്ലാസ്‌റ്റേഴസിനെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയിന്റെ ഷെംബ്രിഗോള്‍ നേടി. ഒമ്പതാം മിനിറ്റില്‍ രാജു ഗെയ്ക്ക്വാദ് മൈതാനത്തിന്റെ മധ്യഭാഗത്തുനിന്ന് തൊടുത്ത പന്ത് മെസി ബൗളിക്ക് കിട്ടി. ചെന്നൈയിന്‍ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്ത് തട്ടിയകറ്റി. 14ാം മിനിറ്റില്‍ ചെന്നൈയിന്‍ ഗോള്‍ ഏരിയയില്‍വച്ച് ഒഗ്‌ബെച്ചെയെ എലി സാബിയ വീഴ്ത്തി. ബ്ലാസ്‌റ്റേഴ്‌സിന് ഫ്രീകിക്ക്.

ഒഗ്‌ബെച്ചെ ഫ്രീകിക്ക് മരിയോ അര്‍ക്യൂസിലേക്ക് തട്ടിയിട്ടു. അര്‍ക്യൂസ് വീണ്ടും ക്യാപ്റ്റനിലേക്ക്. ഒഗ്‌ബെച്ചെയുടെ മിന്നല്‍പ്രഹരത്തില്‍ ചെന്നൈന്‍ എഫ്‌സിയുടെ വല കുലുങ്ങി (1-1). 25ാം മിനിറ്റില്‍ വിവാദനീക്കത്തിലൂടെ ചെന്നൈയിന്‍ മുന്നിലെത്തി. അനിരുദ്ധ് ഥാപ്പ ബ്ലാസ്‌റ്റേഴ്‌സ് താരത്തെ ഫൗള്‍ ചെയ്തു. റഫറി ഫ്രീകിക്ക് നല്‍കിയില്ല. ഇതിനിടെ വാല്‍സ്‌കിസ് ഫ്രീകിക്കെടുത്തു. പന്തുമായി ചെന്നൈയിന്‍ താരങ്ങള്‍ മുന്നേറി. വാല്‍സ്‌കിസ് ഗോളുമടിച്ചു. ബ്ലാസ്‌റ്റേഴ്‌സ് കളിക്കാര്‍ പ്രതിഷേധിച്ചതോടെ റഫറി ചെന്നൈയിന് ഗോള്‍ അനുവദിച്ചില്ല. എന്നാല്‍, തൊട്ടടുത്ത നിമിഷംതന്നെ ചെന്നൈയിന്‍ ഇതിന് പ്രതികാരം ചെയ്തു. ചങ്‌തെയാണ് ചെന്നൈയിനായി രണ്ടാം ഗോള്‍ നേടിയത്.

10 മിനിറ്റിനിടെ മൂന്നാം ഗോളും ചെന്നൈയിന്‍ സ്വന്തമാക്കി. ചങ്‌തെ ഉയര്‍ത്തിവിട്ട പന്ത് തടയാനായി ഡ്രൊബറോവ് ഓടിയെത്തിയെങ്കിലും ഒഴിവാക്കാനായില്ല. പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചപ്പോള്‍ ഓടിയെത്തിയ വാല്‍സ്‌കിസിന് എളുപ്പത്തില്‍ പന്ത് വലയിലായി (3-1). ഇതിനിടയില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ ഒഗ്‌ബെച്ചെയ്ക്കിന് പകരം മുഹമ്മദ് നിങ് ഇറങ്ങി. രണ്ടാംപകുതിയില്‍ മെസി ബൗളി ബോക്‌സിലേക്ക് പന്തുമായി കുതിച്ചെത്തിയെങ്കിലും ചെന്നൈയിന്‍ പ്രതിരോധം തടഞ്ഞു. ചെന്നൈയിനിന്റെ ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത്തും ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ ശ്രമങ്ങളെ തടഞ്ഞു. കളിയുടെ അവസാന നിമിഷം ചെന്നൈയിനിന്റെ എലി സാബിയ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. ഡിസംബര്‍ 28ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മല്‍സരം. കൊച്ചിയിലാണ് കളി.

Next Story

RELATED STORIES

Share it