Football

ഐഎസ്എല്‍: കൊച്ചിയില്‍ ബംഗളൂരു ഡേയ്‌സ്

ഐഎസ്എല്‍: കൊച്ചിയില്‍ ബംഗളൂരു ഡേയ്‌സ്
X

കൊച്ചി: ആരാധകരുടെ പ്രാര്‍ത്ഥന ഫലിച്ചു. സമനില കുരുക്കില്‍ നിന്ന് ബ്ലാസ്റ്റേഴ്‌സ് രക്ഷപെട്ടു. പക്ഷെ തോല്‍വിയായിരുന്നു ഫലം. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കരുത്തരായ ബംഗളൂരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. ആദ്യപകുതിയുടെ 17ാം മിനിറ്റില്‍ ഛേത്രിയിലുടെയും രണ്ടാം പകുതിയില്‍ ക്രിമറേവികിന്റെ സെല്‍ഫ് ഗോളിലും ബംഗളൂരു സ്‌കോര്‍ ചെയ്തപ്പോള്‍ 27ാം മിനിറ്റില്‍ സ്റ്റെജോനോവിച്ചിന്റെ പെനല്‍റ്റിയാണ് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസജയം സമ്മാനിച്ചത്.

ജയത്തോടെ ബംഗളൂരു ലീഗില്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ മഞ്ഞപ്പട ആറാം സ്ഥാനത്തേക്കിറങ്ങി. ഇനി ഗോവയ്‌ക്കെതിരെ 11ന് കൊച്ചിയില്‍ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ കളി. തുടര്‍ച്ചയായ സമനിലയിലൂടെ ലീഗില്‍ മുന്നോട്ട് സഞ്ചരിച്ച ബ്ലാസ്റ്റേഴ്‌സിന് ആദ്യ തോല്‍വിയായിരുന്നു ഇന്നലെ സംഭവിച്ചത്. കഴിഞ്ഞ കളിയില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. മധ്യനിരയലേക്ക് മലയാളിതാരം പ്രശാന്തും സൈമണ്‍ ദൗംഗലും മടങ്ങിയെത്തി. മുന്നേറ്റനിരയില്‍ നിന്ന് പൊപ്ലാറ്റ്‌നിക്കിനെ പുറത്തിരുത്തി സ്റ്റൊജാനോവിച്ചിന് ഏക സ്‌ട്രൈക്കറുടെ റോള്‍ നല്‍കി 4-1-4-1 ശൈലിയിലാണ് ഡേവിഡ് ജെയിംസ് അന്തിമ ഇലവനെ ഇറക്കിയത്. മലയാളിതാരം അനസ് എടത്തൊടികയ്ക്ക് ഇക്കുറിയും സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് മടങ്ങിയെത്തുവാന്‍ സാധിച്ചില്ല. മറുവശത്ത് കൊല്‍ക്കത്തയെ തോല്‍പിച്ച ടീമില്‍ നിന്ന് മാറ്റങ്ങളില്ലാതെയാണ് ബംഗളൂരു ഇറങ്ങിയത്.

കൊണ്ടും കൊടുത്തും ഒന്നാം പകുതി

ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ തന്നെ പ്രശാന്ത്-വിനീത് കൂട്ടുകെട്ട് പന്ത് ബംഗളൂരു ബോക്‌സിലെത്തിച്ചെങ്കിലും വിനീതിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്ത്. പിന്നീട് ബംഗളൂരുവിന്റെ ഊഴം. ക്യാപ്റ്റന്‍ ഛേത്രിയും മിക്കുവുമടങ്ങിയ മുന്നേറ്റനിര പതിയെ താളം വീണ്ടെടുത്തതോടെ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ആടിയുലഞ്ഞു. ഒടുവില്‍ 17ാം മിനിറ്റില്‍ ബംഗളൂരു പ്രതീക്ഷിച്ച ലീഡ് നേടി. ഛേത്രിയായിരുന്നു ഗോള്‍സ്‌കോറര്‍. മിക്കു-ഛേത്രി കൂട്ട്‌കെട്ടില്‍ നിന്ന് പിറന്ന ഗോള്‍ ബംഗളൂരുവിന്റെ കളി മികവ് വിളിച്ചോതുന്നതായിരുന്നു. മുന്നിലേക്ക് ഓടിക്കയറിയ മിക്കു പന്ത് ഛേത്രിക്ക് കൈമാറി. തൊട്ടുപിന്നിലുണ്ടായിരുന്ന ജിങ്കനെ കാഴ്ച്ചകാരനാക്കി ഛേത്രിയുടെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് വലയില്‍. ഒരു ഗോള്‍ വീണ ആഘാതത്തില്‍ പിന്നീട് ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു. ഇടതുപാര്‍ശ്വത്തില്‍ അധ്വാനിച്ച് കളിച്ച പ്രശാന്തിന്റെ ഒന്നിലധികം ക്രോസുകളാണ് ബംഗളൂരു ഗോള്‍ പോസ്റ്റ് ഉരുമി പുറത്തേക്ക് പതിച്ചത്. ഒടുവില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായത് മലയാളിതാരം അബ്ദുള്‍ സമദും. ബോക്‌സിനുള്ളിലേക്ക് പന്തുമായി ഇരച്ചെത്തിയ സമദിനെ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി റഫറി പെനല്‍റ്റി വിതിച്ചു. കിക്കെടുത്ത സ്റ്റൊജനോവിച്ചിന് പിഴച്ചില്ല. 27ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി. കഴിഞ്ഞ കളിയില്‍ പെനല്‍റ്റി നഷ്ടപെടുത്തിയ സ്റ്റൊജോനോവിച്ചിന് പ്രായശ്ചിതംകൂട്ടിയായിരുന്നു ആ ഗോള്‍. അപകടകാരിയായ മിക്കുവിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതില്‍ ലാല്‍റുവത്താരയും ലകിക് പെസികും വിജയിച്ചതോടെ പിന്നീട് കാര്യമായ ആക്രമണങ്ങള്‍ക്ക് ആതിഥേയര്‍ ഇടനല്‍കിയില്ല.

