Football

ഐഎസ്എല്‍: ഒഡീഷയോടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്സ് എഫ്സി-2 ഒഡിഷ എഫ്സി-4.ജാര്‍ദാന്‍ മറെയിലൂടെ തുടക്കത്തിലേ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് ഹാട്രിക് നേടിയ ദ്യേഗോ മൗറീസിയോയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ പകരക്കാരനായെത്തിയ ഗാരി ഹൂപ്പറാണ് സ്വന്തമാക്കിയത്

ഐഎസ്എല്‍: ഒഡീഷയോടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്
X

ജിംഎസി സ്റ്റേഡിയം ബാംബൊലിം (ഗോവ): ഗോള്‍ മഴ പെയ്ത മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയോടും തോല്‍വി വഴങ്ങി. ലീഡ് നേടിയ ശേഷം 2-4നാണ് തോറ്റത്. ജോര്‍ദാന്‍ മറെയിലൂടെ തുടക്കത്തിലേ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് ഹാട്രിക് നേടിയ ദ്യേഗോ മൗറീസിയോയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോള്‍ പകരക്കാരനായെത്തിയ ഗാരി ഹൂപ്പറാണ് സ്വന്തമാക്കിയത്. ഒഡീഷ ഗോള്‍ കീപ്പര്‍ അര്‍ഷ്ദീപ് സിങിന്റെ എണ്ണം പറഞ്ഞ സേവുകളും ബ്ലാസ്റ്റേഴ്സിനെ വിജയത്തില്‍ നിന്നും തടയുകയായിരുന്നു. ഒഡീഷയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ സ്റ്റീവന്‍ ടെയ്ലറും ഗോളടിച്ചു. ഒമ്പത് കളിയില്‍ ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

പ്രതിരോധത്തില്‍ അബ്ദുള്‍ ഹക്കുവിനെ തിരിച്ചുവിളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷയ്ക്കെതിരെ ഇറങ്ങിയത്. മധ്യനിരയില്‍ കെ പി രാഹുലും തിരിച്ചെത്തി. പ്രതിരോധത്തില്‍ ഇന്ത്യന്‍ സഖ്യമായിരുന്നു നിലയുറപ്പിച്ചത്. നിഷു കുമാര്‍, സന്ദീപ് സിങ്, ഹക്കു, ജെസെല്‍ കര്‍ണെയ്റോ എന്നിവര്‍ അണിനിരന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, രാഹുല്‍, വിസെന്റ് ഗോമെസ്, ജീക്സണ്‍ സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ ഫക്കുണ്ടോ പെരേരയും ജോര്‍ദാന്‍ മറെയും. ഗോള്‍ കീപ്പര്‍ ആല്‍ബിനോ ഗോമെസ്. ഒഡീഷയുടെ മുന്നേറ്റനിരയില്‍ ദ്യേഗോ മൗറീസിയോ, ഡാനിയേല്‍ ലാലിംപുയ എന്നിവരായിരുന്നു. മധ്യനിരയില്‍ ജെറി മാവിമിങ്തംഗ, ഹെന്റി അന്റോണെയ്, വിനിത് റായ്, കോള്‍ അലെക്സാണ്ടര്‍. ഗൗരവ് ബോറ, സ്റ്റീവന്‍ ടെയ്ലര്‍, ജേക്കബ് ട്രാറ്റ് എന്നിവര്‍ പ്രതിരോധത്തില്‍. ഗോള്‍വലയ്ക്ക് മുന്നില്‍ അര്‍ഷ്ദീപ് സിങ്.


കളി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ ബ്ലാസ്റ്റേഴ്സ് ഒഡീഷ ഗോള്‍ ഏരിയയില്‍ തമ്പടിച്ചു. രാഹുലും സഹലും മറെയും ഒഡീഷ പ്രതിരോധത്തെ വിറപ്പിച്ചു. അഞ്ചാം മിനിറ്റില്‍ മറെയുടെ ഷോട്ട് നേരെ ഒഡീഷ ഗോള്‍ കീപ്പര്‍ അര്‍ഷദീപ് സിങിന്റെ കൈകളിലേക്കാണ് പോയത്. ഏഴാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് കെട്ടുപൊട്ടിച്ചു. ഒന്നാന്തരം മുന്നേറ്റം. മൈതാന മധ്യത്തില്‍വച്ച് പെരേരയുടെ ഫ്രീകിക്ക്. ലോങ് ബോള്‍ നേരെ ഒഡീഷ പോസ്റ്റിന് അരികിലേക്ക്. പ്രതിരോധത്തെ വെട്ടിച്ച് രാഹുല്‍ പന്ത് പിടിച്ചെടുത്തു. ബോക്സിന്റെ വലതുഭാഗത്ത്നിന്ന് ഷോട്ട്. ഗോള്‍ കീപ്പര്‍ അര്‍ഷദീപ് തട്ടിയകറ്റി. എന്നാല്‍ പന്ത് ഇടതുഭാഗത്ത് കാത്തിരിക്കുകയായിരുന്ന മറെയുടെ കാലിലേക്ക്. തകര്‍പ്പന്‍ ഷോട്ടിലൂടെ മറെ വല തകര്‍ത്തു(1-0). ബ്ലാസ്റ്റേഴ്സിന് ലീഡ്. ഗോള്‍ വീണതോടെ ബ്ലാസ്റ്റേഴ്സ് കരുത്തോടെ മുന്നേറി.

ഒഡീഷയുടെ ജെറി ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വിട്ടുകൊടുത്തില്ല. പതിനാലാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും ഗോളിന് അരികിലെത്തി. ഗോമെസിന്റെ കരുത്തുറ്റ അടി അര്‍ഷ്ദീപ് തട്ടിയകറ്റുകയായിരുന്നു. പതിനെട്ടാം മിനിറ്റില്‍ ലാലിംപുയയുടെ ഗോള്‍ ശ്രമം നിഷു കുമാര്‍ തടഞ്ഞു. 22ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്സ് ദൗര്‍ഭാഗ്യകരമായി ഗോള്‍ വഴങ്ങി. മൗറീസിയോയുടെ ഷോട്ട് ജീക്സന്റെ കാലില്‍ തട്ടി അകത്തേക്ക് കയറുകയായിരുന്നു. ഗോള്‍ കീപ്പര്‍ ആല്‍ബിനോയ്ക്ക് എത്തിപ്പിടിക്കാനായില്ല(1-1). തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് തിരിച്ചടിക്ക് മുതിര്‍ന്നു. രാഹുലും പെരേരയും വലതുവശം പിടിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ഗോമെസിലേക്ക്. എന്നാല്‍ ഗോമെസിന്റെ ഹെഡര്‍ അര്‍ഷ്ദീപിന്റെ കൈയില്‍ തട്ടി പുറത്തുപോയി.

തൊട്ടടുത്ത നിമിഷം രാഹുലിന്റെ അടുത്ത മുന്നേറ്റം കണ്ടു. ടെയ്ലറെയും ബോറയെയും മറികടന്ന് രാഹുല്‍ ഷോട്ട് പായിച്ചു. അര്‍ഷ്ദീപ് പന്ത് പിടിച്ചു.34ാം മിനിറ്റില്‍ മൗറീസിയോയുടെ അപകടകരമായ നീക്കത്തെ ആല്‍ബിനോ തട്ടിയകറ്റി. നാല്‍പ്പതാം മിനുറ്റില്‍ മറെ ഒരുക്കിയ അവസരം ലക്ഷ്യത്തിലെത്തിക്കാന്‍ രാഹുലിന് കഴിഞ്ഞില്ല. ആദ്യപകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെയായിരുന്നു ഒഡീഷയുടെ രണ്ടാം ഗോള്‍. ജെറിയുടെ ഫ്രീകിക്ക് ബോക്സിലേക്ക് പറന്നു. ഗോള്‍മുഖത്ത് തക്കം പാര്‍ത്തുനിന്ന് ടെയ്ലര്‍ക്ക് പന്ത് കിട്ടി. ടെയ്ലര്‍ ആല്‍ബിനോയെ കീഴടക്കി(1-2).ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നിഷുവിന് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. നിഷുവിന് പകരം ബകാറി കോനെ ഇറങ്ങി. രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഒഡീഷയുടെ ആക്രമണങ്ങള്‍ തടയാന്‍ ബ്ലാസ്റ്റേഴ്സ് ആഞ്ഞുശ്രമിച്ചു. എന്നാല്‍ അമ്പതാം മിനിറ്റില്‍ മൗറീസിയോയുടെ കുതിപ്പ് തടയാനായില്ല. ജെറി തട്ടിയിട്ടുനല്‍കിയ പന്ത് പിടിച്ചെടുത്ത് മുന്നേറിയ മൗറീസിയോ കളിയിലെ തന്റെ രണ്ടാം ഗോളും നേടിയതോടെ ഒഡീഷയുടെ ലീഡ് (1-3) വീണ്ടും ഉയര്‍ന്നു.

ബ്ലാസ്റ്റേഴ്സ് രണ്ട് മാറ്റങ്ങള്‍ കൂടി നടത്തി. രാഹുലിന് പകരം ഗാരി ഹൂപ്പറും സന്ദീപിന് പകരം കെ പ്രശാന്തും കളത്തിലെത്തി.60ാം മിനിറ്റില്‍ ഹാട്രിക്കിലൂടെ മൗറീസിയോ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. ബോക്സിന് പുറത്തുവച്ചുള്ള കരുത്തുറ്റ ഷോട്ട് ആല്‍ബിനോയെ മറികടന്ന് വലയില്‍കയറി(1-4). പിന്നാലെ പെരേരയുടെ ഉശിരന്‍ ഷോട്ട് അര്‍ഷ്ദീപ് തട്ടിയകറ്റി. കളിയുടെ അവസാന ഘട്ടത്തില്‍ ബ്ലാസ്റ്റേഴ്സ് പൊരുതിക്കളിച്ചു. 79ാം മിനിറ്റില്‍ മറെയുടെ പാസ് ഹൂപ്പര്‍ ഗോളാക്കി മാറ്റി(2-4). ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ സജീവമാക്കിയെങ്കിലും അര്‍ഷ്ദീപിന്റെ സേവുകള്‍ ബ്ലാസ്റ്റേഴ്സിനെ തടഞ്ഞു. പത്തിന് ജംഷഡ്പൂര്‍ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Next Story

RELATED STORIES

Share it