ബംഗളൂരുവിന്റെ തിരിച്ചുവരവ്

ലീഡ് നേടി മല്‍സരം കൈപ്പിടിയിലാക്കാനുറച്ചാണ് രണ്ടാം പകുതിയില്‍ ഇരുടീമുകളുമിറങ്ങിയത്. ആദ്യപകുതിയില്‍ നിന്ന് വിഭിന്നമായി ബംഗളൂരു കൂടുതല്‍ ഒത്തിണക്കം ആദ്യമിനിറ്റുകളില്‍ പ്രകടമാക്കുകയും ചെയ്തു. രണ്ടാം പകുതിയുടെ മധ്യത്തിലായപ്പോഴും വിരസതയോടെയാണ് രണ്ട് ടീമും പന്ത് തട്ടിയത്. കാര്യമായ മുന്നേറ്റങ്ങളൊന്നും ഈ സമയങ്ങളില്‍ ഇരുഭാഗത്തുനിന്നുമുണ്ടായില്ല. 71ാം മിനിട്ടിലാണ് പിന്നീട് കളി ചൂട് പിടിച്ചത്.

സ്റ്റോജോനോവികിന്റെ ഷോട്ട് തലപാകത്തിന് വിനീതിലേക്ക് എത്തിയെങ്കിലും മുതലാക്കാനായില്ല. അല്‍പ്പസമയത്തിനുള്ളില്‍ രണ്ടാമതും ബ്ലാസ്റ്റേഴ്‌സിന് അവസരം. ഇക്കുറി പ്രശാന്ത് നീട്ടി നല്‍കിയ ക്രോസ് ഗോളയുടെ കയ്യില്‍ തട്ടില്‍ ബോക്‌സിനുള്ളിലേക്ക് ഉരുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ഒരു കളിക്കാരന്‍ പോലും പരിസരത്തുണ്ടായിരുന്നില്ല. വീണ്ടും സുവര്‍ണാവസരം വിനീതിന്. ഇക്കുറി ഗോളി മാത്രം മുന്നിലുള്ളപ്പോള്‍ ലഭിച്ച പന്ത് ഗോള്‍ വല ലക്ഷ്യമാക്കി വിനീത് തട്ടിവിട്ടെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക്. തൊട്ടുപിന്നാലെ എതിര്‍താരത്തിനോട് കയര്‍ത്തതിന് വിനീതിന് മഞ്ഞക്കാര്‍ഡും. കഷ്ടകാലത്തിന്റെ തുടക്കമായിരുന്നു അത്. 81ാം മിനിട്ടില്‍സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം പ്രഹരം. മിക്കുവിന്റെ ഷോട്ട് ഗോളി തടുത്തെങ്കിലും മധ്യനിരതാരം ക്രിമറേവികിന്റെ ദേഹത്ത് തട്ടി പന്ത് സ്വന്തം വലയിലേക്ക്. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കും മുമ്പ് സര്‍വ്വതും നടന്നുകഴിഞ്ഞു. ബംഗളൂരു ഗോള്‍ ആഘോഷിക്കുമ്പോഴാണ് കാണികള്‍ക്ക് പോലും കാര്യം മനസിലായത്. ആദ്യപകുതിയില്‍ പുറത്തെടുത്ത പോരാട്ടവിര്യം രണ്ടാം പകുതിയില്‍ തുടരാനാകാത്തതാണ് മഞ്ഞപ്പടയ്ക്ക് വിനയായത്. ഒടുവില്‍ ലോംഗ് വിസില്‍ മുഴങ്ങുമ്പോള്‍ ടൂര്‍ണമെന്റിലെ ആദ്യതോല്‍വിയുമായി ബ്ലാസ്റ്റേഴ്‌സ് കളം കാലിയാക്കി.
Next Story

RELATED STORIES

Share it